This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രഗുപ്തന്‍ II (380 - 413)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്രഗുപ്തന്‍ II (380 - 413)

ഗുപ്ത രാജവംശത്തിലെ രാജാവ്. സമുദ്രഗുപ്തന്റെയും ദത്താവദിയുടെയും പുത്രനാണ് ഇദ്ദേഹം. ചന്ദ്രഗുപ്ത വിക്രമാദിത്യന്‍ എന്ന പേരിലും അറിയപ്പെടുന്നു. ദേവഗുപ്തന്‍, ദേവരാജന്‍, ദേവശ്രീ എന്നീ പേരുകളുമുണ്ട്. ചൈനീസ് സഞ്ചാരിയായ ഫാഹിയാന്റെ (400-411) യാത്രാവിവരണങ്ങളില്‍നിന്നും, അക്കാലത്തെ നാണയങ്ങളില്‍നിന്നും, മുദ്രകളില്‍നിന്നും, ശിലാലിഖിതങ്ങളില്‍നിന്നുമാണ് ചന്ദ്രഗുപ്തന്‍ II-ന്റെ കാലത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചുമുള്ള അറിവു ലഭിക്കുന്നത്. വിശാഖദത്തിന്റെ ദേവീചന്ദ്രഗുപ്തം, മുദ്രാരാക്ഷസം എന്നീ കൃതികളിലും ഡല്‍ഹിക്കു സമീപമുള്ള മെഹ്റോളിലിഖിതം, ഉദയഗിരി ഗുഹാശാസനം, സാഞ്ചിശിലാശാസനം, മഥുരശിലാശാസനം എന്നീ രേഖകളിലും ഇദ്ദേഹത്തിന്റെ കാലത്തെക്കുറിച്ചുള്ള വിവരം ലഭ്യമാണ്.

അനേകം യുദ്ധങ്ങള്‍ നടത്തി ചന്ദ്രഗുപ്തന്‍ കക രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിച്ചു. പശ്ചിമ മാള്‍വയും സൌരാഷ്ട്രവും ശാകന്മാരില്‍നിന്നും പിടിച്ചെടുത്ത് രാജ്യത്തിന്റെ വിസ്തൃതി അറേബ്യന്‍ സമുദ്രംവരെ വ്യാപിപ്പിച്ചു. 412-ഓടുകൂടി ഗുപ്തന്മാരുടെ അധികാരം പശ്ചിമേന്ത്യയില്‍ സ്ഥാപിച്ചതായി സാഞ്ചിശാസനം സൂചിപ്പിക്കുന്നു. മധ്യേന്ത്യ ഭരിച്ചിരുന്ന വാകാടകന്മാരെ സ്വാധീനിക്കുന്നതിനുവേണ്ടി ഇദ്ദേഹം തന്റെ പുത്രി പ്രഭാവതിയെ വാകാടക രാജാവായ രുദ്രസേനന്‍ II-ന് വിവാഹം ചെയ്തു കൊടുത്തു. രുദ്രസേനന്‍ മരണമടഞ്ഞപ്പോള്‍ കുമാരനായ പ്രവരസേനനുവേണ്ടി പ്രഭാവതി ഭരണം നടത്തിയത് ചന്ദ്രഗുപ്തന്‍ കക-നു സഹായകമായി. വിവാഹബന്ധത്തിലൂടെ മധ്യപ്രദേശിലെ നാഗന്മാരെയും ഇദ്ദേഹം സ്വാധീനിച്ചു. വംഗരാജ്യത്തും ഇദ്ദേഹം തന്റെ അധികാരം നിലനിര്‍ത്തി. ഹിന്ദുക്കുഷ് പര്‍വതനിരയ്ക്കപ്പുറമുള്ള ബാക്ട്രിയയാണെന്നു കരുതപ്പെടുന്ന ബാഹ്ലിക രാജ്യവും ഇദ്ദേഹം കൈവശപ്പെടുത്തിയിരുന്നതായി മെഹ്റോളി ലിഖിതത്തില്‍ കാണുന്നു.

ഇദ്ദേഹത്തിന്റെ കാലത്ത് ഗുപ്തസാമ്രാജ്യത്തില്‍ പാടലിപുത്രത്തിനു പുറമേ ഉജ്ജയിനിയും അയോധ്യയും പ്രമുഖ നഗരങ്ങളായിരുന്നു. ഇദ്ദേഹം സ്വര്‍ണത്തിലും വെള്ളിയിലും ചെമ്പിലുമുള്ള നാണയങ്ങള്‍ പുറപ്പെടുവിച്ചു.

രാജ്യത്തെ പ്രവിശ്യകളും ജില്ലകളുമായി തിരിച്ചാണ് ഇദ്ദേഹം ഭരണം നടത്തിയിരുന്നത്. പ്രവിശ്യാ ഭരണാധികാരികള്‍ 'ഉപാരികന്മാര്‍' എന്നും മന്ത്രിമാര്‍ 'കുമാരമാത്യന്മാര്‍' എന്നും സൈന്യാധിപന്‍ 'ബലാധികരണന്‍' എന്നും പൊലീസ് മേധാവി 'ദണ്ഡപാശാധികരണന്‍' എന്നും പ്രധാന ന്യായാധിപന്‍ 'മഹാദണ്ഡനായകന്‍' എന്നും ക്രമസമാധാനപാലകന്‍ 'വിനയസ്ഥിതി സ്ഥാപകന്‍' എന്നും കാലാള്‍, കുതിരപ്പട എന്നിവയുടെ മേധാവി 'ഭടാശ്വപതി' എന്നും മുഖ്യ ഉപദേഷ്ടാവ് 'മഹാപ്രതിഹാരന്‍' എന്നും അറിയപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് സാംസ്കാരികോന്നമനത്തിനു പ്രാധാന്യം നല്കിയിരുന്നു.

ചന്ദ്രഗുപ്തന്റെ സദസ്സില്‍ നവരത്നങ്ങള്‍ എന്നറിയപ്പെടുന്ന കാളിദാസന്‍ ഉള്‍പ്പെടെയുള്ള 9 പണ്ഡിതന്മാര്‍ ഉണ്ടായിരുന്നതായി കരുതുന്നു. ഇദ്ദേഹം 413-ല്‍ അന്തരിച്ചു. തുടര്‍ന്ന് പുത്രന്‍ കുമാരഗുപ്തന്‍ രാജാവായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍