This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചണ്ഡാലഭിക്ഷുകി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചണ്ഡാലഭിക്ഷുകി

മഹാകവി കുമാരനാശാന്റെ ഒരു ഖണ്ഡകാവ്യം. 1922-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത് ഉള്ളൂര്‍ എസ്. പരമേശ്വരയ്യരാണ്. ജാതിമത ചിന്തകളും അനാചാരങ്ങളും കൊണ്ട് ദുഷിച്ച ഹിന്ദുസമുദായത്തെ പുനരുദ്ധരിക്കുക എന്നതായിരുന്നു ചണ്ഡാലഭിക്ഷുകിയുടെ രചനാലക്ഷ്യം. ബുദ്ധമത സംബന്ധമായ ഒരു പ്രാസംഗിക വൃത്താന്ത ശകലമാണ് ഇതിലെ കഥാവസ്തു എന്നു മുഖവുരയില്‍ ആശാന്‍ പറഞ്ഞിട്ടുണ്ട്. പ്രൊഫ. ലക്ഷ്മി നരസുവിന്റെ ദി എസെന്‍സ് ഒഫ് ബുദ്ധിസം എന്ന പുസ്തകത്തില്‍ നിന്നും മൂലകഥ എടുത്ത് ഗ്രന്ഥത്തിന്റെ ആമുഖമായി ചേര്‍ത്തിട്ടുണ്ട്.

ശ്രീബുദ്ധന്റെ ശിഷ്യനായ ആനന്ദഭിക്ഷു ഉച്ചനേരത്തെ യാത്രാക്ഷീണം തീര്‍ക്കാന്‍ ചാമര്‍ വര്‍ഗത്തില്‍പ്പെട്ട അധഃകൃത കന്യകയായ മാതംഗിയില്‍ നിന്നും ജലം വാങ്ങി കുടിച്ചു. യുവയോഗിയുടെ തേജസ്സില്‍ ആകൃഷ്ടയായ ചണ്ഡാലപ്പെണ്‍കൊടി അദ്ദേഹത്തെ അന്വേഷിച്ച് ബുദ്ധവിഹാരത്തില്‍ എത്തിച്ചേര്‍ന്നു. ഭഗവാന്‍ ബുദ്ധന്‍ അവള്‍ക്ക് വിമലോപദേശം നല്കി. ആനന്ദനില്‍ ജനിച്ച പ്രേമത്തെ വിശ്വപ്രേമമായി വികസിപ്പിക്കുകയും അവളെ ഭിക്ഷുകീമന്ദിരത്തില്‍ അന്തേവാസിയായി ചേര്‍ക്കുകയും ചെയ്തു. നാട്ടിലും കൊട്ടാരത്തിലും ഈ വാര്‍ത്ത പരന്നു. പ്രസേനജിത്തെന്ന രാജാവ് ബുദ്ധവിഹാരത്തിലെത്തി; ചണ്ഡാല കന്യകയെ ഭിക്ഷുകിയായി സ്വീകരിച്ചതിലുള്ള അനൗചിത്യത്തെക്കുറിച്ച് ബുദ്ധദേവനോട് ചോദിച്ചു. ജാതിക്കും മതത്തിനും അതീതമായ വിശ്വമാനവികതയെക്കുറിച്ചും മനുഷ്യസ്നേഹമെന്ന മഹിതമായ സന്ദേശത്തെക്കുറിച്ചും വിശദീകരിച്ച് ജാതിവ്യവസ്ഥയുടെ നിരര്‍ഥകത ബോധ്യമാക്കി ബുദ്ധഭഗവാന്‍ രാജാവിനെ മടക്കിയയയ്ക്കുന്നു.

ദുരവസ്ഥയിലെ ഇതിവൃത്തവുമായി ഇതിലെ പ്രമേയത്തിനുള്ള സാദൃശ്യത്തെ മുന്‍നിര്‍ത്തി ചണ്ഡാലഭിക്ഷുകിയെ 'ദുരവസ്ഥയുടെ സഹോദരി' എന്നാണ് ആശാന്‍ തന്നെ വിശേഷിപ്പിച്ചിട്ടുള്ളത്. ആശയ പ്രചാരണത്തിനു മുന്‍തൂക്കം നല്കിയിട്ടുള്ള ഈ കൃതിയെ ആ കാലഘട്ടത്തിന്റെ ചരിത്ര പശ്ചാത്തലവും സാമൂഹിക വ്യവസ്ഥിതിയും കൂടി കണക്കിലെടുത്തുവേണം വിലയിരുത്തുവാന്‍.

'സ്നേഹത്തില്‍ നിന്നുദിക്കുന്നു-ലോകം

സ്നേഹത്താല്‍ വൃദ്ധിതേടുന്നു.

സ്നേഹം താന്‍ ശക്തി ജഗത്തില്‍-സ്വയം

സനേഹം താനാനന്ദമാര്‍ക്കും.'

മുതലായ പ്രസിദ്ധമായ വരികള്‍ ഈ കൃതിയിലുള്ളതാണ്. ജാതിമതാദികള്‍ക്കതീതവും സ്നേഹപ്രചോദിതമായ മാനുഷിക ബന്ധത്തിലും ഐക്യത്തിലും അധിഷ്ഠിതവുമായ സമുദായ സ്ഥിതിയാണ് കവിയുടെ ആദര്‍ശം. ദേശീയമായ ഉദ്ഗ്രഥനത്തിന് വൈകാരികമായ പ്രേരണയരുളുന്ന കൃതിയാണ് ചണ്ഡാലഭിക്ഷുകി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍