This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗര്‍, ഹരിസിങ് (1870-1949)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗര്‍, ഹരിസിങ് (1870-1949)

ഇന്ത്യന്‍ രാജ്യതന്ത്രജ്ഞനും നിയമജ്ഞനും വിദ്യാഭ്യാസ പ്രവര്‍ത്തകനും. ഹരിസിങ് 1870 ന. 26-നു മധ്യപ്രദേശിലെ സാഗറില്‍ ജനിച്ചു. ഒരു പൊലീസുദ്യോഗസ്ഥനായിരുന്ന താക്കൂര്‍ താഖത് സിങ്ങിന്റെയും ലഥീബായിയുടെയും പുത്രനായിരുന്നു ഇദ്ദേഹം. 1893-ല്‍ വിവാഹിതനായി.

ഹിസ്ളോപ് കോളജില്‍ നിന്നും ഇദ്ദേഹം ഇന്റര്‍മീഡിയറ്റ് പാസ്സായി. ഇംഗ്ലണ്ടില്‍ നിന്ന് 1892-ല്‍ നിയമബിരുദവും 1905-ല്‍ ഡി.ലിറ്റും നേടി. ഇന്ത്യന്‍ മജ്ലിസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

അഭിഭാഷകനായിത്തീര്‍ന്ന ഹരിസിങ് പ്രിവി കൗണ്‍സിലില്‍ അംഗമായിരുന്നു. ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരു മിതവാദിയായിരുന്ന ഹരിസിങ് നാഗ്പൂര്‍ സെഷനുശേഷം കോണ്‍ഗ്രസ് വിട്ടു. 1893-ല്‍ ഇദ്ദേഹം ഭന്ദാര മുനിസിപ്പാലിറ്റി അംഗമായി. 1921 മുതല്‍ 1935 വരെ ഇദ്ദേഹം കേന്ദ്ര നിയമസഭയില്‍ അംഗമായിരുന്നു. സൈമണ്‍ കമ്മിഷന്റെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന ഹരിസിങ് 1933-ല്‍ പാര്‍ലമെന്റിന്റെ ജോയിന്റ് കമ്മിറ്റിയില്‍ പ്രതിനിധിയായി. ഭരണഘടനാ നിര്‍മാണസഭയിലും അംഗമായിരുന്നു ഇദ്ദേഹം.

ഡല്‍ഹി സര്‍വകലാശാലയുടെ ആദ്യത്തെ വൈസ്ചാന്‍സലറായിരുന്നു ഹരിസിങ്. സാഗറില്‍ ഇദ്ദേഹം ഒരു സര്‍വകലാശാല ആരംഭിച്ചു. അതിന്റെ പ്രാരംഭം മുതല്‍ 1949 വരെ വൈസ്ചാന്‍സലര്‍ സ്ഥാനം വഹിക്കുകയും ചെയ്തു.

ഇദ്ദേഹത്തിന്റെ മൂന്നു പ്രസിദ്ധങ്ങളായ ഗ്രന്ഥങ്ങളാണ് ലോ ഒഫ് ട്രാന്‍സ്ഫര്‍ ഇന്‍ ബ്രിട്ടീഷ് ഇന്ത്യ, പീനല്‍ ലോ ഒഫ് ബ്രിട്ടീഷ് ഇന്ത്യ, ഹിന്ദു ലോ കോഡ് എന്നിവ. ഹരിസിങ് സാഹിത്യകാരന്‍ കൂടിയായിരുന്നു.

സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ഹരിസിങ് സിവില്‍ മാര്യേജ് ആക്റ്റ്, വിമെന്‍സ് ഫ്രീഡം ആക്റ്റ്, റെസിപ്രോസിറ്റി ആക്ട് മുതലായ പല നിയമങ്ങളും നടപ്പില്‍ വരുത്താന്‍ യത്നിച്ചു. 1949-ല്‍ ഇദ്ദേഹം അന്തരിച്ചു.

(എസ്. ബീന)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍