This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചതുരപ്പയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:03, 13 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചതുരപ്പയര്‍

Winged Bean

ചതുരപ്പയര്‍

ലെഗുമിനോസെ സസ്യകുലത്തില്‍പ്പെട്ട ഒരു പയറിനം. ശാ.നാ. സോഫോകാര്‍പസ് ടെട്രാഗോണോലോഡസ് (Psophocarpus tetragonolodus). വിങ്ഡ് ബീന്‍, ഗോവ ബീന്‍, മാനില ബീന്‍, പ്രിന്‍സെസ് പീ, അസ്പരാഗസ് പീ, ഫോര്‍ ആംഗിള്‍ഡ് ബീന്‍ എന്നീ പേരുകളിലും ചതുരപ്പയര്‍ അറിയപ്പെടുന്നു. വള്ളിപ്പയറിലും ചീരയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ എട്ടുമടങ്ങും ബീന്‍സിലും ക്യാരറ്റിലും ഉള്ളതിനേക്കാള്‍ 30 മടങ്ങ് മാംസ്യവും ഉണ്ട്. സമൂലം ഭക്ഷ്യയോഗ്യമായ ഇത് ഇറച്ചിപ്പയര്‍ എന്നും അറിയപ്പെടുന്നു. ഇന്ത്യ, മ്യാന്‍മര്‍, തായ്ലന്‍ഡ്, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഘാന, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ തമിഴ്നാട്, കേരളം, കര്‍ണാടകം, ഒഡിഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഗോവയിലും ഇതിന്റെ കൃഷി ധാരാളമായുണ്ട്.

ചതുരപ്പയര്‍ പടര്‍ന്നു കയറുന്ന ഒരു വള്ളിച്ചെടിയാണ്. വള്ളികള്‍ക്ക് പച്ചയോ ഇളം ചുവപ്പോ നിറം ആയിരിക്കും. ഇലകള്‍ അണ്ഡാകൃതിയിലുള്ളതും മൂന്നു പത്രങ്ങളോടുകൂടിയവയുമാണ്. ഏകാന്തരന്യാസത്തിലുള്ള ഇലകള്‍ക്ക് ചുവട്ടില്‍ ഒരു അനുപര്‍ണമുണ്ട്. ഇലകള്‍ക്ക് ഏകദേശം 15 സെ.മീ. നീളം കാണും. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് റസീം പുഷ്പമഞ്ജരിയുണ്ടാകുന്നു. ഓരോ പൂങ്കുലയിലും ഇളം നീലനിറമുള്ള ധാരാളം പുഷ്പങ്ങളുണ്ട്. വെളുപ്പോ ഇളം ചുവപ്പോ നിറമുള്ള പൂക്കളോടുകൂടിയ ഇനങ്ങളും ഉണ്ട്. നാലു ചിറകുകളുള്ള (ചതുഷ്കോണുള്ള) പോഡ് ആണ് കായ്കള്‍. പോഡുകളുടെ നീളവും ആകൃതിയും വ്യത്യാസപ്പെട്ടിരിക്കും. ചിറകുകളുടെ മാര്‍ജിനുകള്‍ ദന്തുരമാണ്. ഒരു കായില്‍ നീണ്ടു മെലിഞ്ഞ 5 മുതല്‍ 40 വരെ ചെറിയ വിത്തുകളുണ്ടായിരിക്കും.

ചതുരപ്പയറിന്റെ വള്ളിയും ഇലകളും ഓരോ വര്‍ഷവും നശിച്ചുപോകുമെങ്കിലും കിഴങ്ങ് മണ്ണില്‍ത്തന്നെ നിലനില്ക്കുന്നു. ഇതില്‍നിന്ന് അടുത്ത മഴക്കാലം വരുമ്പോള്‍ വള്ളിയും ഇലകളും ഉണ്ടാകും. ഈ ചെടിയുടെ വേരുകളിലുള്ള മൂലാര്‍ബുദങ്ങളില്‍ അന്തരീക്ഷ നൈട്രജയൌഗീകരണം നടക്കുന്നു. തന്മൂലം മണ്ണിന്റെ വളപുഷ്ടി വര്‍ധിപ്പിക്കാന്‍ ഈ ചെടിയുടെ കൃഷി ഉതകും. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ 'രേവതി' അത്യുത്പാദശേഷിയുള്ള ഇനം ചതുരപ്പയറാണ്.

രണ്ടുദിവസം വെള്ളത്തില്‍ കുതിര്‍ത്ത വിത്തുകള്‍ മണ്ണില്‍ ചെറിയ വരമ്പുകോരി നടുന്നു. ദിവസവും ജലസേചനം നടത്തണം. പത്തുദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കുന്നു. വള്ളിയാകാന്‍ തുടങ്ങുമ്പോഴേക്കും അവയ്ക്ക് കയറിപ്പടരാന്‍ വേണ്ട സംവിധാനം ഒരുക്കേണ്ടതാണ്.

പ്രത്യേകിച്ച് കീടങ്ങളൊന്നും ഈ ചെടിയെ അധികം ആക്രമിക്കാറില്ല. എഫിഡുകള്‍ ഇലകളെ നശിപ്പിക്കാറുണ്ടെങ്കിലും അത് ഉത്പാദനത്തെ കാര്യമായി ബാധിക്കാറില്ല.

മൂപ്പെത്താത്ത കായ്കള്‍ പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇലകളും പൂക്കളും, ഇളം തണ്ടുകളും ഉണങ്ങിയ കായ്കളിലെ വിത്തുകളും കറിവയ്ക്കാന്‍ നല്ലതാണ്. സുമാത്രയിലും ജാവയിലും ഇലയുടെ ചാറ് കണ്ണിനും ചെവിക്കും ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ഔഷധമായുപയോഗിക്കുന്നു. ശ്രീലങ്കയില്‍ പ്രമേഹരോഗികള്‍ക്കുള്ള സമ്പൂര്‍ണാഹാരമായി ചതുരപ്പയറിനെ കണക്കാക്കിവരുന്നു. മലേഷ്യയില്‍ വസൂരിക്കുള്ള പച്ചമരുന്നുകളില്‍ ഒന്നായും ചതുരപ്പയര്‍ ഉപയോഗപ്പെടുത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍