This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗഡ്സ്മിത്ത്, സാമുവല്‍ എബ്രഹാം (1902 - 78)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗഡ്സ്മിത്ത്, സാമുവല്‍ എബ്രഹാം (1902 - 78)

Goudsmit, Samuel Abraham

ഡച്ച്-അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. 1902 ജൂല. 11-ന് നെതര്‍ലന്‍ഡിലെ ഹേഗില്‍ ജനിച്ചു. ആംസ്റ്റര്‍ഡാം, ലെയ്ഡന്‍ എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1927-ല്‍ പിഎച്ച്.ഡി. ബിരുദം നേടി. പിന്നീട് മിഷിഗണ്‍, നോര്‍ത്ത് വെസ്റ്റേണ്‍ എന്നീ സര്‍വകലാശാലകളിലും മാസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, ന്യൂയോര്‍ക്കിലെ ബ്രൂക്ഹാവന്‍ നാഷണല്‍ ലബോറട്ടറി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.

ഊലെന്‍ബെക്ക് (Utenbeck) എന്ന ശാസ്ത്രജ്ഞനോടൊപ്പമാണ് ഗൗഡ്സ്മിത്ത് ഗവേഷണരംഗത്തു പ്രവര്‍ത്തിച്ചത്. 1925-ല്‍ ഇവര്‍ ഇലക്ട്രോണ്‍ ചക്രണം ചെയ്യുന്നു എന്ന ആശയം മുന്നോട്ടുവച്ചു. ഈ ആശയം ക്വാണ്ടം ബലതന്ത്രശാഖയെ ധന്യമാക്കി. ചാര്‍ജിതകണങ്ങളായ ഇലക്ട്രോണുകള്‍ക്കുചുറ്റും കാന്തികമണ്ഡലം സൃഷ്ടിക്കപ്പെടുന്നതായി ഇവര്‍ മനസ്സിലാക്കി. ഈ കണ്ടുപിടിത്തത്തിന് റിസര്‍ച്ച് കോര്‍പ്പറേഷന്‍ അവാര്‍ഡ്, മാക്സ്പ്ലാങ്ക് മെഡല്‍, യു.എസ്. നാഷണല്‍ മെഡല്‍ ഒഫ് സയന്‍സ് എന്നിവ ഇവര്‍ പങ്കിട്ടു. പിന്നീട് ഗൗഡ്സ്മിത്ത് അറ്റോമിക സ്പെക്ട്രം വിശകലനം ചെയ്ത് അതിന്റെ ഘടനയെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തി.

1927-ല്‍ യു.എസ്സില്‍ എത്തിയ ഗൗഡ്സ്മിത്ത് രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ പ്രതിരോധവകുപ്പില്‍ ചേര്‍ന്നു. അല്‍സോസ് (Alsos) എന്നറിയപ്പെട്ട രഹസ്യ ദൗത്യസംഘത്തിന്റെ തലവനായിരുന്നു ഇദ്ദേഹം. പ്രതിരോധവകുപ്പിന്റെ 'മെഡല്‍ ഒഫ് ഫ്രീഡം അവാര്‍ഡ്' നേടി. തന്റെ യുദ്ധസ്മൃതികളെ ഉള്ളടക്കമാക്കി 1947-ല്‍ അല്‍സോസ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ദ സ്ട്രക്ച്ചര്‍ ഒഫ് ലൈന്‍ സ്പെക്ട്ര, അറ്റോമിക് എനര്‍ജി സ്റ്റേറ്റ്സ് എന്നീ കൃതികളുടെ രചനയിലും ഗൗഡ്സ്മിത്ത് പങ്കാളിയായിരുന്നു. 1978 ഡി. 4-ന് യു.എസ്സിലെ റെനോയില്‍ വച്ച് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍