This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗഡി, ഫ്രെഡറിക് വില്യം (1865 - 1947)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗഡി, ഫ്രെഡറിക് വില്യം (1865 - 1947)

Goudy, Frederic William

യു.എസ്. അച്ചടിവിദഗ്ധന്‍. 1865 മാ. 8-ന് ഇല്ലിനോയി(യു.എസ്.)യിലെ ബ്ളൂമിങ്ടണില്‍ ജനിച്ചു. ഷിക്കാഗോയിലെ ഒരു പുസ്തകക്കടയില്‍ കണക്കപ്പിള്ളയായി ജീവിതമാരംഭിച്ച ഗൗഡിയുടെ ശ്രദ്ധ കൂടുതല്‍ പതിഞ്ഞത് തന്റെ ചുറ്റുമുള്ള പുസ്തകങ്ങളിലും അവയുടെ അച്ചടിസംബന്ധിച്ച കാര്യങ്ങളിലുമായിരുന്നു. 1905-ല്‍ പാര്‍ക്ക് റിഡ്ജ് എന്ന സ്ഥലത്ത് ഗൗഡി സ്വന്തമായി ഒരു അച്ചുകൂടം ആരംഭിച്ചു. അടുത്ത വര്‍ഷം ഇദ്ദേഹം തന്റെ സ്ഥാപനം ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് മാറ്റി. 1908-ല്‍ ഇദ്ദേഹം മാള്‍ബറൊയില്‍ താമസമുറപ്പിക്കുകയും അവിടെ പ്രസ്സ് സ്ഥാപിക്കുകയും ചെയ്തു. സ്വന്തമായി രൂപകല്പന ചെയ്ത് നിര്‍മിച്ച അച്ചുകള്‍കൊണ്ട് ഇദ്ദേഹം ഏതാനും പുസ്തകങ്ങള്‍ മനോഹരമായി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ബെര്‍താ അച്ചുകള്‍ സംവിധാനം ചെയ്യുകയും ഇദ്ദേഹം അച്ചടിക്കുകയുമായിരുന്നു പതിവ്. 1913 ആയതോടെ ഗൗഡിയുടെ ശ്രദ്ധ അച്ചിന്റെ രൂപകല്പനയില്‍ ഒതുങ്ങി. ഇദ്ദേഹം രൂപകല്പന ചെയ്ത മികച്ച ടൈപ്പ് ഫേസാണ് ഗൗഡി ഓള്‍ഡ് സ്റ്റൈല്‍. ഗാരമോണ്ഡ്, ഡീപ്ഡീന്‍, വില്ലേജ്, ഫോറം, കെന്നര്‍ലി എന്നിവയാണ് ഇദ്ദേഹം സംവിധാനം ചെയ്ത മറ്റു ടൈപ്പുകള്‍.

1939-ല്‍ ഉണ്ടായ അഗ്നിബാധയില്‍ ഇദ്ദേഹത്തിന്റെ പ്രസ്സും എഴുപത്തഞ്ചോളം ടൈപ്പ് ഡിസൈനുകളും കത്തിനശിക്കുകയുണ്ടായി. ദി ആല്‍ഫബെറ്റ് (1918), എലിമെന്റ്സ് ഒഫ് ലെറ്ററിങ് (1921), ടൈപോളിജിയ (1940), ഹാഫ് സെഞ്ചുറി ഒഫ് ടൈപ്പ് ഡിസൈന്‍ ആന്‍ഡ് ടൈപോഗ്രാഫി 1894-95 എന്നിവ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. 1947 മേയ് 11-ന് ഇദ്ദേഹം മാള്‍ബറോയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍