This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘോഷ്, സുധീന്ദ്രനാഥ് (1899 - 1966)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘോഷ്, സുധീന്ദ്രനാഥ് (1899 - 1966)

ബംഗാളിയായ ഇന്തോ-ആംഗ്ളിയന്‍ സാഹിത്യകാരന്‍. പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ 1899 ജൂല. 3-ന് ജനിച്ചു. കല്‍ക്കത്താ സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം ലണ്ടന്‍, സ്ട്രാസ്ബര്‍ഗ് എന്നീ സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്തി. പിന്നീട് ലീഗ് ഒഫ് നേഷന്‍സില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നു. 1940-ല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. 1957-58-ല്‍ കൊല്‍ക്കത്തയിലെ വിശ്വഭാരതിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള കഥപറച്ചിലിന്റെ രീതിയില്‍ ഇംഗ്ലീഷില്‍ നോവല്‍ രചന നടത്തിയ ആദ്യത്തെ ഭാരതീയനാണ് സുധീന്ദ്രനാഥ്ഘോഷ്. സംസ്കൃത കാവ്യശകലങ്ങളും ബംഗാളി നാടോടിഗാനങ്ങളും പഞ്ചതന്ത്രകഥകളും ഐതിഹ്യങ്ങളും ഒക്കെ ഔചിത്യപൂര്‍വം ഇദ്ദേഹം നോവലില്‍ സന്നിവേശിപ്പിക്കുന്നുണ്ട്. ആന്റ് ഗാസല്‍സ് ലീപ്പിങ്, ക്രാഡില്‍ ഒഫ് ദ ക്ലൗഡ്സ്, ദ വെര്‍മീലിയന്‍ ബോട്ട്, ദ ഫ്ളെയിം ഒഫ് ദ ഫോറസ്റ്റ് എന്നിവ ചേര്‍ന്ന നോവല്‍ ചതുഷ്ടയത്തില്‍, അനാഥനായി ബംഗാളില്‍ വളര്‍ന്ന ഒരുവന്റെ ബാല്യകൗമാരയൌവനങ്ങളാണ് ചിത്രീകരിക്കുന്നത്. ഇവയില്‍ നരകതുല്യമായ നഗരജീവിതത്തിന്റെ ചിത്രീകരണത്തോടൊപ്പം പഴമയുടെ മഹിമയും ലാളിത്യവും മുറ്റിനില്‍ക്കുന്ന ഗ്രാമജീവിതത്തിന്റെ മാധുര്യം നുകരലുമുണ്ട്. ഇന്ദ്രന്‍, കൃഷ്ണന്‍, ബുദ്ധന്‍, വിക്രമാദിത്യന്‍ തുടങ്ങിയവര്‍ക്കു പുറമേ, മനുഷ്യരെപ്പോലെ ചിരിക്കുകയും കരയുകയും സംസാരിക്കുകയും ചെയ്യുന്ന മൃഗങ്ങളും ഘോഷിന്റെ നോവലില്‍ പ്രത്യക്ഷപ്പെടുന്നു. ചമ്പൂകാവ്യങ്ങളിലെപ്പോലെ ഗദ്യവും പദ്യവും ഇടകലര്‍ന്നുപോകുന്ന രീതിയും ചിലപ്പോള്‍ സ്വീകരിക്കുന്നുണ്ട്. ഇങ്ങനെ സമസ്തതലങ്ങളിലും ഭാരതീയത പുലര്‍ത്തുന്നവയാണ് ഘോഷിന്റെ നോവലുകള്‍. ദ കളേഴ്സ് ഒഫ് എ ഗ്രേറ്റ് സിറ്റി, റോസറ്റി ആന്‍ഡ് കണ്ടംപററി ക്രിട്ടിസ്സിസം, പോസ്റ്റ്വാര്‍ യൂറോപ്പ്, ഫോക്ടെയില്‍സ് ആന്‍ഡ് ഫെയറി സ്റ്റോറീസ് ഫ്രം ഇന്ത്യ, ഫോക്ടെയില്‍സ് ആന്‍ഡ് ഫെയറി സ്റ്റോറീസ് ഫ്രം ഫാര്‍തര്‍ ഇന്ത്യ എന്നിവയാണ് ഇദ്ദേഹത്തിന്റെ ഇതര കൃതികള്‍. ഘോഷിന്റെ മിക്ക കൃതികളും ഫ്രഞ്ചിലേക്കും ഇംഗ്ലീഷിലേക്കും തര്‍ജുമ ചെയ്യപ്പെട്ടിട്ടിണ്ട്. 1966 ജനു. 3-ന് സുധീന്ദ്രനാഥ്ഘോഷ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍