This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗളിക്കിളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗളിക്കിളി

Nuthatch

പാസ്സെറിഫോര്‍മിസ് (Passeriformes) ഗോത്രത്തിലെ സിറ്റിഡേ (Sittidae) കുടുംബത്തില്‍പ്പെട്ട ഒരു ചെറിയ പക്ഷി. തണ്ടന്‍ കിളിയെന്നും അറിയപ്പെടുന്നു. ഈ കുടുംബത്തില്‍ ഇരുപത്തിമൂന്നോളം സ്പീഷീസുകളുണ്ട്. ആഹാര സമ്പാദനത്തിനനുയോജ്യമായ ആകൃതിയാണ് ഗൗളിക്കിളിയുടെ കൊക്കിനുള്ളത്. ഈ സ്വഭാവമാണ് നട്ഹാച്ച് (Nuthatch) എന്ന പേരിന് ആധാരം. കേരളത്തിലെ കാടുകളില്‍ സുലഭമായി കണ്ടുവരുന്നത് സിറ്റാഫ്രണ്ടാലീസ് (Sita frontalis) എന്ന ഇനമാണ്. കൂടാതെ ഇന്ത്യയില്‍ നീലഗിരി, പൂര്‍വഘട്ടം, വിന്ധ്യന്‍ കാടുകള്‍, അസം, ഹിമാലയന്‍ കാടുകള്‍ എന്നിവിടങ്ങളിലും ഈ പക്ഷികള്‍ സാധാരണമാണ്. സിറ്റാ ഫോര്‍മോസാ (S. formosa), സിറ്റാ ഹിമാലയന്‍സിസ് (S. himalayensis), സിറ്റാ കാഷ്മീരിയെന്‍സിസ് (S. Kas-miriensis), സിറ്റാ ല്യൂകോപ്സിസ് (S. leuco-psis), സിറ്റാ കാസ്റ്റാനീവെന്‍ട്രിസ് (S.castanei-ventris) തുടങ്ങിയ സ്പീഷീസുകളാണ് ഇന്ത്യയില്‍ കണ്ടുവരുന്നത്.

ഗൗളിക്കിളി

സാധാരണയായി ജോടികളായോ ചെറുസംഘങ്ങളായോ ആണ് ഇവ കാണപ്പെടുന്നത്. ശരീരത്തിന് മൊത്തത്തില്‍ ഏകദേശം 9 മുതല്‍ 19 വരെ സെ.മീ. നീളമുണ്ട്. ഇവയുടെ കൊക്ക്, പാദം എന്നിവയില്‍ പ്രത്യേകരീതിയിലുള്ള അനുകൂലനങ്ങള്‍ കാണുന്നു. നീണ്ടുകൂര്‍ത്ത് മുനയുള്ള ബലമേറിയ കൊക്ക് ഇവയുടെ മുഖ്യ ഭക്ഷണമായ ഫലങ്ങളുടെയും വിത്തുകളുടെയും പുറംതോട് പൊട്ടിക്കുവാന്‍ സഹായകമാകുന്നു. ചെറിയ ബലിഷ്ഠമായ കാലുകള്‍, നഖരിതമായ വിരലുകള്‍ എന്നിവ വൃക്ഷങ്ങളില്‍ ചുണ്ടെലിയെപ്പോലെ അനായസേന ഏതു ദിശയിലും സഞ്ചരിക്കുന്നതിന് ഇവയ്ക്ക് സഹായമേകുന്നു. പാദങ്ങള്‍ മാത്രമാണ് ഇതിലേക്കായി ഉപയോഗിക്കുന്നത്. ചതുരാകൃതിയിലുള്ള ചെറിയ വാലില്‍ വെളുത്ത പുള്ളികളുണ്ട്. തല താഴോട്ടു ചൂണ്ടി വൃക്ഷത്തില്‍ അതിവേഗം സഞ്ചരിക്കാന്‍ കഴിയുന്ന ഏക പക്ഷി ഗൗളിക്കിളിയാണ്. ഗൗളിക്കിളിയുടെ ശരീരത്തിന്റെ ഉപരിഭാഗത്തിന് സാധാരണയായി നീലയും ചാരവും കലര്‍ന്നനിറമാണുള്ളത്. അടിഭാഗത്തിന് മങ്ങിയ വെളുപ്പും. ചില സ്പീഷീസുകളില്‍ വര്‍ണവ്യത്യാസം കാണപ്പെടുന്നു. സൂര്യപക്ഷിയെപ്പോലെ ഇവയും വളരെ ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. ഈ പ്രത്യേകശബ്ദം ഗൗളിക്കിളിയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. എന്നാല്‍ ആണ്‍ പെണ്‍കിളികളെ ബാഹ്യലക്ഷണങ്ങള്‍കൊണ്ട് വേഗം തിരിച്ചറിയുവാന്‍ പ്രയാസമാണ്.

ചെറുപ്രാണികള്‍, കീടങ്ങള്‍, ഇവയുടെ മുട്ടകള്‍, പുഴുക്കള്‍, ഫലങ്ങള്‍, വിത്ത് എന്നിവയാണ് ഈ കിളികളുടെ പ്രധാന ആഹാരം. വൃക്ഷങ്ങളില്‍ നിന്നുതന്നെയാണ് ഇവ ഇരയെ കണ്ടെത്തുന്നത്. ആഹാരവസ്തുക്കള്‍ വൃക്ഷങ്ങളിലുള്ള വിടവുകളിലും മറ്റും ഇവ സൂക്ഷിച്ചുവയ്ക്കുന്നു.

ഈ പക്ഷികള്‍ സാധാരണയായി കൂടുകെട്ടുന്നതും മുട്ടയിടുന്നതും ഏ.-മേയ് മാസങ്ങളിലാണ്. വൃക്ഷങ്ങളിലുള്ള മാളങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. കൂടാതെ മരംകൊത്തിപ്പക്ഷിയുടെ ഒഴിഞ്ഞ മാളങ്ങളും ഇവ ഉപയോഗിക്കാറുണ്ട്. കൂടിന്റെ പ്രവേശനദ്വാരം വൃത്താകൃതിയില്‍ വളരെ ചെറിയ വ്യാസത്തില്‍ ചെളികൊണ്ട് നിര്‍മിച്ചിരിക്കും. ഇത് ഗൗളിക്കിളിയുടെ ഒരു പ്രത്യേകതയാണ്. ഒരു പ്രാവശ്യം സാധാരണയായി 5-10 മുട്ടകളിടുന്നു. വെളുത്ത നിറമുള്ള മുട്ടയുടെ പുറത്ത് ചുവപ്പും തവിട്ടുനിറവും കലര്‍ന്ന പാടുകളുണ്ട്. ഏകദേശം 2-4 ആഴ്ചയ്ക്കുള്ളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു.

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വനാന്തരങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന സ്പീഷീസുകളാണ് യൂറോപ്യന്‍ നട്ഹാച്ച് (S. europaea). തെ. കിഴക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന സിറ്റാ മാഗ്ന (S. magna) ആണ് ഗൗളിക്കിളികളില്‍ വച്ച് ഏറ്റവും വലിയയിനം. കോര്‍സിക്കയില്‍ കാണപ്പെടുന്ന സിറ്റാ വൈറ്റ്ഹെഡി (S. whitehead) വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ഒരു സ്പീഷീസാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍