This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗരാമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗരാമി

അനാബാന്റിഡേ മത്സ്യകുടുംബത്തിലെ പേര്‍സിഫോമിസ് ഗോത്രത്തില്‍പ്പെട്ട ഒരിനം മത്സ്യം. ശാ.നാ. ഹീലോസ്റ്റോമ ടെമ്മിന്‍കി (Helostoma temmincki). ഗൗരാമിയുടെ നിരവധിയിനങ്ങളുണ്ട്. ശുദ്ധജലവാസികളായ ഇവ ഏഷ്യയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതലായും കണ്ടുവരുന്നത്. ഇവയില്‍ ചുംബിക്കുന്ന ഗൗരാമി (Kissing Gourami) എന്നൊരിനത്തെ അക്വേറിയങ്ങളില്‍ അലങ്കാര മത്സ്യമായി വളര്‍ത്താറുണ്ട്. മറ്റിനങ്ങള്‍ ഭക്ഷ്യമത്സ്യങ്ങളാണ്. നൈസര്‍ഗിക സാഹചര്യങ്ങളില്‍ 35 സെ.മീ. വരെ ഇവ നീളം വയ്ക്കും. പക്ഷേ, അക്വേറിയത്തിനുള്ളില്‍ ഇവ അത്ര വലുപ്പം വയ്ക്കാറില്ല.

ഗൗരാമിയുടെ ശരീരത്തിന് മൊത്തത്തില്‍ അണ്ഡാകൃതിയാണുള്ളത്. വശങ്ങള്‍ പരന്നിരിക്കുന്നു. തലകൂര്‍ത്തതാണ്. തലയുടെ മുന്നറ്റത്തായി മാംസളമായ ചുണ്ടുകളുണ്ട്. മുതുകിലെയും അടിവശത്തെയും ചിറകുകള്‍ നീളമേറിയവയാണ്. ഈ ചിറകുകള്‍ക്ക് പച്ചയോ ചാരം കലര്‍ന്ന മഞ്ഞയോ നിറമാണുള്ളത്. ശരീരത്തിന്റെ മൊത്തത്തിലുള്ള നിറം തിളക്കമാര്‍ന്ന പച്ചയാണ്. അങ്ങിങ്ങായി ചെറിയ കറുത്ത വരകളും കാണാറുണ്ട്. ചില പ്രത്യേകകാലത്ത് ചില ഗൗരാമിയിനങ്ങള്‍ക്ക് പാടലവര്‍ണമാവാറുമുണ്ട്.

ഗൗരാമി

ഗൗരാമി സാധാരണ മത്സ്യങ്ങളെപ്പോലെ ചെകിളപ്പൂക്കളുടെ (gills) സഹായത്തോടെ ശ്വസനം നടത്തുന്നതോടൊപ്പം ഒരു സഹായകശ്വസനാവയവവും ഉപയോഗപ്പെടുത്താറുണ്ട്. ജലോപരിതലത്തില്‍ നിന്നും വായു വലിച്ചെടുത്താണ് ഈ സഹായകശ്വസനാവയവത്തിലൂടെ ശ്വസനപ്രക്രിയ നടത്തുന്നത്. ഈ കഴിവുള്ളതിനാല്‍ ഇവയ്ക്ക് ഓക്സിജന്റെ അംശം കുറവുള്ള മലിനജലത്തിലും കഴിയാനാവും.

ചെറിയ ജലജീവികളും ജലസസ്യങ്ങളുമാണ് ഗൗരാമിയുടെ പ്രധാന ആഹാരം. അക്വേറിയങ്ങളുടെ വശങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പായലും ഇവ ഭക്ഷിക്കാറുണ്ട്. മറ്റ് ജലജീവികളുടെ ലാര്‍വകളും ഇവയുടെ പഥ്യാഹാരമാണ്. കൊതുകിന്റെ ലാര്‍വകളെ ഇവ ഭക്ഷിക്കാറുള്ളതുകൊണ്ട് മന്തുരോഗനിവാരണത്തിലും ഇവയ്ക്ക് പ്രാധാന്യം കല്പിച്ചുവരുന്നു.

ഇവയുടെ പ്രത്യുത്പാദനത്തിന്റെ പ്രത്യേകതകളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. പെണ്‍ഗൗരാമി ഒരു പ്രാവശ്യം 400 മുതല്‍ 2000 മുട്ടകള്‍വരെ ഇടാറുണ്ട്. പ്രത്യുത്പാദനഘട്ടത്തില്‍ ആണ്‍മത്സ്യം ജലോപരിതലത്തിലെത്തി അന്തരീക്ഷ വായു വലിച്ചെടുക്കും. ഈ വായുവിനെ കുമിളകളാക്കി മാറ്റി മത്സ്യത്തിന്റെ വായ്ക്കുള്ളില്‍ വച്ച് ഒരു പശയുമായി ബന്ധപ്പെടുത്തുന്നു. ഇപ്രകാരം പശയുടെ നേരിയ ലേപനത്തോടുകൂടിയ കുമിളകളെ ജലോപരിതലത്തിലേക്കു ചീറ്റിവിടും. ഇവ ജലോപരിതലത്തില്‍ ഒത്തുകൂടി ഒരു പ്രത്യേക മത്സ്യക്കൂടിനു ജന്മമേകുന്നു. ഇതിനുള്ളിലാണ് പെണ്‍മത്സ്യം ഇടുന്ന മുട്ടകള്‍ വിരിയാറുള്ളത്. മുട്ടയിട്ടുകഴിഞ്ഞാല്‍ പെണ്‍മത്സ്യം മുട്ടകളെ പരിരക്ഷിക്കാറില്ല. മുട്ടക്കൂടുകള്‍ ജലോപരിതലത്തില്‍ ഒഴുകി നടക്കും. ഈ കൂട്ടില്‍നിന്നും 24 മണിക്കൂറുകള്‍ക്കകം മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു. അതിസൂക്ഷ്മ ജീവികളെ ഭക്ഷിച്ച് ജീവിതം ആരംഭിക്കുന്ന ഈ മത്സ്യക്കുഞ്ഞുങ്ങള്‍ ഒരാഴ്ചത്തെ വളര്‍ച്ചയെത്തുന്നതോടെ മറ്റ് ഭക്ഷണം കഴിക്കാന്‍ പ്രാപ്തി നേടുന്നു.

അക്വേറിയത്തില്‍ വളര്‍ത്തുന്ന ചുംബിക്കുന്ന ഗൗരാമിയിനത്തിന്റെ ചുംബനരഹസ്യത്തെപ്പറ്റി നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതൊരു പ്രണയചേഷ്ടയാണെന്നാണ് കരുതപ്പെടുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%97%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍