This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗരിലക്ഷ്മീബായി (ഭ.കാ. 1810 - 15)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗരിലക്ഷ്മീബായി (ഭ.കാ. 1810 - 15)

തിരുവിതാംകൂറിലെ രാജ്ഞി. ആധുനിക തിരുവിതാംകൂറില്‍ പുരോഗമനോന്മുഖമായ പല ഭരണപരിഷ്കാരങ്ങളും നടപ്പാക്കി. ദിവാന്‍ ഉമ്മിണി തമ്പിയെ പിരിച്ചുവിട്ട് തത്സ്ഥാനത്ത് ബ്രിട്ടീഷ് റസിഡണ്ടായ മണ്‍റോയെ ദിവാനായി നിയമിച്ചു. ഭരണനിര്‍വഹണം കാര്യക്ഷമമാക്കുന്നതില്‍ രാജ്ഞിക്ക് മണ്‍റോ പൂര്‍ണ പിന്തുണ നല്കി.

ബ്രിട്ടീഷ്-ഇന്ത്യയിലെ മാതൃകയില്‍ തിരുവിതാംകൂറില്‍ ഭരണപരിഷ്കാരങ്ങള്‍ വരുത്തിയത് ഇക്കാലത്താണ്. ഭരണരംഗത്ത് സെക്രട്ടേറിയറ്റ് സമ്പ്രദായം നടപ്പിലാക്കി. ജില്ലാ ഉദ്യോഗസ്ഥന്മാരുടെ പേര് കാര്യക്കാര്‍ എന്നതുമാറ്റി തഹസീല്‍ദാര്‍ എന്നാക്കി. അനാവശ്യ ചെലവുകള്‍ കഴിവതും ചുരുക്കി സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചമാക്കി. കരക്കുടിശ്ശിക കര്‍ശനമായി പിരിക്കാനും പൊതുമുതല്‍ അപഹരിക്കുന്നത് തടയാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തി. ആഡിറ്റ്-അക്കൗണ്ടിങ് സമ്പ്രദായം നിലവില്‍ വരുത്തി. ഓരോ ഭൂവുടമയ്ക്കും കൈവശമുള്ള ഭൂമിയുടെ വിസ്തീര്‍ണ്ണം, ഇനം, നികുതി മുതലായവ രേഖപ്പെടുത്തുന്ന പട്ടയം നല്കി. അതിര്‍ത്തികളില്‍ ചൗക്കകള്‍ സ്ഥാപിച്ച് കള്ളക്കടത്തു തടഞ്ഞു. അനാവശ്യമായ നികുതികള്‍ നിര്‍ത്തല്‍ചെയ്ത് ക്രമീകൃതമായ ഒരു നികുതി വ്യവസ്ഥ നടപ്പാക്കി. 1810-ല്‍ തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കി. തിരുവനന്തപുരത്തും കൊല്ലത്തുമുള്ള റസിഡന്‍സികള്‍ സ്ഥാപിച്ചത് ഇവരുടെ കാലത്താണ്.

നീതിന്യായ ഭരണത്തില്‍ പല പരിഷ്കാരങ്ങളും വരുത്തി. സംസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ജില്ലാക്കോടതികള്‍ സ്ഥാപിച്ചു. തിരുവനന്തപുരത്ത് ദിവാന്‍ ഉള്‍പ്പെടെ അഞ്ച് ജഡ്ജിമാരടങ്ങുന്ന അപ്പീല്‍കോടതിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ സംബന്ധിച്ചുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഹുസൂര്‍ കോടതിയും സ്ഥാപിച്ചു. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടേതായ വ്യക്തിനിയമങ്ങള്‍ ബാധകമാക്കി. നീതിന്യായ കോടതികളുടെ മാര്‍ഗദര്‍ശനത്തിനായി 'ചട്ടവരിയോലകള്‍' എന്ന പേരില്‍ ഒരു നിയമസംഹിതയ്ക്കു രൂപം കൊടുത്തു (1812). പോലീസ് വകുപ്പ് ദിവാന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആക്കി. ദേവസ്വങ്ങളുടെ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. തിരുവിതാംകൂറിന്റെ ആധുനീകരണത്തിന് ഗൗരിലക്ഷ്മീബായിയുടെ ഭരണം വിലപ്പെട്ട സംഭാവനകള്‍ നല്കി. 1813 മുതല്‍ റീജന്റായി രണ്ടുവര്‍ഷം ഭരിച്ചു. 1815-ല്‍ നിര്യാതയായി.

(എം. ശ്രീധരമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍