This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘാട്ടെ, സച്ചിദാനന്ദവിഷ്ണു (1896 - 1970)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘാട്ടെ, സച്ചിദാനന്ദവിഷ്ണു (1896 - 1970)

ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍. 1896 സെപ്. 14-നു കര്‍ണാടകത്തിലെ തെക്കന്‍ കനറ ജില്ലയില്‍ മംഗലാപുരത്ത് ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍ ഘാട്ടെ ജനിച്ചു. ചെറുപ്പം മുതലേ പുരോഗമനചിന്താഗതിയും കലാപവാസനയും ഘാട്ടെ പ്രകടിപ്പിച്ചിരുന്നു. പാരമ്പര്യപ്രകാരമുള്ള പുരോഹിതന്മാര്‍ അടങ്ങുന്ന പിതൃകുടുംബത്തില്‍ ഘാട്ടെ തന്റെ ജാതിചിഹ്നമായ കുടുമ മുറിച്ചു കളഞ്ഞതും കുടുംബത്തിലെ ആരാധനാ വിഗ്രഹമായ സാളഗ്രാമം എടുത്തെറിഞ്ഞതും പില്ക്കാലത്ത് വിപ്ലവകാരിയായി വളര്‍ന്ന ബാലന്റെ ആദ്യകാല കലാപങ്ങളായിരുന്നു. സ്വന്തം നഗരത്തില്‍ത്തന്നെയായിരുന്നു ആദ്യകാല വിദ്യാഭ്യാസം. 1914-ല്‍ ബാസല്‍മിഷന്‍ ഹൈസ്കൂളില്‍ നിന്നും മെട്രിക്കുലേഷനും തുടര്‍ന്ന് സെന്റ് അലോഷ്യസ് കോളജില്‍ നിന്നും 1917-ല്‍ ഇന്റര്‍മീഡിയറ്റും പാസായി. കോളജിനകത്ത് ഇംഗ്ലീഷില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളുവെന്ന നിബന്ധനയ്ക്കെതിരെ പ്രതിഷേധിച്ചതിന് ഘാട്ടെ ശിക്ഷ വാങ്ങി. മുംബൈയിലേക്കു പഠനം മാറ്റിയ ഘാട്ടെ ആദ്യം ബി.കോമിനു ചേര്‍ന്നെങ്കിലും പിന്നീട് ചരിത്രം ഐച്ഛികവിഷയമായെടുത്ത് സെന്റ് സേവിയേഴ്സ് കോളജില്‍ നിന്നു 1923-ല്‍ ബി.എ. (ഓണേഴ്സ്) ബിരുദമെടുത്തു. തുടര്‍ന്ന് ഘാട്ടെ രാഷ്ട്രീയ രംഗത്തേക്കിറങ്ങി. ചൌരിചൌരാ സംഭവത്തെത്തുടര്‍ന്ന് നിസ്സഹകരണ സമരം പിന്‍വലിച്ച മഹാത്മാഗാന്ധിയുടെ നടപടിയില്‍ അസംതൃപ്തരായി പുതിയ സമരമാര്‍ഗങ്ങളിലേക്കും പ്രത്യയശാസ്ത്രങ്ങളിലേക്കും തിരിഞ്ഞ യുവദേശീയ വാദികളില്‍ ഒരാളായിരുന്നു ഘാട്ടെ. ബര്‍ണാഡ് ഷാ, എച്ച്.ജി. വെല്‍സ്, വെബ്ബ് ദമ്പതികള്‍ തുടങ്ങിയവരുടെ കൃതികള്‍ ഘാട്ടെയെ സോഷ്യലിസ്റ്റ് ചിന്തകളിലേക്കു നയിച്ചു. അക്കാലത്ത് മുംബൈയില്‍ സേവനരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആര്‍.ബി. ലോട്ടാവാല എന്ന പുരോഗമനവാദിയുടെ ഗ്രന്ഥങ്ങളും, അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന സി.ജി. ഷാ എന്ന ആദ്യകാല മാര്‍ക്സിസ്റ്റുമായുള്ള ചങ്ങാത്തവും പെറ്റിറ്റ് ലൈബ്രറിയിലെ സന്ദര്‍ശനങ്ങളും ഘാട്ടെയെ ക്രമേണ വിപ്ലവ സോഷ്യലിസത്തിലേക്കും മാര്‍ക്സിസത്തിലേക്കും നയിച്ചു. 1924-ലെ കാണ്‍പൂര്‍ ഗൂഢാലോചനക്കേസില്‍ ഡാങ്കേ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ അറസ്റ്റുചെയ്യപ്പെട്ടപ്പോള്‍ കെ.എന്‍. ജോഗ്ളേക്കര്‍, എസ്.എസ്. മിറാജ്കര്‍ തുടങ്ങിയവരോടുചേര്‍ന്ന് ഒരു ഡിഫന്‍സ് കമ്മിറ്റിയില്‍ ഘാട്ടെ പ്രവര്‍ത്തിച്ചതോടെ ഇദ്ദേഹം പൂര്‍ണമായി രാഷ്ട്രീയ രംഗത്തുവന്നു.

ഒരു കയറ്റിറക്കുമതി കമ്പനിയില്‍ ചേര്‍ന്ന ഘാട്ടെ, ഈ വ്യാപാരത്തില്‍ക്കൂടി രഹസ്യമായി വിദേശത്തു താമസിക്കുന്ന ഇന്ത്യന്‍ വിപ്ലവകാരികളുമായും കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലുമായും ബന്ധം പുലര്‍ത്തിയിരുന്നു. ഇതു കണ്ടുപിടിക്കപ്പെട്ടതോടെ ഘാട്ടെയുടെ ജോലിപോയി. പിന്നിട് ഘാട്ടെ കര്‍ഷകത്തൊഴിലാളി പാര്‍ട്ടികളുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 1927-ല്‍ കൊല്‍ക്കത്തയില്‍ വച്ച് ഇദ്ദേഹത്തെ അറസ്റ്റുചെയ്ത് മുംബൈയിലേക്കു നാടുകടത്തി. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നിര്‍ദേശമനുസരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് മെമ്പറും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഷപൂര്‍ജി ശക്ളവത്ത്വാല (അദ്ദേഹം ഇന്ത്യന്‍ വംശജനായിരുന്നു) 1927-ല്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഘാട്ടെ അദ്ദേഹത്തെ സന്ദര്‍ശിച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തി. ട്രേഡ് യൂണിയനുകളിലും കമ്യൂണിസ്റ്റ് ഗ്രൂപ്പുകളിലും ഘാട്ടെ സജീവമായി പ്രവര്‍ത്തിച്ചു. 1928-ല്‍ മുംബൈയില്‍ നടന്ന തുണിമില്‍ തൊഴിലാളികളുടെ സമരത്തില്‍ ഘാട്ടെ ഗണ്യമായ പങ്കുവഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെയും കര്‍ഷകത്തൊഴിലാളി പാര്‍ട്ടികളെയും ഏകീകരിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്കാന്‍ 1928-ല്‍ കൊല്‍ക്കത്തയിലും 1929-ല്‍ മീററ്റിലും പ്രതിനിധി സമ്മേളനങ്ങള്‍ ചേരുകയുണ്ടായി. അവിടെ രൂപവത്കരിച്ച പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഘാട്ടെ ആയിരുന്നതിനാല്‍ ഇദ്ദേഹത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയെന്ന് ചില ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നു. 1929-ല്‍ മീററ്റ് ഗൂഢാലോചനക്കേസില്‍ ഘാട്ടെയെ തടവിലാക്കി. 1933-ല്‍ മോചിപ്പിക്കപ്പെട്ട ഘാട്ടെ വീണ്ടും കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 1935-ല്‍ ഘാട്ടെയെ വീണ്ടും അറസ്റ്റു ചെയ്തു. അധികം താമസിയാതെ ഇദ്ദേഹം മോചിതനായി. 1936-ല്‍ രൂപവത്കരിക്കപ്പെട്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും ഘാട്ടെ അംഗമായി. ആ വര്‍ഷം പി.സി. ജോഷി ജനറല്‍ സെക്രട്ടറിയായി പുനഃസംഘടിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയില്‍ ഘാട്ടെ അംഗമായിരുന്നു. ദക്ഷിണേന്ത്യയില്‍ നിരോധിതമായിരുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കാന്‍ നിയോഗിക്കപ്പെട്ടത് ഘാട്ടെ ആയിരുന്നു.

ചെന്നൈയില്‍ നിന്നുമാരംഭിച്ച പാര്‍ട്ടിയുടെ ഇംഗ്ലീഷ് മുഖപത്രമായിരുന്ന നാഷണല്‍ ഫ്രണ്ടിന്റെ പ്രസാധകനും പത്രാധിപരും ഘാട്ടെയായിരുന്നു. ഇക്കാലത്ത് കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ സ്ഥാപിച്ച് വളര്‍ത്തുന്നതില്‍ ഘാട്ടെ പ്രധാന പങ്കു വഹിച്ചിരുന്നു. പില്ക്കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പേരെടുത്ത ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ഗോപാലന്‍, പി. രാമമൂര്‍ത്തി, പി. സുന്ദരയ്യ തുടങ്ങിയ പലരെയും പ്രസ്ഥാനത്തില്‍ കൊണ്ടുവരുന്നതില്‍ ഘാട്ടെക്കു വ്യക്തിപരമായി വലിയ പങ്കുണ്ടായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ഇന്ത്യയിലെ യുദ്ധവിരുദ്ധ, സാമ്രാജ്യവിരുദ്ധപ്രവര്‍ത്തനഫലമായി 1940 മാ.-ല്‍ ഘാട്ടെ തടവിലായി. ആദ്യം തമിഴ്നാട്ടിലെ വെല്ലൂര്‍ ജയിലിലും, തുടര്‍ന്ന് രാജസ്ഥാനിലെ ദേവ്ലി കരുതല്‍ തടങ്കല്‍ പാളയത്തിലും പിന്നീട് മദ്രാസ് പ്രവിശ്യയിലെ രാജമുണ്‍ഡ്രിയിലും ആയി 1944 വരെ കഴിച്ചുകൂട്ടി. ഘാട്ടെ തടവിലായിരുന്നപ്പോള്‍ ചേര്‍ന്ന 1943-ലെ ഒന്നാം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ഇദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. മോചിതനായശേഷം കേന്ദ്ര നേതൃത്വത്തിന്റെ ചുമതലയേല്ക്കാന്‍ മുംബൈയില്‍ എത്തിയ ഘാട്ടെ 1970 വരെ കേന്ദ്രകമ്മിറ്റി അംഗം, കേന്ദ്ര ഖജാന്‍ജി, കേന്ദ്രകണ്‍ട്രോള്‍ കമ്മിഷന്‍ അംഗം തുടങ്ങിയ പല സ്ഥാനങ്ങളും വഹിച്ചുപോന്നു. 1964-ല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം സി.പി.ഐ. (എം) ഉം, സി.പി.ഐ.യും ആയി പിളര്‍ന്നപ്പോള്‍ ഘാട്ടെ സി.പി.ഐ.യില്‍ ആണ് ചേര്‍ന്നത്. അന്ത്യഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം സി.പി.ഐ.യുടെ കേന്ദ്ര ആസ്ഥാനമായ ന്യൂഡല്‍ഹിയിലായിരുന്നു. ഇദ്ദേഹം വിവാഹിതനായിരുന്നില്ല. 1970 ന. 28-ന് ന്യൂഡല്‍ഹിയില്‍ ഘാട്ടെ അന്തരിച്ചു.

(പി. ഗോവിന്ദപ്പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍