This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:00, 13 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചന്ദനം

സന്റാലേസി (Santalaceae) സസ്യകുടുംബത്തില്‍പ്പെട്ട ഒരിടത്തരം നിത്യഹരിത സുഗന്ധവൃക്ഷം. ശാ.നാ.: സന്റാലം ആല്‍ബം (Santalum album). സംസ്കൃതത്തില്‍ മലയജം, ഭദ്രശ്രീ, ഭോദിവല്ലഭ, ഗന്ധസാരം, ശ്രീഘണ്ഡം എന്നീ പേരുകളിലാണ് ചന്ദനമരം അറിയപ്പെടുന്നത്.

ചന്ദനമരം (ഉള്‍ചിത്രം ചന്ദനത്തടി)

തികച്ചും ഭാരതീയമായ ഒരു വൃക്ഷമാണിത്. ബി.സി. 5-ാം ശതകത്തിനു മുന്‍പ് മുതലേ ചന്ദനം സുഗന്ധദ്രവ്യമായും ഔഷധമായും ഇവിടെ ഉപയോഗിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഇന്തോനേഷ്യയില്‍ മാത്രമേ ചന്ദനമരം നട്ടുവളര്‍ത്തുന്നുള്ളൂ. ഇന്ത്യയിലെ ചന്ദനമരങ്ങളില്‍ ഏതാണ്ട് 75 ശതമാനത്തോളം കര്‍ണാടകയിലെ ശുഷ്കവനങ്ങളിലാണ് വളരുന്നത്. തമിഴ്നാടിനാണ് ചന്ദനഉത്പാദനത്തില്‍ രണ്ടാം സ്ഥാനം. കൂര്‍ഗ്, കോയമ്പത്തൂര്‍, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ ഈ മരം സമൃദ്ധമായി വളരുന്നുണ്ട്. മൂന്നാംസ്ഥാനമര്‍ഹിക്കുന്ന കേരളത്തില്‍ ദേവികുളം, കാസര്‍കോട്, മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങളിലെ വരണ്ട ഇലകൊഴിയും വനങ്ങളില്‍ ചന്ദനം ധാരാളമായി കാണപ്പെടുന്നു. മൂന്നാര്‍ ഡിവിഷനിലെ മറയൂരിലാണ് ഏറ്റവുമധികം ചന്ദനങ്ങള്‍ വളരുന്നത്. അധികം മഴയില്ലാത്ത വനഭാഗങ്ങളാണ് ഇവയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായത്. വേഗത്തില്‍ വെള്ളം വലിഞ്ഞുപോകുന്ന മണ്ണ് ഇതിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. 1300 മീ. വരെ ഉയരമുള്ളതും മഞ്ഞ് അധികമില്ലാത്തതുമായ മലകളില്‍ ചന്ദനമരം സമൃദ്ധമായി വളരും.

ചന്ദനമരത്തൊലിക്ക് ഇരുണ്ട നിറവും പരുപരുപ്പുമുണ്ട്. ഇതില്‍ നെടുകെ വിള്ളലുകളും കാണപ്പെടുന്നു. മറ്റു സസ്യങ്ങളുടെ വേരില്‍ നിന്ന് ആഹാരം ചൂഷണം ചെയ്യുന്ന ഒരു മൂലപരാദ (root parasite) മാണ് ചന്ദനമരം. മുളച്ച് വളരാന്‍ തുടങ്ങി ഏകദേശം ഒരു വര്‍ഷം കഴിയുമ്പോഴേക്കും ആതിഥേയനെ (host) ലഭിച്ചില്ലെങ്കില്‍ തൈകള്‍ ജീവിക്കുവാന്‍ നിവൃത്തിയില്ലാതെ ഉണങ്ങിപ്പോകും. ഈഞ്ച, വേപ്പ്, നെന്മേനിവാക, അക്കേഷ്യ, മഞ്ഞക്കൊന്ന, കുന്നിവാക, ഉങ്ങ്, വന്‍തുടലി, എരുക്ക് തുടങ്ങിയ ആതിഥേയ സസ്യങ്ങളുടെ വേരുകളില്‍ നിന്ന് ഇതിന്റെ ചൂഷണമൂലങ്ങള്‍ ആഹാരപദാര്‍ഥങ്ങള്‍ വലിച്ചെടുക്കും. ഇതിന്റെ പരാദസ്വഭാവംമൂലം വിപുലമായ തോതിലുള്ള കൃഷി നടത്താന്‍ വളരെയേറെ ബുദ്ധിമുട്ടുകളുണ്ട്.

ഇലകള്‍ ചെറുതും അറ്റം കൂര്‍ത്തതും ചെറുപത്രവൃന്തങ്ങളുള്ളവയുമാണ്. സമ്മുഖമായി വിന്യസിച്ചിരിക്കുന്ന ഇവയുടെ മുകള്‍ പരപ്പിനു നല്ല തിളക്കമുണ്ട്. പത്രകക്ഷ്യങ്ങളില്‍ നിന്നാണ് പൂങ്കുലയുണ്ടാകുന്നത്. ചെറിയ കുലകളായിട്ടാണ് പുഷ്പങ്ങളുണ്ടാകുക. പുഷ്പങ്ങള്‍ ചെറുതും മങ്ങിയ നീലലോഹിത നിറമുള്ളതുമാണ്. സാമാന്യം മാംസളമായ നാലു വിദളങ്ങളുണ്ട്. ഇവയുടെ ആധാരം സംയോജിച്ച് ഒരു കപ്പിന്റെ ആകൃതിയായിത്തീര്‍ന്നിരിക്കുന്നു. ദളങ്ങളുടെ അഗ്രം കൂര്‍ത്ത അറ്റത്തോടുകൂടിയ നാലു പാളികളായി വേര്‍പെട്ടുനില്ക്കും. ഈ വിദളപുടക്കപ്പില്‍ നിന്നു നാലു കേസരങ്ങളുണ്ടാകുന്നു. കേസരത്തിന്റെ തന്തുക്കളില്‍ ചെറിയ രോമങ്ങളുണ്ട്. പുഷ്പത്തിന്റെ നടുവിലായി അര്‍ധ അധഃസ്ഥിതമായ അണ്ഡാശയവും ഇതിനുപുറമേയായി നീളം കുറഞ്ഞ ഒരു വര്‍ത്തികയുമുണ്ട്. അണ്ഡാശയം ഏകകോഷ്ഠകീയമാണ്. ഇതിന്റെ ആധാരപ്ളാസന്റയുടെ വശത്തുനിന്നു മൂന്നോ നാലോ നിലംബക ബീജാണ്ഡങ്ങള്‍ (pendulous ovules) ഉണ്ടാകുന്നു. ഫലങ്ങള്‍ക്ക് ആറു മില്ലിമീറ്ററോളം വ്യാസമുണ്ടാവും. ഗോളാകാരമുള്ള ഇവ രസസമൃദ്ധവും നീലകലര്‍ന്ന കറുപ്പുനിറമുള്ളവയുമാണ്. പാകമായ കായ്കള്‍ ശേഖരിച്ച് കഴമ്പു കളഞ്ഞു കഴുകിയുണക്കി ടിന്നിലടച്ചു സൂക്ഷിക്കുന്നു. വിത്തുകള്‍ പാകുന്നതിനുമുന്‍പ് അവയുടെ പുറന്തൊലി നീക്കാനായി ചുരണ്ടുകയോ, വിത്തു അവിയ്ക്കുകയോ, ഒഴുകുന്ന വെള്ളത്തില്‍ കുറേനേരം കെട്ടിയിടുകയോ ചെയ്യുന്നു. വിത്തുകള്‍ നേരിട്ടു വിതച്ചോ പോളിത്തീന്‍ കവറുകളില്‍ മുളപ്പിച്ചശേഷം പറിച്ചു നട്ടോ കൃത്രിമ വളര്‍ത്തല്‍ നടത്താം. പാകി മുപ്പതു ദിവസത്തിനുശേഷം വിത്തുകള്‍ മുളയ്ക്കുന്നു. ചില വിത്തുകള്‍ മുളയ്ക്കാന്‍ 90 ദിവസം വരെയെടുക്കും.

തോട്ടങ്ങളിലെ ഓരോ ഹെക്ടര്‍ സ്ഥലത്തും നാല്പതോ അന്‍പതോ ആതിഥേയമരം നിര്‍ത്തിയിട്ട് ബാക്കിയെല്ലാം മുറിച്ചു നീക്കുന്നു. ജൂണ്‍ മാസാരംഭത്തോടെ ആറു മീ. ഇടവിട്ട് ചെറിയ കുഴികളില്‍ വിത്തുകള്‍ പാകുന്നു. ആതിഥേയ മരങ്ങള്‍ കൂടുതല്‍ ആവശ്യമെങ്കില്‍ പിന്നീട് വച്ചുപിടിപ്പിക്കണം.

ചന്ദനത്തിന്റെ ഫലങ്ങള്‍ പക്ഷികളുടെ ഒരു പ്രിയ ആഹാരമാണ്. പക്ഷികള്‍ കായ്കള്‍ കൊത്തിത്തിന്നശേഷം കുറ്റിക്കാടുകളിലും വേലിപ്പടര്‍പ്പുകളിലും പോയിരുന്നു വിസര്‍ജിക്കുമ്പോള്‍ വിസര്‍ജ്യവസ്തുക്കളോടൊപ്പം വിത്തും അവിടെ വീഴാനിടയാകുന്നു. ഇവ മുളച്ച് തൈകളുണ്ടാകുമ്പോള്‍ കനത്ത ചൂടില്‍നിന്നും മൃഗങ്ങളുടെ മേയലില്‍ നിന്നും ഈ കുറ്റിക്കാടുകള്‍ അവയെ സംരക്ഷിക്കുന്നു. മാത്രമല്ല, ഒരു പരജീവിയായ ഇതിന് അവിടെയുള്ള സസ്യങ്ങള്‍ ആതിഥേയത്വം കൊടുക്കുകയും ചെയ്യുന്നു.

ചന്ദനമരത്തിനു കാര്യമായ രോഗബാധയൊന്നും സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല. കര്‍ണാടകത്തിലും തമിഴ്നാട്ടിലുമുള്ള മരങ്ങള്‍ക്ക് സ്പൈക്ക് എന്ന രോഗം ബാധിക്കാറുണ്ട്. ഇലകള്‍ കുരുടിച്ചു മഞ്ഞനിറമാവുക, ചില്ലകള്‍ മുരടിച്ചു കുറ്റിച്ചൂലുപോലെയാവുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. കുരുടിച്ച ഇലകള്‍ ആണികള്‍ പോലെയിരിക്കുന്നതുകൊണ്ടാണ് സ്പൈക്ക് എന്ന് ഈ രോഗത്തിനു പേരു കിട്ടിയത്. രോഗം ബാധിച്ച മരത്തിന് ഉത്പാദനശേഷി നിശ്ശേഷം നശിക്കുകയും കായികവളര്‍ച്ച വര്‍ധിക്കുകയും ചെയ്യുന്നു. ഇത് ഒരുതരം വൈറസ് രോഗമാണെന്ന് കരുതപ്പെടുന്നു. തടിതുരന്ന് ആര്‍സെനിക് ട്രൈക്ലോറൈന്റിയോ സോഡിയം ആര്‍സെനേറ്റിന്റെയോ ലായനി പുരട്ടിയാല്‍ ഈ രോഗം നിയന്ത്രിക്കാന്‍ കഴിയും. രോഗസംക്രമണത്തെ തടയാനുള്ള ശരിയായമാര്‍ഗം രോഗബാധിത വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുകയാണ്. രോഗം ബാധിച്ച സസ്യകോശങ്ങളുടെ പരിശോധന നടത്തിയപ്പോള്‍ മൈക്കോപ്ളാസ്മപോലുള്ള വസ്തുക്കള്‍ സസ്യകോശങ്ങളില്‍ കാണുകയുണ്ടായി. അതിനാല്‍ ഈ രോഗത്തിന് പ്രതിവിധിയായി ടെട്രാസൈക്ളിന്‍ ഗ്രൂപ്പില്‍പ്പെട്ട ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതും നന്നായിരിക്കും.

ചന്ദനമരത്തിന്റെ വളര്‍ച്ച വളരെ സാവധാനത്തിലാണ്. മുപ്പതും നാല്പതും കൊല്ലങ്ങള്‍ കൊണ്ടേ ഒരു മീറ്ററെങ്കിലും ചുറ്റളവുള്ള തടി ലഭിക്കുകയുള്ളൂ. ഉണങ്ങിയതോ ഉണങ്ങാന്‍ സാധ്യതയുള്ളതോ ആയ മരങ്ങളാണ് വെട്ടാന്‍ തിരഞ്ഞെടുക്കുന്നത്. മരം വെട്ടുമ്പോള്‍ രണ്ടു സെന്റിമീറ്ററിലധികം വ്യാസമുള്ള വേരുകളും മണ്ണില്‍നിന്ന് മാന്തിയെടുക്കുന്നു. വെട്ടിയെടുക്കുന്ന തടികളുടെ ശേഖരണവും വിപണനവും വനംവകുപ്പുതന്നെ നേരിട്ടു നടത്തുന്നു. വേരും തടിയും അറുത്ത് ഒരു മീറ്റര്‍വരെ നീളമുള്ള തുണ്ടുകളാക്കുന്നു. വേര്, തടി, ശാഖ എന്നിവയില്‍ നിന്നു ശേഖരിച്ച കഷണങ്ങളില്‍ പ്രത്യേക നമ്പറിടുന്നു. വനത്തില്‍വച്ചുതന്നെ ഈ കഷണങ്ങളുടെ വെള്ള ചെത്തിക്കളയും അവസാന മിനുസപ്പെടുത്തല്‍ ഡിപ്പോകളിലാണ് ചെയ്യുക. ചെത്തിമിനുക്കിയ ചന്ദനമുട്ടികള്‍ നമ്പര്‍ അനുസരിച്ച് ചേര്‍ത്തുവച്ച് മരത്തിന്റെ ആകൃതിയിലാക്കി ഏതെങ്കിലും കഷണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുന്നു. അതിനുശേഷം ഓരോന്നിന്റെയും അളവും തൂക്കവും എഴുതിവയ്ക്കുന്നു. പിന്നീട് മുട്ടികള്‍, ചെത്തുപൂളുകള്‍, അറക്കപ്പൊടി തുടങ്ങിയവ ഏതാണ്ട് പതിനെട്ടോളം ഗ്രേഡുകളാക്കി തരംതിരിച്ച് ലേലം ചെയ്യുന്നു.

ചന്ദനത്തടിയുടെ പകുതിയിലധികം ഭാഗവും മണമില്ലാത്ത വെള്ളയാണ്. ഗോതമ്പിന്റെ നിറമുള്ള കാതലിന് നല്ല മണമുണ്ട്. ഒരു ക്യൂബിക് ഡെ.മീ. തടിക്ക് ഒരു കി.ഗ്രാം വരെ തൂക്കമുണ്ടാകും. തടിയും വേരും പ്രധാനമായും തൈലമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ചന്ദനമുട്ടികള്‍ ചെറുകഷണങ്ങളാക്കി ബോയിലറുകളിലിട്ട് വെള്ളം ചേര്‍ത്തു തിളപ്പിക്കും. തൈലം കലര്‍ന്ന നീരാവി ബോയിലറില്‍നിന്നു ശേഖരിച്ച് തണുപ്പിച്ച് ചന്ദനത്തൈലം വേര്‍തിരിച്ചെടുക്കുന്നു.

കര്‍ണാടകത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ചന്ദനത്തൈല ഫാക്ടറി സ്ഥാപിതമായത്. ഇപ്പോള്‍ കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളില്‍ ധാരാളം ഫാക്ടറികളുണ്ട്. ഈ രംഗത്ത് സ്വകാര്യ ഫാക്ടറികള്‍ സ്ഥാപിതമായതോടുകൂടി ചന്ദനത്തൈലത്തിന്റെ ഗുണം കുറയുവാനും ഇടയായി. ഇക്കാരണത്താല്‍ ഭാരതസര്‍ക്കാര്‍ ചന്ദനത്തൈലത്തിന്റെ ഗുണനിയന്ത്രണത്തിന് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ചന്ദനത്തൈലത്തിന്റെ പ്രധാനഘടകം സാന്റോള്‍ ആണ്. ഇളം മഞ്ഞനിറമാണിതിന്. ഇത് ആല്‍ക്കഹോളില്‍ ലയിക്കും. ചന്ദനത്തൈലത്തില്‍ ഏകദേശം 90 ശ.മാ. എങ്കിലും സാന്റോള്‍ ഉണ്ടെങ്കിലേ കയറ്റുമതി ചെയ്യാന്‍ അനുവദിക്കൂ. ലോകവിപണിയില്‍ ചന്ദനത്തൈലത്തിന്റെ കുത്തക ഇന്നും ഇന്ത്യയ്ക്കു തന്നെയാണ്.

ചെറിയതരം ഗൃഹോപകരണങ്ങള്‍, ശില്പങ്ങള്‍, ചന്ദനത്തിരി, സുഗന്ധപ്പൊടി, ചന്ദനപ്പൊടി മുതലായവ ഉണ്ടാക്കുന്നതിന് ചന്ദനത്തടി ഉപയോഗിക്കുന്നു. സൌന്ദര്യവര്‍ധക വസ്തുക്കളില്‍ സുഗന്ധദ്രവ്യമായും ഒരു കീടനാശിനിയായും തൈലം ഉപയോഗിക്കുന്നു. ചന്ദനത്തൈലത്തിന് ഔഷധഗുണമുണ്ട്. 'ഡൈസൂറിയ' രോഗചികിത്സയ്ക്ക് ഇതു വളരെ ഫലപ്രദമാണ്. ഇത് മൂത്രവിസര്‍ജനത്തെ ഉത്തേജിപ്പിക്കും. മൂത്രസഞ്ചിക്കുണ്ടാകുന്ന വീക്കം, ഗൊണോറിയ, കഫം, കൃമിശല്യം, പിത്തം, ചുമ, രക്തദോഷം, മൂലരോഗം ഇവയ്ക്ക് ശമനം കിട്ടാന്‍ ഇത് നല്ലൊരു ഔഷധമാണ്. ചന്ദനത്തടി വെള്ളത്തില്‍ അരച്ച് നീരു ബാധിച്ച ഭാഗങ്ങളിലും പനിയുള്ളപ്പോള്‍ നെറ്റിയിലും ത്വഗ്രോഗങ്ങള്‍ ബാധിച്ച ഭാഗങ്ങളിലും പുരട്ടിയാല്‍ ശമനം ലഭിക്കും. സൌന്ദര്യവര്‍ധനക്കായി ചന്ദനം അരച്ചു ശരീരത്തില്‍ പുരട്ടാറുണ്ട്. ചന്ദനത്തിന്റെ മേന്മകളെപ്പറ്റി ഗുണപാഠത്തില്‍ ഇപ്രകാരം വര്‍ണിക്കുന്നു.

'ചന്ദനത്തിന്‍ രസം കയ്പ് ശീതളം രക്തപിത്തജില്‍

വിസര്‍പ്പം വിഷമുള്‍ചൂടും ക്ഷയിക്കും ശുക്ളവര്‍ധനം

ഗുണമൊക്കെയുമീവണ്ണം രക്തമാം ചന്ദനത്തിനും

കണ്ണിനും നന്നിതൊട്ടേറെ രക്തശുദ്ധിക്കുമുത്തമം.'

ഹിന്ദുക്കളുടെ അമ്പലത്തില്‍ പുജയ്ക്കും പ്രസാദമായി നെറ്റിയില്‍ പുരട്ടാനും മറ്റും ചന്ദനം ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ്. പാഴ്സികള്‍ തങ്ങളുടെ അഗ്നിപൂജയില്‍ ഇത് ഉപയോഗിക്കുന്നു. വിശിഷ്ടവ്യക്തികളുടെ ശവദാഹത്തിന് ഇത് വിറകായും അപൂര്‍വമായി ഉപയോഗിക്കാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍