This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗരീ(ളീ)ഗാത്രത്തെങ്ങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗരീ(ളീ)ഗാത്രത്തെങ്ങ്

അധികം ഉയരം വയ്ക്കാത്ത ഒരു പ്രത്യേകയിനം തെങ്ങ്. ഇതിന്റെ ഓലമടലിനും തേങ്ങയ്ക്കും ഓറഞ്ചു നിറമാണ്. പാമേ സസ്യകുലത്തില്‍പ്പെടുന്ന കോക്കസ് ന്യൂസിഫെറയുടെ (cocus nucifera var.dwarf orange) കുറിയ ഇനമാണിത്.

തെങ്ങ് വളരുന്ന എല്ലായിടങ്ങളിലും തന്നെ ഈ ഇനവും വളരുന്നുണ്ട്. ഏകദേശം 63.5 സെ.മീ. വ്യാസമുള്ള തടിയുടെ അഗ്രഭാഗത്ത് 20-28 ഇലകള്‍ കേന്ദ്രീകരിച്ചിരിക്കുന്നു. തടിക്ക് ചുവടുമുതല്‍ അഗ്രംവരെ ഏതാണ്ട് ഒരേ വണ്ണമായിരിക്കും. തടിയില്‍ വളരെ അടുത്തടുത്ത് ഇലകൊഴിഞ്ഞ പാടുകള്‍ (leaf-scars) കാണാം. പൊക്കം കുറഞ്ഞ ഈ ഇനത്തിന്റെ ഓല മടക്കുകളും ചെറുതാണ്. പത്രങ്ങള്‍ (leaflets) അടുത്തടുത്ത് ക്രമീകരിച്ചിരിക്കുന്നു. പത്രകങ്ങള്‍ക്ക് വീതി കുറവുമാണ്.

ഗൗരീഗാത്രത്തെങ്ങിന്റെ വിത്തുതേങ്ങ പാകി 48-105 ദിവസങ്ങള്‍ക്കകം മുളയ്ക്കുന്നു. തൈകള്‍ നട്ട് മൂന്നോ നാലോ വര്‍ഷത്തിനുശേഷം പുഷ്പിക്കുന്നു. പെണ്‍പുഷ്പങ്ങളും ആണ്‍പുഷ്പങ്ങളും ഒരേ സമയത്ത് പൂര്‍ണവളര്‍ച്ചയെത്തും. ഉയരംകൂടിയ തെങ്ങിനങ്ങളിലുണ്ടാകുന്നതിനെക്കാള്‍ കൂടുതല്‍ പെണ്‍പുഷ്പങ്ങള്‍ ഗൗരീഗാത്രത്തിലാണുണ്ടാവുക. ബീജസങ്കലനം നടക്കാത്ത പെണ്‍പുഷ്പങ്ങള്‍ വൃക്ഷത്തില്‍ത്തന്നെ കുറേക്കാലം നില്‍ക്കുന്നു. കടും ഓറഞ്ചുനിറത്തിലുള്ള മടലും കൊതുമ്പും കരിക്കും (tender nuts) ഗോളാകാരമായ തേങ്ങയും ഗൗരീഗാത്രത്തിന്റെ പ്രത്യേകതയാണ്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നല്ല വിളതരുന്ന ഈ ഇനത്തില്‍നിന്ന് 25 വര്‍ഷക്കാലമേ നല്ല വിള ലഭിക്കാറുള്ളൂ.

തേങ്ങയുടെ കാമ്പിന് കനം വളരെ കുറവാണ്. ഇത്തരം തേങ്ങയുടെ കൊപ്രയില്‍ എണ്ണയുടെ അംശവും താരതമ്യേന കുറവാണ്.

തേങ്ങയുടെ ആവശ്യത്തിന് എന്നതിലുപരി അലങ്കാര ഫലവൃക്ഷമായിട്ടാണ് വീടുകളില്‍ ഗൗരീഗാത്രത്തെങ്ങിനെ നട്ടുവളര്‍ത്താറുള്ളത്. കേരളത്തില്‍ ഇതിനെ ഒരു പവിത്രവൃക്ഷമായി കണക്കാക്കി ക്ഷേത്രങ്ങള്‍ക്കടുത്ത് നട്ടുവളര്‍ത്താറുണ്ട്. വിശേഷാവസരങ്ങളില്‍ അലങ്കാരത്തിനായി ഇതിന്റെ തേങ്ങാക്കുലകള്‍ ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍