This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘരിയല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:04, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഘരിയല്‍

Gharial

മുതലകളുടെ ഗോത്രമായ ക്രോക്കഡീലിയയിലെ ഗാവിയാലിഡെ (Gavialidae) കുടുംബത്തിലെ ഏകഅംഗം. ജലജീവിയാണ്. ശാ.നാ. ഗാവിയാലിസ് ഗാന്‍ജെറ്റിക്കസ് Gavialis gangeticus). സാധാരണയായി ഇന്ത്യന്‍ ഘരിയല്‍ അഥവാ ഗാവിയല്‍ എന്നും അറിയപ്പെടുന്നു. സിന്ധു, ഗംഗ, ബ്രഹ്മപുത്ര, മഹാനദി എന്നീ ഉത്തരേന്ത്യന്‍ നദികളാണ് ഇവയുടെ ഏറ്റവും പ്രധാന ആവാസകേന്ദ്രം, കൂടാതെ പാകിസ്താന്‍, ബാംഗ്ലദേശ്, നേപ്പാള്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളിലും ഇവയെ കണ്ടുവരുന്നു.

ഘരിയലുകള്‍

ഏകദേശം 4-7 മീ. വരെ നീളമുള്ള ഘരിയല്‍ കൂടുതല്‍ സമയവും ജലത്തിലാണ് ജീവിക്കുന്നത്. നീളം കൂടി മെലിഞ്ഞ് കാണപ്പെടുന്ന മോന്ത (snout) ഇവയുടെ സവിശേഷതയാണ്. ആണ്‍ ഘരിയലിന്റെ മുഖത്തിന്റെ അറ്റത്ത് നാസാരന്ധ്രങ്ങളുടെ ചുറ്റുമായി കന്ദീയാകൃതിയിലുള്ള ഒരു മുഴ കാണപ്പെടുന്നു. ബാഹ്യമായി ഇതല്ലാതെ മറ്റൊരു ലിംഗവ്യത്യാസവും ഇവയ്ക്കില്ല. സ്ഥൂലമായ ഹനുക്കളില്‍ ധാരാളം കൂര്‍ത്ത ഏകസമാനദന്തങ്ങളുണ്ട്. ഏകദേശം 44 ഊര്‍ധ്വദന്തങ്ങളും 48 നിമ്നദന്തങ്ങളും കൊളുത്തിപ്പിടിക്കുന്ന രീതിയില്‍ (inter locking) കാണപ്പെടുന്നു. മറ്റ് മുതലകളെക്കാള്‍ സാമാന്യം നീളം കൂടിയ കാലുകളാണ് ഇവയ്ക്കുള്ളത്. പിന്‍കാലുകളിലെ വിരലുകള്‍ ജാലയുക്തങ്ങളുമാണ്. തുഴയുടെ ആകൃതിയിലുള്ള വാലിന് പാദങ്ങളെക്കാള്‍ ശക്തിയുണ്ട്. ഇതിനാല്‍ ഇവയ്ക്ക് വെള്ളത്തില്‍ വളരെവേഗം സഞ്ചരിക്കുവാന്‍ സാധിക്കുന്നു. മത്സ്യമാണ് ഇവയുടെ പ്രധാന ആഹാരം. സാധാരണയായി രാത്രി സമയങ്ങളിലാണ് ആഹാരം തേടിയിറങ്ങുന്നത്. ഹനുക്കള്‍, മോന്ത, ദന്തവിന്യാസം എന്നിവ മത്സ്യത്തെ എളുപ്പത്തില്‍ പിടിക്കുവാന്‍ അനുകൂലമായി വര്‍ത്തിക്കുന്നു. തവിട്ടുനിറമുള്ള ഇവ കാഴ്ചയില്‍ ഭീകരരൂപിയാണെങ്കിലും മനുഷ്യനെ ഉപദ്രവിക്കാറില്ല. മനുഷ്യനെ കാണുന്ന മാത്രയില്‍ത്തന്നെ ഇവ ജലത്തിനടിയിലേക്ക് പിന്‍വാങ്ങുന്നു. മണല്‍ കൂടുതലായുള്ള നദീതീരങ്ങളിലാണ് ഇവ സാധാരണയായി മുട്ടയിടാറുള്ളത്. ഒരു പ്രാവശ്യം 30-40 മുട്ടകള്‍ വരെയിടുന്നു. മുട്ടയില്‍ നിന്നു പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി ചാരം കലര്‍ന്ന തവിട്ടു നിറമാണുള്ളത്.

ചര്‍മത്തിനുവേണ്ടി വേട്ടയാടപ്പെടുന്നതിനാല്‍ ഘരിയല്‍ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവയെ വേട്ടയാടുന്നത് നിയമത്തിലൂടെ നിരോധിച്ചിരിക്കുന്നു. ഇവയെ സംരക്ഷിക്കുവാനായി ഉത്തരേന്ത്യയില്‍ ധാരാളം പ്രജനനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ ഘരിയലിനെ ഒരു പവിത്രജീവിയായി കല്പിച്ചു പോരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%98%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍