This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘോഷ്, ശിശിര്‍കുമാര്‍ (1840 - 1911)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:15, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഘോഷ്, ശിശിര്‍കുമാര്‍ (1840 - 1911)

ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍. 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകരില്‍ ഒരാളായ ഇദ്ദേഹം 1840-ല്‍ ജെസ്സോര്‍ ജില്ലയിലെ (ഇപ്പോള്‍ ബാംഗ്ലദേശില്‍) പലുവാ മാഗുരായില്‍ ഹരിനാരായണ്‍ ഘോഷിന്റെയും അമൃതമയിയുടെയും പുത്രനായി ജനിച്ചു.

ഗ്രാമപാഠശാലയില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയശേഷം ജെസ്സോറിലെ ഹൈസ്കൂളിലും പിന്നീട് കൊല്‍ക്കത്തയിലെ കൊളൂറ്റോളാ ബ്രാഞ്ച് സ്കൂളിലും വിദ്യാഭ്യാസം നടത്തി. കല്‍ക്കത്ത സര്‍വകലാശാല ആരംഭിച്ച വര്‍ഷം (1857) ഇദ്ദേഹം സ്കൂളില്‍നിന്ന് കോളജിലേക്കുള്ള പ്രവേശന പരീക്ഷ ജയിച്ചു; സ്കോളര്‍ഷിപ്പും കരസ്ഥമാക്കി. ആ വര്‍ഷത്തെ പ്രവേശന പരീക്ഷ പാസ്സായവരില്‍ ബങ്കിംചന്ദ്ര ചട്ടോപാധ്യായയും ഹേമചന്ദ്ര ബന്ദോപാധ്യായയും ഉള്‍പ്പെടുന്നു. പ്രസിഡന്‍സി കോളജില്‍ എന്‍ജിനീയറിങ്ങിനു ചേര്‍ന്നെങ്കിലും ഇദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ല.

കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥിയായിരുന്നകാലത്ത് വെള്ളക്കാരായ ഭരണാധികാരികളുടെ നിലനില്പിനുപോലും ഭീഷണിയായിരുന്ന ബഹുജനപ്രസ്ഥാനങ്ങളുമായി ഇദ്ദേഹം ബന്ധപ്പെടുകയും അക്കാലത്ത് സാമൂഹിക-രാഷ്ട്രീയരംഗങ്ങളില്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയും ഭരണവര്‍ഗത്തിനു തലവേദന സൃഷ്ടിക്കുകയും ചെയ്തിരുന്ന ഹരീഷ്ചന്ദ്ര മുഖര്‍ജിയുമായി സമ്പര്‍ക്കത്തിലാവുകയും ചെയ്തു. ഹിന്ദു പേട്രിയറ്റിന്റെ എഡിറ്ററായിരുന്ന ഹരീഷ് കര്‍ഷകരെ ചൂഷണം ചെയ്തിരുന്ന നീലത്തോട്ടക്കാരുടെ അതിക്രമങ്ങളെ എതിര്‍ത്തിരുന്നു. നീല-സമരത്തില്‍ ഇതിനകം ഭാഗഭാക്കായിരുന്ന ശിശിര്‍ നീലംകര്‍ഷകരുടെ വിപ്ലവം സംഘടിപ്പിക്കുന്നതില്‍ മുന്‍നിരക്കാരനായി. കര്‍ഷകര്‍ ഇദ്ദേഹത്തെ സ്നേഹപൂര്‍വം 'സിന്നിബാബ' എന്നാണു വിളിച്ചിരുന്നത്. പൊലീസും തോട്ടമുടമകളും ശിശിരിനെ നിഴല്‍പോലെ പിന്തുടര്‍ന്നിരുന്നതുകൊണ്ട് ഇദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലായിരുന്നു. ശിശിരിന്റെയും കൂട്ടരുടെയും ശ്രമഫലമായി വിപ്ലവം വിജയിക്കുകയും നീലം കൃഷിയെ സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാനായി ഒരു കമ്മിഷനെ നിയമിക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമാകുകയും ചെയ്തു.

ഇതിനുശേഷമാണ് ഘോഷ് സഹോദരന്മാര്‍ തങ്ങളുടെ ഗ്രാമത്തില്‍ ഒരു ദിനപത്രം ആരംഭിച്ചത്. ഇളയ സഹോദരന്മാരുടെ മനസ്സില്‍ സ്വദേശാഭിമാന ചിന്തകളും സാമൂഹികസേവനവീര്യവും ഉണര്‍ത്താന്‍ കഴിഞ്ഞ ബസന്ത്കുമാറാണ് ഇതിനു നേതൃത്വം നല്കിയത്. കൊല്‍ക്കത്തയില്‍ നിന്ന് ശിശിര്‍ 32 രൂപയ്ക്കു വാങ്ങിയ പ്രസ്സിലാണ് അമ്മയുടെ പേരിനെ നിലനിര്‍ത്തിക്കൊണ്ട് ബസന്ത് അമൃതപ്രവാഹിനി എന്ന ദ്വൈവാരിക അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. പിതാവിന്റെ ആകസ്മിക മരണത്തെത്തുടര്‍ന്ന് ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു. ജീവസന്ധാരണാര്‍ഥം സഹോദരന്മാര്‍ പല സ്ഥലങ്ങളിലേക്കുപോയി; ബസന്ത് ബങ്കുരയിലേക്കും ശിശിര്‍ കൊന്നഗറിലേക്കും. ഹെഡ്മാസ്റ്ററായി ജോലി ലഭിച്ച ശിശിര്‍ അന്നത്തെ മധ്യമേഖലാ സ്കൂള്‍ ഇന്‍സ്പെക്ടറായ ബുധേവ് മുഖര്‍ജിയുടെ ശ്രദ്ധയ്ക്കു വിധേയനാവുകയും അദ്ദേഹത്തിന്റെ ശുപാര്‍ശയോടെ ഡെപ്യൂട്ടി ഇന്‍സ്പെക്ടറായി ഉയരുകയും ചെയ്തു. നിര്‍ഭാഗ്യങ്ങള്‍ ഘോഷ് കുടുംബത്തെ പിന്തുടര്‍ന്നു കൊണ്ടിരുന്നു. രോഗബാധിതനായി വീട്ടിലെത്തിയ ബസന്ത് അന്തരിച്ചു. ജെസ്സോറിലെ ജില്ലാമജിസ്റ്റ്രേട്ടായിരുന്ന ജെയിംസ് മണ്‍റോ, ഘോഷ് കുടുംബത്തെ സഹായിക്കാനായി ശിശിരിനും ഹേമന്ദിനും ഇന്‍കംടാക്സ് ആഫീസറുടെ ജോലി കൊടുത്തു. ബുധേവ് മുഖര്‍ജിയുടെ അനുമതി കൂടാതെ പുതിയ ജോലിയില്‍ ചേര്‍ന്ന ശിശിരിനെതിരെ ബുധേവ് റിപ്പോര്‍ട്ടു ചെയ്തതോടെ ശിശിരിന്റെ രണ്ടു ജോലികളും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് ശിശിര്‍ പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. സഹോദരനായ ഹേമന്ദിന്റെയും മോത്തിലാലിന്റെയും സഹായത്തോടെ ശിശിര്‍ ജന്മനാട്ടില്‍ അമൃത ബസാര്‍പത്രിക ആരംഭിച്ചു. 1860 ഫെ. 20-നാണ് ഈ ബംഗാളി വാരികയുടെ ആദ്യലക്കം പുറത്തുവരുന്നത്. അടുത്തവര്‍ഷം ഇത് ദ്വിഭാഷാവാരികയാക്കി. 1871 ഒ.-ല്‍ വാരികയുടെ ആസ്ഥാനം കൊല്‍ക്കത്തയിലേക്കു മാറ്റി. ആദ്യം ബൌബസാറിലായിരുന്നു. 1874-ല്‍ ബാഗ്ബസാറിലേക്കു മാറ്റി. വാരികയുടെ പ്രവര്‍ത്തനം മാറ്റിയതോടെ ഘോഷ് കുടുംബവും കൊല്‍ക്കത്തയിലേക്കു പോയി. 1878 മാ. 21 മുതല്‍ ഇത് ഇംഗ്ലീഷ് വാരികയായി. 1891 ഫെ. 19-ന് അമൃതബസാര്‍ പത്രിക ദിനപത്രമായി.

1868 മുതല്‍ 1893 വരെ ശിശിര്‍ ആയിരുന്നു എഡിറ്റര്‍. ഭീഷണി കൊണ്ടോ കൈക്കൂലി കൊടുത്തോ ശിശിരിനെ വശപ്പെടുത്താന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. പത്രികയ്ക്കു വേണ്ട സാമ്പത്തിക സഹായം നല്കാമെന്നു ബംഗാളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ ആഷ്ലി ഈഡന്റെ വാഗ്ദാനം ഇദ്ദേഹം നിരസിക്കുകയാണുണ്ടായത്. ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കെതിരായ നടപടികളെയും നയങ്ങളെയും ഇദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. കോടതികളുടെ ദുര്‍ഭരണം, ഉദ്യോഗസ്ഥന്മാരുടെ നിഷ്ഠൂരമായ പെരുമാറ്റം, ഗേക്ക്വാഡ്-കഷ്മീര്‍ സംഭവങ്ങള്‍, ഇന്ത്യാക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസസൌകര്യങ്ങള്‍ നിഷേധിക്കുന്ന വിദ്യാഭ്യാസനയം, യൂറോപ്യന്‍ ഭരണവര്‍ഗത്തിന്റെ പ്രത്യേകാവകാശങ്ങള്‍, ഇല്‍ബര്‍ട്ട് ബില്‍, പത്രങ്ങളുടെ സ്വാതന്ത്യ്രം തുടങ്ങി പല വിഷയങ്ങളിലും ഇദ്ദേഹം തന്റെ തൂലിക ശക്തമായി ഉപയോഗിച്ചു.

ഒന്നാംതരം രാഷ്ട്രീയ സംഘാടകനായിരുന്ന ശിശിര്‍ നിരവധി രാഷ്ട്രീയ സംഘടനകള്‍ സ്ഥാപിച്ചു. എന്നാല്‍ ഒരിക്കലും നേതൃസ്ഥാനം കൊതിച്ചിരുന്നില്ല. വിദ്യാസമ്പന്നരായ ആയിരക്കണക്കിനു യുവാക്കള്‍ ഇദ്ദേഹത്തെ തങ്ങളുടെ നേതാവായി അംഗീകരിച്ചിരുന്നു. ബാലഗംഗാധരതിലകന്‍ ഇദ്ദേഹത്തെ തന്റെ രാഷ്ട്രീയ ഗുരുവായാണ് കണക്കാക്കിയിരുന്നത്.

നീലവിപ്ലവത്തിന്റെ വിജയത്തിലൂടെ ബഹുജന പ്രസ്ഥാനത്തിന്റെ ശക്തികണ്ടറിഞ്ഞ ശിശിര്‍ അത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും ഒരായുധമാക്കി. രാഷ്ട്രീയാവബോധം ജില്ലകളില്‍ എത്തിക്കുന്നതിനുവേണ്ടി ഇദ്ദേഹം ഡാക്കാ, മൂര്‍ഷിദാബാദ്, ശാന്തിപൂര്‍, റാണാഘട്ട്, ഹൂഗ്ളി, ബാരിസാര്‍, കൃഷ്ണനഗര്‍, ബര്‍ദ്വാന്‍, മൈമെന്‍സിങ് എന്നീ ജില്ലകളില്‍ ജില്ലാതല സംഘടനകള്‍ തുടങ്ങി. ഇടത്തരക്കാര്‍ക്ക് പ്രവേശനം ലഭിക്കത്തക്കവിധം വരിസംഖ്യയില്‍ കുറവുവരുത്താന്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ അസോസിയേഷന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് വിദ്യാസമ്പന്നരായ ഇടത്തരക്കാര്‍ക്ക് രാഷ്ട്രീയ സംഘടനകളില്‍ പ്രവേശനം ലഭിക്കുന്നതിന് അവസരമുണ്ടാക്കാന്‍ വേണ്ടി 1875 സെപ്. 25-ന് ഇദ്ദേഹം ഇന്ത്യാലീഗ് സ്ഥാപിച്ചു. ഇതിന്റെ പ്രവര്‍ത്തനം രണ്ടു വര്‍ഷമേ നിലനിന്നുള്ളുവെങ്കിലും പല രാഷ്ട്രീയ-ഭരണപ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ ഇക്കാലത്ത് ലീഗിനു കഴിഞ്ഞു. കൊല്‍ക്കത്തയിലെ മുന്‍സിപ്പല്‍ ഭരണത്തില്‍ തെരഞ്ഞെടുപ്പു സമ്പ്രദായം പ്രാവര്‍ത്തികമാക്കിയത് ലീഗിന്റെ ശ്രമഫലമായാണ്. ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപിതമായതോടെ ലീഗിനു നിലനില്‍പ്പില്ലാതെയായി. ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തിലും പ്രവര്‍ത്തനരീതിയിലും തൃപ്തനായ ശിശിര്‍ 1884-ല്‍ ഇന്ത്യന്‍ യൂണിയന്‍ എന്ന സംഘടന ആരംഭിച്ചു. ഇതിനും അല്പകാലമേ നിലനില്ക്കാനായുള്ളു.

ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ പ്രചാരമുണ്ടാക്കാനും പാര്‍ലമെന്റിന്റെ ശ്രദ്ധ പിടിച്ചടക്കാനും ഉദ്ദേശിച്ചുകൊണ്ട് ശിശിര്‍ ഇംഗ്ലണ്ടില്‍ ഒരു രാഷ്ട്രീയ ഏജന്‍സി സ്ഥാപിച്ചു. ഈ ഏജന്‍സിയുടെ ചുമതല വഹിച്ചിരുന്ന ഡിഗ്ബിക്ക് അമൃതബസാര്‍ പത്രികയുടെ ഫണ്ടില്‍ നിന്നും പ്രതിമാസം 500 രൂപ നല്കാനും ശിശിര്‍ വ്യവസ്ഥ ചെയ്തു. ഹിരേന്ദ്രനാഥ്ദത്ത കാര്യദര്‍ശിയും ഡിഗ്ബി ലണ്ടനിലെ ഏജന്റുമായി ഒരു ഇന്ത്യാ റിലീഫ് സൊസൈറ്റിയും ശിശിര്‍ തുടങ്ങി (1893). ജയില്‍ ഭരണം, നീതിന്യായ ഭരണം എന്നിവയില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്താന്‍ ഇതിന്റെ സ്ഥാപനം സഹായകമായി.

അക്കാലത്ത് കൊല്‍ക്കത്തയില്‍ പ്രശസ്തരായിരുന്ന രാജാദിഗംബര്‍മിത്ര, ജതീന്ദ്രമോഹന്‍ ടാഗൂര്‍, സൌരേന്ദ്രമോഹന്‍ ടാഗൂര്‍ എന്നിവരുടെ ഉറ്റസുഹൃത്തായിരുന്ന ശിശിരിന്റെ യൂറോപ്യന്‍ സുഹൃത്തായിരുന്നു ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ റിച്ചാര്‍ഡ് ടെമ്പിള്‍. സാമൂഹികരംഗത്ത് നടപ്പാക്കേണ്ട പരിഷ്കാരങ്ങളില്‍ ഉദാരമായ ഒരു സമീപനമാണ് ശിശിര്‍കുമാര്‍ ഘോഷിനുണ്ടായിരുന്നത്. പാശ്ചാത്യവിദ്യാഭ്യാസ സമ്പ്രദായത്തെ പ്രശംസിക്കാറുണ്ടായിരുന്നുവെങ്കിലും ഉന്നത ഇംഗ്ലീഷ് വിദ്യാഭ്യാസ സൌകര്യങ്ങള്‍ നിഷേധിക്കാനും അതിനുവേണ്ടിയുള്ള ധനം പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങള്‍ വ്യാപരിക്കാനും വേണ്ടി ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ ജോര്‍ജ് ക്യാംപ്ബെല്‍ സ്വീകരിച്ച നയത്തെ ഇദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസമാധ്യമത്തിന് അനുയോജ്യമായത് മാതൃഭാഷയാണെന്ന് ഇദ്ദേഹം വാദിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെയും സ്ത്രീവിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിയ ശിശിര്‍ തന്റെ സഹോദരനോട് ചേര്‍ന്ന് തങ്ങളുടെ ഗ്രാമത്തില്‍ ഒരു പ്രാഥമിക വിദ്യാലയവും ബാലികാ വിദ്യാലയവും ആരംഭിച്ചു. കുടില്‍വ്യവസായങ്ങള്‍ക്കു കോട്ടം തട്ടാത്ത രീതിയിലുള്ള ആധുനിക വ്യവസായങ്ങള്‍ ആരംഭിക്കണമെന്ന പക്ഷക്കാരനായിരുന്നു ഇദ്ദേഹം. സാങ്കേതികവിദ്യാലയങ്ങളും കോളജുകളും ആരംഭിക്കണമെന്നും ഇദ്ദേഹം വാദിച്ചു. ജ്യേഷ്ഠസഹോദരന്മാരായ ബസന്തിനോടു ചേര്‍ന്ന് ഇദ്ദേഹം തങ്ങളുടെ ഗ്രാമത്തില്‍ ഒരു വ്യാവസായിക വിദ്യാലയവും ആരംഭിച്ചു.

ജനമേന്മ മുന്‍നിര്‍ത്തി ഘോഷ് സഹോദരന്മാര്‍ തങ്ങളുടെ ജന്മഗ്രാമത്തില്‍ 'ഭാരതിസമാജ്' എന്ന സ്ഥാപനവും ഏതാനും സ്കൂളുകളും ഒരു ഡിസ്പെന്‍സറിയും ഒരു വിപണിയും തുടങ്ങി.

ജ്യേഷ്ഠസഹോദരന്റെ സ്വാധീനംവഴി ഇദ്ദേഹം തന്റെ യൌവനകാലത്ത് ബ്രാഹ്മഭക്തിയിലേക്ക് മതപരിവര്‍ത്തനം ചെയ്തു. എന്നാല്‍ ജീവിതാന്ത്യത്തില്‍ വൈഷ്ണവമതത്തില്‍ ആകൃഷ്ടനാവുകയും 1893 മുതല്‍ മരണം വരെ വൈഷ്ണവോപാസന പ്രചരിപ്പിക്കാന്‍ വേണ്ടി ശ്രമിക്കുകയും ചെയ്തു. ഹിന്ദു സ്പിരിച്വല്‍ മാഗസിന്‍ എന്ന പേരില്‍ ഒരു മാസിക ഇദ്ദേഹം എഡിറ്റു ചെയ്തിരുന്നു. ശ്രീ അമിയ നേമൈ ചരിത്, ശ്രീ കലാചന്ദ്ഗീത, ശ്രീനെമായ് സന്ന്യാസ് (ബംഗാളി), ലോഡ് ഗൌരംഗ (ഇംഗ്ലീഷ്) എന്നിവ വൈഷ്ണവമതസംബന്ധിയായി ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങളാണ്. 1911-ല്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍