This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘോഷ്, ഗണേഷ് (1900 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘോഷ്, ഗണേഷ് (1900 - 94)

ബംഗാളിലെ വിപ്ലവകാരി. ജെസ്സോര്‍ ജില്ലയിലെ ബിനോദ്പൂര്‍ ഗ്രാമത്തില്‍ 1900-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവായ ബിപിന്‍ ബിഹാരിഘോഷിന് റെയില്‍വേയിലായിരുന്നു ജോലി. ചിറ്റഗോംഗിലെ മുന്‍സിപ്പല്‍ സ്കൂളില്‍ പഠനം തുടങ്ങിയ ഗണേഷ് പിന്നീട് കൊല്‍ക്കത്തയിലെ ജാദവപൂര്‍ എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നു. ഒന്നാം ലോകയുദ്ധത്തിന്റെ അവസാനകാലത്ത് അനന്തസിങ്ങിന്റെ സഹായത്തോടെ വിപ്ലവനേതാവായ സൂര്യസെന്നുമായി പരിചയത്തിലായി. തുടര്‍ന്ന് ഇദ്ദേഹം വിപ്ലവപാര്‍ട്ടിയില്‍ അംഗമായി. 1921-ലെ ഗയാകോണ്‍ഗ്രസ്, വിദ്യാഭ്യാസ ബഹിഷ്കരണത്തിന് ആഹ്വാനം നടത്തിയപ്പോള്‍ അനന്തസിങ്ങും ഗണേഷും കൂടിയാണ് മുന്‍സിപ്പല്‍ സ്കൂളുകളില്‍ ബഹിഷ്കരണം സംഘടിപ്പിച്ചത്. എന്‍ജിനീയറിങ് കോളജില്‍ പഠിക്കുമ്പോള്‍ മണിക്തലാ ബോംബുകേസുമായി ബന്ധപ്പെട്ട് ഘോഷിനെ അറസ്റ്റുചെയ്തു എങ്കിലും വിട്ടയച്ചു. 1924 മുതല്‍ നാലു വര്‍ഷം പല ജയിലുകളിലായി തടവില്‍ കഴിഞ്ഞു. 1928-ല്‍ പുറത്തുവന്ന ഇദ്ദേഹം കൊല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു. 1929-ല്‍ ബംഗാള്‍ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അനന്തസിങ്ങിന്റെയും ഇദ്ദേഹത്തിന്റെയും പ്രവര്‍ത്തനഫലമായി വിപ്ലവപാര്‍ട്ടി കൂടുതല്‍ ശക്തിയാര്‍ജിച്ചു. 1930-ല്‍ സൂര്യസെന്നിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റിന്റെ പ്രധാന കേന്ദ്രങ്ങള്‍ കീഴടക്കി ഒരു വിപ്ലവ ഭരണകൂടം സ്ഥാപിച്ചു. ഇതിനുവേണ്ടിയുള്ള എല്ലാ പ്രകടനപത്രികയും തയ്യാറാക്കിയത് ഇദ്ദേഹമായിരുന്നു.

ഗവണ്‍മെന്റിന്റെ തിരിച്ചടിനിമിത്തം അവിടെ നിന്നും പിന്മാറേണ്ടിവന്നു. ചന്ദ്രനഗറില്‍ വച്ച് പൊലീസുമായി ഏറ്റുമുട്ടി ഇദ്ദേഹം അറസ്റ്റിലായി. 1932-ല്‍ പ്രത്യേകകോടതി ഇദ്ദേഹത്തെ ജീവപര്യന്തം ആന്‍ഡമാനിലേക്കു നാടുകടത്തി. 1946-ല്‍ മോചിതനായ ഇദ്ദേഹം കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ചേര്‍ന്നു. 1952 മുതല്‍ 1967 വരെ ബംഗാള്‍ നിയമസഭാ അംഗമായിരുന്ന ഇദ്ദേഹം 1967-ല്‍ ലോക്സഭാംഗമായി. 1994 ഒ. 16-ന് അന്തരിച്ചു.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍