This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചതുര്‍വേദി, ശ്രീനാരായണ്‍ (1895 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചതുര്‍വേദി, ശ്രീനാരായണ്‍ (1895 - )

ഹിന്ദികവിയും പത്രപ്രവര്‍ത്തകനും നിഘണ്ടുകാരനും. 1895-ല്‍ ദ്വാര്‍കപ്രസാദ് ശര്‍മയുടെ പുത്രനായി ഇറ്റാവയില്‍ ജനിച്ചു. പരമ്പരാഗതമായ സംസ്കൃത പഠനമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. തുടര്‍ന്ന് അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തിലും ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസത്തിലും എം.എ. ബിരുദങ്ങള്‍ നേടി. 1926 മുതല്‍ 30 വരെ ജനീവയില്‍ നടന്ന ലീഗ് ഒഫ് നേഷന്‍സിന്റെ വിദ്യാഭ്യാസ കമ്മിറ്റിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പിന്റെ അധ്യക്ഷനായി കുറേക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആകാശവാണി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിട്ടാണ് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്.

രത്നദ്വീപ്, ജീവന്‍ കാല്‍ എന്നീ കവിതാസമാഹാരങ്ങള്‍ 'ശ്രീവര്‍' എന്ന തൂലികാനാമത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചശേഷം 20 വര്‍ഷത്തോളം സരസ്വതി എന്ന ഹിന്ദി മാസികയുടെ പത്രാധിപരായിരുന്നു. അക്കാലത്ത് എഴുതിയിട്ടുള്ള പത്രാധിപക്കുറിപ്പുകള്‍ ഇദ്ദേഹത്തിന്റെ അഗാധപാണ്ഡിത്യത്തിനും ദേശീയ-അന്തര്‍ദേശീയ സംഭവങ്ങളുടെ സൂക്ഷ്മമായ വിശകലന പാടവത്തിനും ഉദാഹരണമാണ്. സരസ്വതിയില്‍ എഴുതിയിട്ടുള്ള തൂലികാചിത്രങ്ങള്‍ വാവന്‍ സ്മരണ്‍ എന്ന പേരില്‍ സമാഹാരിച്ചിട്ടുണ്ട്. വ്യത്യസ്ത മാനങ്ങളുള്ള ഹിന്ദിയിലെ ആദ്യത്തെ വിജ്ഞാനകോശമായ വിശ്വഭാരതിയുടെ എഡിറ്റര്‍ ശ്രീനാരായണ്‍ ആയിരുന്നു.

വിശ്വകാ ഇതിഹാസ്, ഷസക് എന്നീ വിവര്‍ത്തനങ്ങളും വിനോദ് ശര്‍മ അഭിനന്ദന്‍ ഗ്രന്ഥ് എന്ന അക്ഷേപഹാസ്യ കൃതിയുമാണ് മറ്റു പ്രധാന രചനകള്‍. ആധുനിക ഹിന്ദി കാ അധികാല്‍ എന്ന പ്രസംഗപരമ്പരയിലൂടെ ഇദ്ദേഹം 1857 മുതല്‍ 1908 വരെയുള്ള ഹിന്ദി സാഹിത്യത്തിലെ മുഖ്യപ്രവണതകളെ വിശദീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍