This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗരിയമ്മ, കെ.ആര്‍. (1919 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗരിയമ്മ, കെ.ആര്‍. (1919 - )

കെ.ആര്‍.ഗൗരിയമ്മ

ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടി മുന്‍ നേതാവും ജനാധിപത്യ സംരക്ഷണസമിതി സ്ഥാപകയും. 1919 ജൂല.-യില്‍ ചേര്‍ത്തലയില്‍ ജനിച്ചു. തുറവൂരിലും, ചേര്‍ത്തലയിലും സ്കൂള്‍ വിദ്യാഭ്യാസം നടത്തിയ ശേഷം എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബി.എ. ബിരുദവും, തിരുവനന്തപുരം ലാ കോളജില്‍ നിന്ന് ബി.എല്‍. ബിരുദവും കരസ്ഥമാക്കി. ചേര്‍ത്തലയില്‍ അഭിഭാഷകയായി ജീവിതമാരംഭിച്ച ഇവര്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയിലും, തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയില്‍വാസം അനുഭവിച്ചു. 1952-ലും 1954-ലും തിരു-കൊച്ചി നിയമസഭാംഗമായി. 1957-ല്‍ കേരള നിയമസഭയില്‍ അംഗമായി. പിന്നീട് 1960-ലും 65-ലും 67-ലും 70-ലും 80-ലും 82-ലും 87-ലും 91-ലും നിയമസഭാംഗമായി. 1957-ലെ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മന്ത്രി സഭയില്‍ റവന്യൂമന്ത്രിയായിരുന്നു. ഇവരുടെ കാലത്താണ് കാര്‍ഷികബന്ധ നിയമം നടപ്പിലാക്കിയത്. 1967-ലെ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയില്‍ ഭക്ഷ്യ-റവന്യൂ മന്ത്രിയായും 1980-ലെ ഇ.കെ. നായനാരുടെ മന്ത്രിസഭയില്‍ കൃഷി-സാമൂഹികക്ഷേമവകുപ്പ് മന്ത്രിയായും 1987-ലെ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. കേരള കര്‍ഷകസംഘം പ്രസിഡന്റ്, മാര്‍ക്സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിയമസഭാകക്ഷി ഉപനേതാവ് തുടങ്ങിയ പദവികളും ഇവര്‍  വഹിച്ചിരുന്നു. 1992-ല്‍ കേരളത്തിലെ മികച്ച നിയമസഭാംഗത്തിനുള്ള അവാര്‍ഡ് ഗൗരിയമ്മയ്ക്ക് ലഭിച്ചു. മുന്‍പ് രണ്ടുപ്രാവശ്യം ഡല്‍ഹി ആസ്ഥാനമായുള്ള സിക്കുകാരുടെ ഒരു സംഘടന മൂന്നുലക്ഷം രൂപയുടെ വനിതാ അവാര്‍ഡ് ഗൗരിയമ്മയ്ക്കു നല്കാന്‍ തീരുമാനിച്ചെങ്കിലും പാര്‍ട്ടിയുടെ നിര്‍ദേശം മാനിച്ച് ഇവര്‍ അതു വേണ്ടെന്നു വച്ചു. ഗൗരിയമ്മ 13 തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്; ആറുപ്രാവശ്യം മന്ത്രിയും ആയിരുന്നു. 1993 ഡി. 31-നു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍നിന്നും ഗൗരിയമ്മയെ അഭിപ്രായഭിന്നതമൂലം, അച്ചടക്ക നടപടിയെടുത്ത് പുറത്താക്കി. 45 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനു ശേഷമാണ് ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്നും പുറതത്താക്കപ്പെട്ടത്. ഗൗരിയമ്മയുടെ നേതൃത്വത്തില്‍ 1994-ല്‍ രൂപംകൊണ്ട ജനാധിപത്യ സംരക്ഷണ സമിതി നാട്ടിലുടനീളം നിരവധി പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു. ഈ കക്ഷി ആദ്യമായി 1994-ല്‍ ഗുരുവായൂരില്‍ മത്സരിച്ചിരുന്നു. പതിനൊന്നാം കേരള നിയമസഭയില്‍ (2001-2006) കൃഷിവകുപ്പുമന്ത്രിയായിരുന്നു ഗൗരിയമ്മ. 2006, 2011 നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

ഗൗരിയമ്മയുടെ ഭര്‍ത്താവ് മുന്‍മന്ത്രിയും സി.പി.ഐ. നേതാവുമായിരുന്ന ടി.വി.തോമസ് (1910-77) ആയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍