This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘനാനന്ദ് (1673 - 1739)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘനാനന്ദ് (1673 - 1739)

ഹിന്ദികവി. രീതിമുക്ത പ്രസ്ഥാനത്തിലെ പ്രമുഖ കവിയായ ഇദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കായസ്ഥ ജാതിയില്‍പ്പെട്ട ഘനാനന്ദ് ബഹദൂര്‍ഷായുടെ മീര്‍മുന്‍ഷി ആയിരുന്നെന്ന് ഗ്രീയേഴ്സണ്‍ രേഖപ്പെടുത്തുന്നു.

കാല്പനികനിര്‍വൃതിയും ആത്മനിഷ്ഠതയുമാണ് രീതിമുക്ത കവിതയുടെ സവിശേഷതകള്‍. ഋതുക്കളുടെ ചഞ്ചലതകളെ അവയുടെ എല്ലാ ഭാവങ്ങളിലും ഘനാനന്ദ് വര്‍ണിക്കുന്നു. പ്രേമത്തിന്റെ സൂക്ഷ്മഭാവങ്ങളെയും അവയുടെ സഹഗാമികളായ സാഹസ പ്രയാസങ്ങളെയും അതിസമര്‍ഥമായി ഇദ്ദേഹം ചിത്രീകരിക്കുന്നുണ്ട്. (മുഹമ്മദ്ഷായുടെ കൊട്ടാരത്തിലെ സുജാന്‍ എന്ന നര്‍ത്തകിയുമായി ഘനാനന്ദ് പ്രേമത്തിലായിരുന്നുവെന്നും അതേ കാരണംകൊണ്ടു കൊട്ടാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടു എന്നും പറയപ്പെടുന്നു.)

ഘനാനന്ദ് 752 പദ്യങ്ങളും 1057 ഗാനങ്ങളും രചിച്ചിട്ടുണ്ട്. സുജാനഹിത്, വിയോഗവേളി, വിരഹലീല, ഇശ്കലതാ, യമുനായശ്, പ്രീതിപാവസ്, പ്രേമപത്രിക തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇവ സമാഹരിച്ചിരിക്കുന്നു. ധ്വന്യാത്മകമാണ് ഇദ്ദേഹത്തിന്റെ ഭാഷ. ആ ഭാഷ നാടന്‍ സംസാരരൂപത്തോട് അടുത്തു നില്‍ക്കുകയും ചെയ്യുന്നു. നാടോടി നീതിവാക്യങ്ങളും പഴഞ്ചൊല്ലുകളും ഇദ്ദേഹം ധാരാളമായി തന്റെ കവിതകളില്‍ പ്രയോഗിക്കുന്നുണ്ട്. പേര്‍ഷ്യന്‍ കവിതയില്‍ നിന്ന് ഉത്തമമായ അംശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ഭാരതേന്ദു, രത്നാകര്‍, കാശിപ്രസാദ്, ജയ്സ്വാല്‍, ശംഭുപ്രസാദ് ബഹുഗുണ എന്നിവര്‍ ഘനാനന്ദിന്റെ കവിതകള്‍ സമാഹരിച്ചു പ്രകാശിപ്പിച്ചിട്ടുണ്ട്. വിശ്വനാഥ് പ്രസാധമിശ്ര് ഘനാനന്ദ് എന്ന പേരില്‍ ഇദ്ദേഹത്തിന്റെ മൂന്നു ഡസനോളം ഗ്രന്ഥങ്ങള്‍ സമാഹരിച്ചു പ്രസിദ്ധീകരിക്കുകയുണ്ടായി. നാദിര്‍ഷായുടെ ആക്രമണ സമയത്ത് 'സഖീ ഭാവന'യായി കൃഷ്ണനെ പൂജിച്ചുകൊണ്ടിരുന്നപ്പോള്‍ നാദിര്‍ഷായുടെ സേനാനികളുടെ വെട്ടേറ്റ് ഇദ്ദേഹം കൊല്ലപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍