This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചട്ടോപാധ്യായ, ബങ്കിംചന്ദ്ര (1838 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചട്ടോപാധ്യായ, ബങ്കിംചന്ദ്ര (1838 - 94)

ബങ്കിംചന്ദ്ര ചട്ടോപാധ്യായ

ബംഗാളി സാഹിത്യകാരന്‍. യാദവചന്ദ്ര ചാറ്റര്‍ജിയുടെ മകനായി 1838 ജൂണ്‍ 26-ന് കൊല്‍ക്കത്തയില്‍ ജനിച്ചു. സാഹിത്യ പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ച ബങ്കിംചന്ദ്ര, സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ കഥകളും കവിതകളും എഴുതിയിരുന്നു. കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്നും ആദ്യം ബിരുദം നേടിയ രണ്ടു പേരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഇംഗ്ലീഷിലെഴുതിയ രാജ്മോഹന്‍സ് വൈഫ് ആണ് ആദ്യകൃതി. പിന്നീടിദ്ദേഹം ഇംഗ്ലീഷുപേക്ഷിച്ച് ബംഗാളി ഭാഷയില്‍ എഴുതാന്‍ തുടങ്ങി. ദുര്‍ഗേശനന്ദിനി (1865) എന്ന നോവല്‍ പ്രസിദ്ധീകൃതമായതോടെ സാഹിത്യലോകത്ത് ബങ്കിംചന്ദ്ര ശ്രദ്ധാകേന്ദ്രമായി മാറി. മനുഷ്യമനസ്സിന്റെ വിഭ്രാന്തികളും വിഹ്വലതകളും നാടകീയമായി ആവിഷ്കരിക്കുന്ന കൃതിയാണ് കപാലകുണ്ഡല (1866). ഇന്ത്യന്‍ ദേശീയതയുടെയും സ്വരാജ്യസ്നേഹത്തിന്റെയും ജാജ്വല്യമാനമായ പ്രഭ പരത്തുന്ന ശ്രേഷ്ഠ രചനയാണ് മൃണാളിനി (1869). മുപ്പതിലേറെ വര്‍ഷക്കാലം ബംഗാളിന്റെ വിവിധ പ്രദേശങ്ങളില്‍ മജിസ്ട്രേറ്റും സബ്കളക്ടറുമായി ജോലിനോക്കിയ ബങ്കിംചന്ദ്രയ്ക്ക് മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതകളെ അതിന്റെ എല്ലാ വൈവിധ്യങ്ങളോടും കൂടി പൂര്‍ണതയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ അനുഭവസമ്പത്തും ആംഗല സാഹിത്യവുമായുണ്ടായ പരിചയവും 'ബംഗാളി നോവലിന്റെ പിതാവ്' എന്ന സ്ഥാനം തന്റെ രചനകളിലൂടെ നേടിയെടുക്കാന്‍ ഇദ്ദേഹത്തെ സഹായിച്ചു.

1872-ല്‍ ബങ്കിംചന്ദ്രയുടെ പത്രാധിപത്യത്തില്‍ ആരംഭിച്ച വംഗദര്‍ശന്‍ മാസിക വളരെക്കാലം ബംഗാളിസാഹിത്യത്തില്‍ ഒരു ചാലകശക്തിയായി നിലനിന്നു. പ്രസ്തുത മാസികയില്‍ ഇദ്ദേഹം തന്നെ വിവിധവിഷയങ്ങളെ ആസ്പദമാക്കി വളരെയധികം എഴുതുകയും മറ്റുള്ളവരെക്കൊണ്ട് എഴുതിക്കുകയും ചെയ്തത് ബംഗാളി സാഹിത്യത്തിന്റെ നവോത്ഥാനത്തിന് വഴിയൊരുക്കി.

പ്രസിദ്ധമായ വന്ദേമാതരഗാനം (1874) ഇദ്ദേഹത്തിന്റെ ആനന്ദമഠം എന്ന നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ ഭാഗമായി ബങ്കിംചന്ദ്രതന്നെ എഴുതിയിട്ടുള്ളതാണ്.

ഭഗവദ്ഗീതാദര്‍ശനത്തിന്റെ പിന്‍ബലമുള്ള ദേശീയബോധമാണ് ബങ്കിംചന്ദ്രയെ എന്നും നയിച്ചിരുന്നത്. ഒരു ചിത്രകാരന്റെ ചാതുരിയോടെ ഭാവനയുടെ അഭൗമതലങ്ങള്‍ വരച്ചു കാട്ടുന്ന ഇദ്ദേഹത്തിന്റെ പദസ്വാധീനവും ശൈലിയും സവിശേഷതയാര്‍ന്നതാണ്. ബങ്കിംചന്ദ്രയുടെ പ്രസിദ്ധമായ ഒട്ടുമിക്ക കൃതികളും ഇന്ത്യയിലെ മറ്റു പ്രാദേശികഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, ജര്‍മന്‍ തുടങ്ങിയ വിദേശഭാഷകളിലും ഇദ്ദേഹത്തിന്റെ കൃതികള്‍ തര്‍ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. 1894 ഏ. 8-ന് ബങ്കിംചന്ദ്ര അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍