This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്രഗിരിപ്പുഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്രഗിരിപ്പുഴ

കാസര്‍കോട് ജില്ലയില്‍ കാസര്‍കോട് താലൂക്കിലെ പ്രധാനനദികളിലൊന്ന്. പയസ്വിനി, ചന്ദ്രഗിരി എന്നീ രണ്ടു നദികള്‍ ചേര്‍ന്നാണ് ചന്ദ്രഗിരിപ്പുഴയാകുന്നത്. 1372 മീ. ഉയരത്തിലുള്ള കുടകിലെ റിസര്‍വ് വനങ്ങളില്‍ നിന്ന് പയസ്വിനി ഉദ്ഭവിക്കുന്നു. കുടകിലെ സമ്പാജെ നാട്ടില്‍ നിന്നാണ് ചന്ദ്രഗിരിയുടെ ഉദ്ഭവം. ഉയരം 1200 മീ.

കോയനാട്, ബല്‍നാട, കടാട്ക എന്നീ ചെറുപുഴുകള്‍ പയസ്വിനിയില്‍ സംഗമിക്കുന്നു. കാസര്‍കോടുനിന്ന് 40 കി.മീ. അകലെയുള്ള പെരാജിയില്‍ വച്ചാണ് ഈ നദി കേരളത്തില്‍ പ്രവേശിക്കുന്നത്. പടിക്കൊല്ലി, പുലിക്കൊല്ലി, കുറിക്കൊല്ലി, ഉര്‍ടികാട്ടിക്കൊല്ലി തുടങ്ങിയ മലയരുവികള്‍ പ്രവാഹഗതിയില്‍ ഈ പുഴയോടു ചേരുന്നുണ്ട്. മച്ചുപ്പുരം എന്ന സ്ഥലത്തുവച്ച് പയസ്വിനിയും ചന്ദ്രഗിരിയും ഒന്നാകുന്നു. സമുദ്രത്തിനടുത്തു ചെല്ലുമ്പോള്‍ വീണ്ടും രണ്ടായി പിരിയുന്ന പുഴയുടെ ഇടത്തെ കൈവഴി കായലായി രൂപം കൊള്ളുന്നു. കാസര്‍കോട് തുറമുഖം വികസിപ്പിച്ചിരിക്കുന്നത് ഈ കായലിനോടു ചേര്‍ന്നാണ്.

ചന്ദ്രഗിരിപ്പുഴയ്ക്ക് 105 കി.മീ. നീളമുണ്ട്. ഇതില്‍ 12.5 കി.മീ. ദൂരം ഗതാഗതയോഗ്യമാണ്. 1,406 ച.കി.മീ. വിസ്തൃതിയുള്ള നീര്‍വാര്‍ച്ചാപ്രദേശത്തില്‍ 836 ച.കി.മീ സ്ഥലം കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമാണ്. നദീമുഖത്തിനടുത്തുള്ള 16 കി.മീ. ദൂരം കടല്‍ത്തിരകള്‍ക്കു വിധേയമായിരിക്കുന്നു. നദീതീരം കാര്‍ഷികസമൃദ്ധമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നെല്‍ക്കൃഷിയും ഉയര്‍ന്ന പ്രദേശങ്ങളില്‍ കാപ്പി, ഏലം-തോട്ടങ്ങളും കാണാം. സദാ വെള്ളമുള്ള നദിയാണ് പയസ്വിനി. ജലസേചന സൌകര്യമുണ്ട്. പഴയ തുളുനാടിന്റെയും കോലത്തുനാടിന്റെയും അതിര്‍ത്തി ചന്ദ്രഗിരിപ്പുഴയായിരുന്നു. 1956-ലെ സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്ന് ചന്ദ്രഗിരിപ്പുഴ കേരളത്തിന്റെ ഭാഗമായി.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍