This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘോഷ്, ലാല്‍മോഹന്‍ (1849 - 1909)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘോഷ്, ലാല്‍മോഹന്‍ (1849 - 1909)

ബംഗാളി രാഷ്ട്രീയപ്രവര്‍ത്തകന്‍. ബംഗാളിലെ കൃഷ്ണനഗറില്‍ റാംലോചന്‍ ഘോഷിന്റെ രണ്ടാമത്തെ മകനായി 1849 ഡി. 17-ന് ജനിച്ചു. മന്‍മോഹന്‍ ഘോഷ് ഇദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരനാണ്. കൃഷ്ണനഗറില്‍ത്തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കല്‍ക്കത്ത യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസത്തിനുശേഷം 1869-ല്‍ നിയമബിരുദമെടുക്കാന്‍ വേണ്ടി ഇംഗ്ലണ്ടിലേക്കുപോയി മിഡില്‍ ടെമ്പിളില്‍ ചേര്‍ന്നു. 1873-ല്‍ കൊല്‍ക്കത്തയില്‍ അഭിഭാഷകനായി. ബ്രിട്ടീഷ്-ഇന്ത്യന്‍ അസോസിയേഷനിലെ ഒരു അംഗമായിരുന്നു ലാല്‍മോഹന്‍. ഇന്ത്യാക്കാരുടെ വിഷമതകളും ആവശ്യങ്ങളും ബോധ്യപ്പെടുത്താന്‍ വേണ്ടി 1879-ല്‍ ഇദ്ദേഹം ഇംഗ്ലണ്ടിലേക്കുപോയി. പ്രസ് നിയമവും ആയുധനിയമവും റദ്ദാക്കുന്നതിനും, ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മത്സരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ഉയര്‍ന്ന പ്രായപരിധി വര്‍ധിപ്പിക്കുന്നതിനും വേണ്ടി ഹാരിങ്ടണ്‍ പ്രഭുവിനോട് ആവശ്യപ്പെടാന്‍ വേണ്ടിയുള്ള കമ്മിറ്റിയിലെ അംഗമായിരുന്നു ഇദ്ദേഹം. ഇന്ത്യയില്‍ ജനപ്രതിനിധികളുടേതായ നിയമസഭ രൂപവത്കരിക്കുന്നതിനും വാദിച്ചു. ഇല്‍ബര്‍ട്ട് ബില്ലിനെതിരായി ഇന്ത്യയില്‍വച്ചും പിന്നീട് 1883-ല്‍ ഇംഗ്ലണ്ടില്‍ വച്ചും പ്രചാരണം നടത്തി. അതേ വര്‍ഷംതന്നെ ഡെപ്റ്റ്ഫോര്‍ഡില്‍ നിന്നും ലിബറല്‍ കക്ഷി സ്ഥാനാര്‍ഥിയായി കോമണ്‍സ് സഭയിലേക്ക് മത്സരിച്ചു.

ഇന്ത്യന്‍ ദേശീയ പ്രവര്‍ത്തനങ്ങളില്‍ ദാദാബായ് നവ്റോജി, ഡബ്ള്യു.സി. ബാനര്‍ജി, സുരേന്ദ്രനാഥ ബാനര്‍ജി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. 1903 ഡി. 28-30-ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 19-ാം വാര്‍ഷിക (മദ്രാസ്) സമ്മേളനത്തില്‍ വച്ച് ലാല്‍മോഹന്‍ഘോഷ് അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1909 ഒ. 18-ന് ഇദ്ദേഹം കൊല്‍ക്കത്തയില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍