This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചംബല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചംബല്‍

ഇന്ത്യയില്‍ മധ്യപ്രദേശിലും രാജസ്ഥാനിലുമായി വ്യാപിച്ചുകിടക്കുന്ന ചംബല്‍ നദിയുടെ തീരപ്രദേശം. ദുര്‍ഗമ ഭൂപ്രകൃതി, നിബിഡവനങ്ങള്‍ എന്നിവയാല്‍ ചംബല്‍ താഴ്വരകള്‍ കൊള്ളക്കാരുടെ ആവാസകേന്ദ്രങ്ങളായിരുന്നു. കൊള്ളക്കാരുടെ കീഴടങ്ങലിനുശേഷം ചംബല്‍പദ്ധതി ഈ പ്രദേശത്തെ ഫലപുഷ്ടമായ കൃഷിയിടങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.

മധ്യപ്രദേശിലെ 'ബാഘി' വര്‍ഗത്തില്‍പ്പെട്ടവരാണ് ചംബല്‍ കൊള്ളക്കാര്‍. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ഡല്‍ഹിയിലെ സുല്‍ത്താന്മാരും, മുഗളരും തോല്പിച്ച ഒരു വിഭാഗം രജപുത്രരാണ് ഇങ്ങനെയൊരു വിഭാഗമായിത്തീര്‍ന്നത്. ഇവരില്‍ 75 ശ.മാ. റവന്യൂ ഉദ്യോഗസ്ഥരുടെയോ, പൊലീസുകാരുടെയോ അനീതികള്‍ക്ക് ഇരയായിട്ടുള്ളവരായിരുന്നു. സാമൂഹിക തിന്മകള്‍ക്കെതിരായി പോരാടിയിരുന്ന ഇവരുടെ വാസസ്ഥലങ്ങള്‍ അപ്രാപ്യങ്ങളായിരുന്നതിനാല്‍ നിയമത്തിന് ഇവരെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല. വിനോബാ ഭാവെ, ജയപ്രകാശ് നാരായണ്‍ എന്നിവരുടെ ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട കൊള്ളക്കാര്‍ ഗവണ്‍മെന്റിന് ആയുധം വച്ചുകീഴടങ്ങി. 1972-ല്‍ മാത്രം നാനൂറിലധികം പേര്‍ ഇപ്രകാരം കീഴടങ്ങുകയുണ്ടായി. ഇങ്ങനെ, കൊള്ളക്കാരില്‍നിന്നും മുക്തമായതോടെ ചംബല്‍ക്കാട്ടില്‍ കൃഷിയാവശ്യങ്ങള്‍ക്കായി വിനിയോഗിക്കുവാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

2. ചംബല്‍നദി. മധ്യ-പശ്ചിമേന്ത്യയിലെ യമുനാനദിയുടെ പോഷകനദി. രാജസ്ഥാനിലും മധ്യപ്രദേശിലുമായി ജന്മമെടുക്കുന്ന നദികളില്‍വച്ച് ഏറ്റവും നീളം കൂടിയതാണ് ഇത്. ആരവല്ലി നിരകളില്‍ നിന്നുദ്ഭവിക്കുന്ന ഒരു ചെറുനദി വിന്ധ്യാതടങ്ങളില്‍ നിന്നൊഴുകിയെത്തുന്ന മറ്റൊന്നുമായി ചേര്‍ന്നാണ് ചംബല്‍നദിക്കു രൂപം കൊടുക്കുന്നത്. നീളം: 960 കി.മീറ്റര്‍; വീതി 461 മീറ്റര്‍. ഇന്ത്യയില്‍ തെക്കുനിന്നും വടക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയായ ചംബല്‍ വ.കിഴക്കോട്ടും പിന്നെ കിഴക്കോട്ടും ഒഴുകി ഇറ്റാവയ്ക്ക് തെക്കുവച്ച് യമുനയില്‍ ചേരുന്നു.

ഉന്നതതടങ്ങളില്‍നിന്ന് താഴോട്ടൊഴുകിയെത്തുന്ന ചംബല്‍നദി അതിവിസ്തൃതമായ ഒരു തടാകമായിത്തീര്‍ന്നശേഷം കോട്ടായ്ക്കും ചൌരാസിഗഡിനും ഇടയിലുള്ള ഒരു ഇടുങ്ങിയ ചുരത്തിലൂടെ 113 കി.മീ. ദൂരം ഒഴുകുന്നു. ഈ ചുരം അടയ്ക്കുകയാണെങ്കില്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ മനുഷ്യന് നിര്‍മിക്കാവുന്ന ഏറ്റവും വലിയ നദീതടപദ്ധതിയാവും ചംബല്‍പദ്ധതി എന്ന ആശയം വളരെ മുന്‍പുതന്നെ ഉടലെടുത്തിരുന്നു. ഭൂമിശാസ്ത്രപരമായി ഈ നദിക്ക് അനേകലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

3. ചംബല്‍ ജലസേചന പദ്ധതി. ജലസേചനത്തിനും വൈദ്യുതിയുത്പാദനത്തിനുംവേണ്ടി രൂപംകൊണ്ട ചംബല്‍പദ്ധതി അമേരിക്കയുടെ ധനസഹായംകൊണ്ടു പൂര്‍ത്തിയാക്കിയതാണ്. ഈ പദ്ധതിമൂലം 6,00,000 ഹെ. ഭൂമി ജലസേചിതമാകുന്നു. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ജലാശയമായ 'ഗോവിന്ദ് വല്ലഭ് പന്ത് സാഗര്‍' ഈ പദ്ധതിയുടെ ജലസംഭരണിയാണ്. ഇതിന്റെ വിസ്തീര്‍ണം: 461 ച.കി.മീറ്റര്‍. പദ്ധതിയുടെ ആകെ ചെലവ്-64 കോടിരൂപ മധ്യപ്രദേശ്-രാജസ്ഥാന്‍ ഗവണ്‍മെന്റുകള്‍ സംയുക്തമായി വഹിക്കുന്നു. ഈ പദ്ധതിക്കുവേണ്ടി 28 ഗ്രാമങ്ങളിലായി വസിച്ചിരുന്ന 55,000 ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. ചംബല്‍ പ്രദേശത്തെ വ്യവസായവത്കരിക്കാനും അലുമിനിയം, സോഡാ ആഷ്, സിമന്റ് തുടങ്ങിയവയുടെ പ്ലാന്റുകള്‍ സ്ഥാപിക്കാനും വേണ്ടിയായിരുന്നു ഈ പദ്ധതി.

രാഷ്ട്രത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ അന്തര്‍ സംസ്ഥാന സഹകരണത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് ചംബല്‍ പദ്ധതി. ഊര്‍ജോത്പാദനത്തിനും ജലസേചനത്തിനുമായി ചംബല്‍ നദീജലം എങ്ങനെ ഉപയുക്തമാക്കാമെന്ന ചെറുനാട്ടുരാജ്യങ്ങളുടെ പണ്ടേയുള്ള ആലോചനകളുടെ സാക്ഷാത്കാരമായിരുന്നു ഇത്. മധ്യപ്രദേശ്-രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ രൂപവത്കരണശേഷം 'ചംബല്‍ത്തട വികസന പദ്ധതി' എന്നറിയപ്പെടുന്ന ഒരു സംയുക്ത സംരംഭത്തിനു തുടക്കംകുറിക്കുകയും അത് പ്ലാനിങ് കമ്മിഷന്‍ അംഗീകരിക്കുകയും ചെയ്തു. ചംബല്‍ജലം സംയുക്തമായി ഉപയോഗിക്കുന്നതോടൊപ്പം നിര്‍മാണച്ചെലവുകളും ഒരുമിച്ചുതന്നെ വഹിക്കണമെന്നതായിരുന്നു ഇതിലെ പ്രധാന നിര്‍ദേശം.

ഈ പദ്ധതിയുടെ നിര്‍മാണം നാലു ഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ചു.

1.മൂന്നു ജലസംഭരണികളുടെയും അവയോടൊപ്പംതന്നെയുള്ള പവര്‍ ഹൌസുകളുടെയും നിര്‍മാണം.

2.കോട്ടായ്ക്കു സമീപമുള്ള ജലസേചന ബാരേജിന്റെ നിര്‍മാണം.

3.നദിയുടെ ഇരുകരകളിലുമായി കനാല്‍ നിര്‍മിക്കല്‍.

4.ഇരു സംസ്ഥാനങ്ങള്‍ക്കുമായി വൈദ്യുതി സബ് സ്റ്റേഷനുകളുടെ നിര്‍മാണവും ഹൈ-ടെന്‍ഷന്‍ ട്രാന്‍സ്മിഷനുവേണ്ടിയുള്ള സംവിധാനങ്ങളും.

കാഞ്ചര്‍ദാ പീഠഭൂമിയുടെ പ്രവേശനകവാടത്തിലുള്ള മലയിടുക്കില്‍ അണകെട്ടി നിര്‍മിച്ചിരിക്കുന്ന 'ഗാന്ധിസാഗര്‍' എന്ന കൃത്രിമ തടാകം, കോട്ടയ്ക്കടുത്തുള്ള ചംബല്‍ വാലി പ്രോജക്ട് എന്നിവ ഒന്നാം പഞ്ചവത്സരപദ്ധതിയില്‍ (1951-56) ഉള്‍പ്പെട്ടതാണ്. രാജസ്ഥാന്റെയും മധ്യപ്രദേശിന്റെയും അതിര്‍ത്തിയിലുള്ള ചൌരാസിഗഡിലെ ഗാന്ധിസാഗര്‍ അണക്കെട്ടിന്റെ പണി 1954-ലാണ് ആരംഭിച്ചത്. ഇത് പൂര്‍ത്തിയാക്കാന്‍ 18.4 കോടി രൂപ ചെലവായി. ഇവിടെ 1.15 ലക്ഷം കി.വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ അണക്കെട്ടില്‍നിന്നും ഉപയോഗം കഴിഞ്ഞ് ഒഴുകിവരുന്ന വെള്ളം വീണ്ടും തടഞ്ഞുനിര്‍ത്തി അതില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അണക്കെട്ടും വൈദ്യുതി സ്റ്റേഷനും ഉള്‍പ്പെട്ടതാണ് പ്രതാപ്സാഗര്‍ പദ്ധതി. ഇതിലെ കരിങ്കല്‍-അണക്കെട്ടിന് ഉദ്ദേശം 43 മീ. ഉയരമുണ്ട്. 172 മെഗാവാട്ട് വൈദ്യുതി ഇതില്‍നിന്നും ഉത്പാദിപ്പിക്കാം. ഉദ്ദേശം 28 കോടിരൂപ ചെലവുവേണ്ടിവന്ന പ്രതാപ്സാഗര്‍ പദ്ധതി 1970 ഫെ.-യില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പ്രതാപ്സാഗറില്‍ നിന്നും ഉപയോഗം കഴിഞ്ഞൊഴുകിവരുന്ന ജലം വീണ്ടും ഉപയോഗിക്കാനുള്ള ഏര്‍പ്പാടാണ് ജവഹര്‍സാഗറിലുള്ളത്. പ്രതാപ്സാഗറില്‍ നിന്ന് 32 കി.മീ. താഴെ മറ്റൊരു അണക്കെട്ട് നിര്‍മിച്ച് അതിലെ വെള്ളമുപയോഗിച്ച് 10.4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഈ പ്രോജക്ടിന്റെ പണി 1961-ല്‍ ആരംഭിച്ചു. പത്തുകോടി രൂപയാണ് ഇതിനുവേണ്ടി വന്നത്.

(എസ്. കൃഷ്ണയ്യര്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%82%E0%B4%AC%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍