This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രന്‍, ടി.വി. (1950 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്രന്‍, ടി.വി. (1950 - )

മലയാള, തമിഴ് ചലച്ചിത്രസംവിധായകന്‍. ടി.വി. ചന്ദ്രന്റെ സിനിമകള്‍ അവയുടെ രാഷ്ട്രീയ-സ്ത്രീപക്ഷ കാഴ്ചപ്പാടുകളാല്‍ മലയാളത്തിലെ സമാന്തര ചലച്ചിത്രശാഖയില്‍ ഏറെ ശ്രദ്ധേയങ്ങളാണ്.

നാരായണന്‍ നമ്പ്യാര്‍-കാര്‍ത്ത്യായനി ദമ്പതികളുടെ മകനായി 1950 ന. 23-ന് തലശ്ശേരിയില്‍ ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, ഫാറൂഖ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ടി.വി. ചന്ദ്രന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയിലെ ജോലി രാജിവച്ച ശേഷമാണ് സിനിമയില്‍ സജീവമായത്.

ടി.വി.ചന്ദ്രന്‍ ചിത്രീകരണത്തില്‍

1975-ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത 'കബനീനദി ചുവന്നപ്പോളി'ലൂടെ അഭിനേതാവായി ചലച്ചിത്രരംഗത്തെത്തിയ ഇദ്ദേഹം ബക്കര്‍ ചിത്രങ്ങളുടെ സംവിധാനസഹായിയായി. ഒപ്പം മലയാളസിനിമയിലെ സമാന്തര ചലച്ചിത്രമുന്നേറ്റത്തിന് നേതൃത്വം നല്കിയ ജോണ്‍ എബ്രഹാമിനൊപ്പവും പ്രവര്‍ത്തിച്ചു.

1981-ല്‍ 'കൃഷ്ണന്‍കുട്ടി' എന്ന സിനിമ സംവിധാനം ചെയ്തു. തുടര്‍ന്ന് 1985-ല്‍ 'ഹേമാവിന്‍ കാതലര്‍ഗള്‍' എന്ന തമിഴ്ചിത്രം സംവിധാനം ചെയ്തു. 1989-ല്‍ പുറത്തിറങ്ങിയ 'ആലീസിന്റെ അന്വേഷണ'മാണ് ടി.വി. ചന്ദ്രന്റെ ചലച്ചിത്രജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്. കാണാതായ ഭര്‍ത്താവിനെ തിരഞ്ഞുകൊണ്ടുള്ള ഒരു സ്ത്രീയുടെ സഞ്ചാരത്തിന്റെ കഥയാണ് ആലീസിന്റെ അന്വേഷണം പ്രമേയമാക്കിയത്. ഈ ചിത്രം ലൊക്കാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡണ്‍ ലെപ്പാര്‍ഡ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടു. 1993-ല്‍ പുറത്തിറങ്ങിയ 'പൊന്തന്‍മാട' എന്ന ചിത്രത്തിലൂടെ ടി.വി. ചന്ദ്രന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള അവാര്‍ഡും ലഭിക്കുകയുണ്ടായി. വിമോചനസമരത്തെ പശ്ചാത്തലമാക്കിയ 'ഓര്‍മകള്‍ ഉണ്ടായിരിക്കണം' എന്ന ചിത്രത്തിലൂടെ ടി.വി. ചന്ദ്രന് ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. നിശ്ചിയദാര്‍ഢ്യമുള്ള ഒരു ഗ്രാമീണ സ്ത്രീയുടെ ജീവിതപ്രതിസന്ധികളുടെ കഥപറയുന്ന 'മങ്കമ്മ' നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഇടംനേടി. സ്ത്രീപക്ഷ രചനയായ 'സൂസന്ന'(2000)യിലൂടെ സ്ത്രീയുടെ മനോവ്യാപാരങ്ങളെ ചന്ദ്രന്‍ സമര്‍ഥമായി ചിത്രീകരിച്ചു. 2001-ല്‍ പുറത്തിറങ്ങിയ 'ഡാനി' വലിയ പ്രേക്ഷക അംഗീകാരം നേടി. മലബാറിലെ പരമ്പരാഗത മുസ്ലിം കുടുംബങ്ങളിലെ ശൈശവവിവാഹവും സ്ത്രീകള്‍ നേരിടുന്ന അസ്വാതന്ത്ര്യവും പ്രമേയമാക്കിയ 'പാഠം ഒന്ന് ഒരു വിലാപ'(2003)ത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മീരാജാസ്മിന് മികച്ച നടിയ്ക്കുള്ള ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. ഒപ്പം കുടുംബക്ഷേമത്തിനുള്ള ദേശീയ ബഹുമതിയും നേടി. 2002-ലെ ഗുജറാത്ത് വര്‍ഗീയകലാപങ്ങളുടെ പശ്ചാത്തലം പ്രമേയക്കിയ 'കഥാവശേഷന്‍' (2004), 'വിലാപങ്ങള്‍ക്കപ്പുറം' (2008) എന്നീ ചിത്രങ്ങള്‍ക്കും നിരവധി ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. 2005-ല്‍ പുറത്തിറങ്ങിയ 'ആടുംകുത്തും' ആ വര്‍ഷത്തെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹമായി. സമകാലിക സാമൂഹികപരിസരങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പാര്‍ശ്വവത്കരണവും കൈയേറ്റവും പ്രമേയമാക്കിയ 'ഭൂമിമലയാളം' പ്രമേയത്തിലെന്നപോലെ ആഖ്യാനത്തിലും മലയാളസിനിമയിലെ വേറിട്ട അനുഭവമാണ്. എന്നാല്‍ പതിവു വഴികളില്‍ നിന്നുമാറി 2011-ല്‍ മുഖ്യാധാരാസിനിമയായി പുറത്തുവന്ന ടി.വി. ചന്ദ്രന്റെ 'ശങ്കരനും മോഹനനും' തിയെറ്ററുകളില്‍ വിജയം കണ്ടില്ല.

2008-ല്‍ എം.ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങള്‍' എന്ന ചിത്രത്തില്‍ ടി.വി. ചന്ദ്രന്‍ അഭിനയിച്ചിരുന്നു. സിനിമകള്‍ക്കു പുറമേ ഏതാനും ടെലിഫിലിമുകളും സീരിയലുകളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന അവാര്‍ഡ് നേടിയ 'വരുംവരായ്കള്‍', 'സദാശിവന്റെ കുമ്പസാരം' എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ ടെലിഫിലിമുകളാണ്. തന്റെ രാഷ്ട്രീയദര്‍ശനം എന്നപോലെ ചന്ദ്രന്‍ ചിത്രങ്ങളും പൊതുവേ ഇടതുപക്ഷകാഴ്ചപ്പാടുള്ളവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍