This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചണയെണ്ണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:02, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചണയെണ്ണ

ചണക്കുരു(ലിന്‍സീഡ് അഥവാ ഫ്ളാക്സ് സീഡ്)വില്‍നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ. ലിനേസീ (Linaceae) സസ്യകുടുംബത്തിലെ അംഗമാണ് ചണം. സാധാരണയായി തവിട്ടുനിറത്തില്‍ കാണപ്പെടുന്ന ഇതിന്റെ വിത്തില്‍ 33 മുതല്‍ 43 വരെ ശ.മാ. എണ്ണ അടങ്ങിയിരിക്കും. അര്‍ജന്റീന, ഇന്ത്യ, റഷ്യ, യു.എസ്., കാനഡ എന്നീ രാജ്യങ്ങളിലാണ് ചണയെണ്ണ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ ഉത്പാദനം പ്രതിവര്‍ഷം 1,30,680 ടണ്ണാണ്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ചണം ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്നത്.

വിത്തില്‍ നിന്നും എണ്ണ വേര്‍തിരിച്ചെടുക്കുന്നതിന് സാധാരണയായി ദ്രവചാലിതമര്‍ദമുപയോഗിക്കുന്നു. എന്നാല്‍ എണ്ണ പൂര്‍ണമായും ഉത്പാദിപ്പിക്കുന്നതിന് വിലായകനിഷ്കര്‍ഷണ (solvent extraction) രീതി ഉപയോഗിക്കുന്നു. മറ്റ് എണ്ണകളെക്കാള്‍ ചണയെണ്ണയ്ക്ക് ശ്യാനത (viscosity) കൂടും. വായു സമ്പര്‍ക്കമുണ്ടായാല്‍ ഖരീഭവിക്കും. ഇക്കാരണത്താല്‍ ചണയെണ്ണയെ ശോഷണ (drying) എണ്ണ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചണയെണ്ണയില്‍ അപൂരിത കൊഴുപ്പമ്ളങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. പ്രധാനപ്പെട്ട ഗ്ളിസറൈഡുകള്‍ ലീനോലിനേറ്റ് (55 ശ.മാ.), ഒലിയേറ്റ് (18 ശ.മാ.), ലിനോലിയേറ്റ് (17 ശ.മാ.), പൂരിത ഗ്ളിസറൈഡുകള്‍ (10 ശ.മാ) എന്നിവയാണ്. ചണയെണ്ണയിലെ മുഖ്യ കൊഴുപ്പമ്ളം ലിനോലെനിക് ആണ്.

CH3 – CH2 – CH = CH – CH2 – CH = CH – CH2 – CH = CH – CH2 –(CH2)6 – COOH)

ലിനോലെനിക് അമ്ളത്തിന്റെ പ്രത്യേക രാസസ്വഭാവങ്ങളാണ് എണ്ണയുടെ ശോഷകഗുണത്തിനും അയോഡിന്‍ മൂല്യ (175-205) വര്‍ധനയ്ക്കും കാരണം. ചണയെണ്ണയെ ശോഷണാടിസ്ഥാനത്തില്‍ പല ഗ്രേഡുകളായി വിഭജിച്ചിരിക്കുന്നു. ശോഷണഗുണം വര്‍ധിപ്പിക്കാന്‍ ലോഹലവണങ്ങളാണ് (മാങ്ഗനീസ്, ഈയം, കോബാള്‍ട്ട്) സാധാരണ ഉത്പ്രേരകങ്ങളായി ഉപയോഗിക്കുന്നത്.

പെയിന്റ്, വാര്‍ണിഷ്, ലിനോളിയം, ഇനാമല്‍, എമള്‍ഷന്‍, അച്ചടിമഷി എന്നിവ നിര്‍മിക്കാനാണ് ചണയെണ്ണ പ്രധാനമായും ഉപയോഗിക്കുന്നത്. റെസിന്‍, പ്ളാസ്റ്റിക്, ഗ്രീസ്, സ്നേഹകങ്ങള്‍, ഔഷധസോപ്പുകള്‍ എന്നിവയുടെ നിര്‍മാണത്തിനും ചെറിയതോതില്‍ ഉപയോഗിക്കുന്നു. എണ്ണ വേര്‍തിരിയുമ്പോള്‍ അവശേഷിക്കുന്ന പിണ്ണാക്ക് പ്രോട്ടീന്‍ സമൃദ്ധമായ കാലിത്തീറ്റയാണ്. ഇതില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നതിനാല്‍ ജൈവവളമായും ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%A3%E0%B4%AF%E0%B5%86%E0%B4%A3%E0%B5%8D%E0%B4%A3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍