This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗളി

ഇഴജന്തു (Reptilia) ഗോത്രമായ സ്ക്വാമേറ്റായില്‍ ഉള്‍പ്പെട്ട ജെക്കോനിഡേ കുടുംബത്തിലെ ഒരു അംഗം. പല്ലി എന്നും അറിയപ്പെടുന്നു. മുഖ്യമായും ഉഷ്ണമേഖലാപ്രദേശങ്ങളിലും സമശീതോഷ്ണമേഖലാ പ്രദേശങ്ങളിലും ഇവയെ കണ്ടുവരുന്നു. വീടുകള്‍, വൃക്ഷങ്ങള്‍, മണല്‍ക്കുന്നുകള്‍, പാറക്കെട്ടുകള്‍ എന്നിവയാണ് ഇവയുടെ ആവാസകേന്ദ്രം. ജെക്കോനിഡേ കുടുംബത്തില്‍ ഏകദേശം 86 ജീനസുകളും 733 സ്പീഷീസുകളുമുണ്ട്. ദക്ഷിണേന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന സ്പീഷീസാണ് ഹെമിഡാക്ടൈലസ് ബ്രൂക്കി (Hemidactylus brooki). സാധാരണ വീടുകളില്‍ കാണപ്പെടുന്നയിനവും ഇതുതന്നെ. തെ. കിഴക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന 35 സെ.മീ. നീളമുള്ള ടോക്കെ (Tokay) ഗൗളി (Gekko gecko)യാണ് ഏറ്റവും വലിയ ഇനം.

ടോക്കെ ഗൗളി

ഏകദേശം 4 മുതല്‍ 35 വരെ സെ.മീ. നീളവും പരന്നു കുറുകിയ ശരീരവുമാണ് ഗൗളിക്കുള്ളത്. ഇവ കൂടുതലും രാത്രിഞ്ചര ജീവികളാണ്. പല വര്‍ണങ്ങളിലുള്ള ഗൗളികള്‍ കാണപ്പെടുന്നുണ്ട്. ഇവയുടെ കണ്ണ്, പാദം, വാല്‍ എന്നിവ പ്രത്യേകതരത്തിലുള്ളതാണ്. കണ്ണുകള്‍ രാത്രിഞ്ചര സ്വഭാവത്തിനനുയോജ്യമായ വിധത്തിലാണ്. വലുപ്പം കൂടിയതും ആകര്‍ഷകമായ നിറമുള്ളതുമായ കണ്ണുകള്‍ സുതാര്യമായൊരു ശല്ക്കം കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പ്രത്യേക രീതിയിലുള്ള കൃഷ്ണമണി (vertical pupil) ഏതു വെളിച്ചത്തിലും കാഴ്ച നല്കാനുതകുന്നു. ചലിക്കാവുന്ന കണ്‍പോളകള്‍ ഇവയില്‍ സാധാരണയായി കാണപ്പെടുന്നില്ല. എന്നാല്‍ തെ. പടിഞ്ഞാറന്‍ അമേരിക്കയിലുള്ള ഒരിനം ഗൗളിക്ക് (Coelonyx variegatus) ചലിപ്പിക്കാന്‍ സാധിക്കുന്ന കണ്‍പോളകളുണ്ട്.

ഹെമിഡാക് ടൈലസ് ബ്രൂക്കി

പ്രത്യേക ഘടനയോടുകൂടിയ ആസംജക (adhesive) പാദങ്ങള്‍ ഇവയുടെ മറ്റൊരു സവിശേഷതയാണ്. വിരലുകളുടെ അടിഭാഗത്തുള്ള മൃദുവായ ചര്‍മപാളികളില്‍ ധാരാളം ചെറിയ കൊളുത്തുകളുണ്ട്. ഇവ ചൂഷകാംഗങ്ങളെ (suckers)പ്പോലെ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ സഹായത്താല്‍ ഗൗളിക്ക് അനായസേന എവിടെയും പറ്റിപ്പിടിച്ചു കയറുവാന്‍ സാധിക്കുന്നു. ആക്രമണത്തില്‍ നിന്നു രക്ഷനേടാനായി ഇവ സ്വയം വാല്‍മുറിച്ച് കളയാറുണ്ട്. ഇതൊരു അനിച്ഛാപൂര്‍വക പ്രക്രിയയാണ് (autonomy). മുറിഞ്ഞുപോയ ഭാഗത്തുനിന്നും പുതിയ വാല്‍ വളരെവേഗം വളരുന്നു. വാലിന്റെ പുനരുജ്ജീവനത്തെ നിയന്ത്രിക്കുന്ന പ്രധാനഘടകം ഊഷ്മാവാണ്. സാധാരണയായി വാല് നീണ്ട് ഉരുണ്ടതോ പരന്നതോ ആയിരിക്കും. ആസ്റ്റ്രേലിയന്‍ ഗൗളിയായ ജിംനോഡാക്ടൈലസിന്റ (Gymnodactylus) വാല് ഇലയുടെ ആകൃതിയിലാണ് കാണുന്നത്. ഇതില്‍ കൊഴുപ്പ് സംഭരിച്ച് വച്ചിരിക്കുന്നു. ഇത് ശിശിരനിദ്രകാലത്തു (hibernation) ഉപയോഗിക്കുന്നു. ഗൗളിയുടെ ആന്തരകര്‍ണം മറ്റ് ഇഴജന്തുക്കളില്‍ നിന്ന് വ്യത്യസ്തമാണ്. ഇതില്‍ ധ്വനിസംവേദക (sound sensitive) കോശങ്ങള്‍ കൂടുതലായി കാണുന്നതിനാല്‍ നല്ല ശ്രവണം കിട്ടുന്നു. ഇഴജന്തുക്കളില്‍ വ്യക്തമായ ശബ്ദമുണ്ടാക്കുന്നത് ഗൗളി മാത്രമാണ്. ഇവയുടെ കണ്ഠത്തില്‍ സ്വനതന്തുക്കള്‍ ഉള്ളതുകൊണ്ടാണ് ഇതു സാധിക്കുന്നത്. സാധാരണയായി രാത്രിയിലാണ് ഇവ ആഹാരം തേടിയിറങ്ങുന്നത്. കീടങ്ങള്‍, ചിലന്തി തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആഹാരം. ഗൗളി സാധാരണയായി മുട്ടയിട്ട് കുഞ്ഞ് വിരിക്കുന്നു. മരപ്പൊത്തുകള്‍, പാറയിടുക്കുകള്‍, മാളങ്ങള്‍, ചുമരുകളിലെ വിള്ളലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു പ്രജനന ഘട്ടത്തില്‍ രണ്ട് മുട്ടയിടുന്നു. എന്നാല്‍ ന്യൂസിലന്‍ഡിലുള്ള ചില ജീനസുകള്‍ (Hoplodactylus, Naultinus) അണ്ഡജരായുജ (ovoviviparous)ങ്ങളാണ്.

ജീവിതരീതിയിലും സ്വഭാവത്തിലും പരിസരങ്ങള്‍ക്കു അനുയോജ്യമായ രീതിയിലുള്ള അനുകൂലനങ്ങള്‍ ധാരാളമായി ഗൗളിയില്‍ കണ്ടുവരുന്നു. ആഫ്രിക്കന്‍ മരുഭൂമികളില്‍ കാണപ്പെടുന്ന പല്‍മാറ്റോ (Palmato) ഗൗളിക്കു ആസംജക പാദങ്ങള്‍ കാണുന്നില്ല. പകരം ജാലയുക്ത (webbed) വിരലുകളാണുള്ളത്. ടൈക്കോസൂണ്‍ ഹോമളോസെഫാലം (Ptychozoon homalocephalum) എന്ന പറക്കും ഗൗളിയിനത്തിന് ഇഴയാനനുയോജ്യമായി ശരീരത്തിന്റെ ഇരുവശങ്ങളിലും ചര്‍മപാളികള്‍ ഉണ്ട്. ദിവാചര (diurnal) സ്വഭാവമുള്ള ഫെല്‍സുമ മഡഗാസ്കാരിയെന്‍സിസ് (Phelsuma madagascariensis) സ്പീഷീസുകള്‍ക്ക് പച്ച നിറവും വൃത്താകാരമായ കൃഷ്ണമണിയുമാണുള്ളത്.

ഗൗളി നിരുപദ്രവകാരിയും കീടഭോജി എന്ന നിലയില്‍ മനുഷ്യനു പ്രയോജനകാരിയുമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%97%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍