This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചതവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചതവ്

ഇടിച്ചുവീഴുകയോ അടിയേല്ക്കുകയോ ചെയ്യുമ്പോള്‍ ശരീരഭാഗങ്ങളില്‍ ക്ഷതം ഏല്ക്കുന്നതുകൊണ്ടു സംഭവിക്കുന്ന നിറഭേദം. ശരീരം ചതയുമ്പോള്‍ മുറിവോ രക്തപ്രവാഹമോ ഉണ്ടാകുന്നില്ല. കരിനീല നിറത്തില്‍ രക്തം കട്ടപിടിക്കുകയാണ് ചെയ്യുന്നത്. വൈദ്യശാസ്ത്രത്തില്‍ ഈ അവസ്ഥയ്ക്ക് എക്കിമോസിസ് (echymosis) എന്നുപറയുന്നു. പരിക്കേറ്റ രക്തക്കുഴലുകളില്‍ നിന്നു പ്രവഹിക്കുന്ന രക്തമാണ് തൊലിക്കുള്ളിലോ പേശികളിലോ (hematoma) കരിനീലിച്ചു കാണുക. രക്തത്തിന്റെ ചുവപ്പുനിറം കടുംനീലയോ കറുപ്പോ ആയിത്തോന്നുന്നത് പ്രകാശ പ്രകീര്‍ണനം കൊണ്ടാണ് (ടിന്റാള്‍ പ്രഭാവം). പ്രകാശരശ്മികള്‍ കൊഴുത്ത മാധ്യമത്തിലൂടെ (ഇവിടെ ചര്‍മം) കടക്കുമ്പോള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ ഘടകങ്ങള്‍ (നീലതരംഗം) തരംഗദൈര്‍ഘ്യം കൂടിയ(ചുവപ്പുതരംഗം)വയെക്കാള്‍ പിന്നിലേക്കും പാര്‍ശ്വങ്ങളിലേക്കും ചിതറും. ഇതിന്റെ ഫലമായി നീലനിറത്തിന്റെ പ്രതിഫലനം ഉണ്ടാകുന്നു. രക്തം ചര്‍മത്തിന്റെ മുകളിലേക്ക് വരുമ്പോള്‍ സ്തരത്തിന് നീലനിറം കൂടുതല്‍ പ്രതിഫലിപ്പിക്കത്തക്ക കട്ടി ഇല്ലാതാവുന്നതിനാല്‍ ക്ഷതമേല്ക്കുന്നിടം ചുവപ്പായോ മാന്തളിര്‍ നിറമായോ കാണപ്പെടും.

ചതവുപറ്റി ഏതാനും ആഴ്ച കഴിയുമ്പോള്‍ രക്തത്തിലെ ചുവന്ന കോശങ്ങള്‍ ക്ഷയിക്കുകയും അവയുടെ ചുവന്ന വര്‍ണകം (ഹീമോഗ്ലോബിന്‍) മഞ്ഞകലര്‍ന്ന തവിട്ടുനിറം ആര്‍ജിക്കുകയും ചെയ്യും (ഹീമോഡിസെറിന്‍). ഈ വര്‍ണവ്യതിയാനങ്ങള്‍ ക്രമമായി ചതഞ്ഞ ഭാഗത്തുകാണാന്‍ കഴിയും. ചുവന്ന രക്തകോശങ്ങള്‍ ക്ഷയിക്കുമ്പോള്‍ പ്രത്യേകതരം ശ്വേതരക്ത കോശങ്ങള്‍ (മാക്രോ ഫേജസ്) ആ സ്ഥലത്ത് പ്രവേശിക്കുകയോ കോശാംശങ്ങളിലും ഹീമോഡിസെറിനിലും ഊറിക്കൂടുകയോ ചെയ്യും. അങ്ങനെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചതവ് ഭേദമാകുന്നു.

ചിലയാളുകളുടെ ശരീരങ്ങളില്‍ പെട്ടെന്ന് ചതവ് ഏല്ക്കാറുണ്ട്. അവരുടെ ഞരമ്പുകള്‍ പെട്ടെന്ന് മുറിയുന്നതുകൊണ്ടാവാമിത്. ചതവിന്റെ സ്വഭാവവും അത് ഏറ്റഭാഗത്തിന്റെ പ്രാധാന്യവുമനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക. ചില സന്ദര്‍ഭങ്ങളില്‍ കട്ടപിടിച്ചു കിടക്കുന്ന രക്തം ശസ്ത്രക്രിയ ചെയ്തു നീക്കേണ്ടിവരും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%A4%E0%B4%B5%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍