This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗഡവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗഡവംശം

ഗൗഡദേശം ഭരിച്ച രാജവംശം. ഇന്നത്തെ ഉത്തര-പശ്ചിമ ബംഗാള്‍ ആയിരുന്നു അന്നത്തെ ഡൗഡദേശം. പില്ക്കാല ഗുപ്തന്മാരില്‍ ഒരാളായിരുന്ന മഹാസേന ഗുപ്തനെ നിഷ്കാസനം ചെയ്താണ് ശശാങ്കനെന്ന രാജാവ് ഗൗഡവംശം സ്ഥാപിച്ചത്.

കിഴക്കന്‍ മാള്‍വായിലെ ദേവഗുപ്തനെ കനൗജിലെ ഗൃഹവര്‍മന്‍ മൗഖാരിക്കെതിരെ പടനയിക്കുവാന്‍ സഹായിച്ച ശശാങ്കന്‍ ഹര്‍ഷന്റെ ജ്യേഷ്ഠസഹോദരനായ രാജ്യവര്‍ധനനെ ഡൌഡരാജ്യതലസ്ഥാനത്തു വച്ചു വധിച്ചു. ഒരു ശിവഭക്തനായിരുന്ന ശശാങ്കന്‍ ബുദ്ധമതത്തെ നശിപ്പിക്കുന്നതില്‍ ജാഗരൂകനായിരുന്നുവെന്ന് ചീന സഞ്ചാരി ഹ്യുയാന്‍സാങ് പ്രസ്താവിക്കുന്നു. കുശിനഗരത്തിനും വാരാണസിക്കും ഇടയ്ക്കുണ്ടായിരുന്ന ബുദ്ധമതക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും പാടലീപുത്രത്തില്‍ ശ്രീബുദ്ധന്റെ കാലടികള്‍ പതിഞ്ഞ കരിങ്കല്‍ ഫലകങ്ങള്‍ ഗംഗയിലേക്കു വലിച്ചെറിയുകയും ചെയ്ത ശശാങ്കന്‍ ഗയയിലെ ബോധിവൃക്ഷം വെട്ടിനശിപ്പിക്കുകയും ചെയ്തത്രെ.

ശശാങ്കന്‍ എന്ന് മരിച്ചുവെന്ന് വ്യക്തമല്ല. അദ്ദേഹത്തെ സംബന്ധിക്കുന്ന അവസാനത്തെ രേഖ 619-ലേതാണ്. 637-ല്‍ ഹ്യൂയാന്‍ സാങ് ഗയ സന്ദര്‍ശിച്ചപ്പോള്‍ ശശാങ്കന്‍ മരിച്ചിരുന്നു. ഏതായാലും 619-ല്‍ ശശാങ്കന്‍ വംഗം ദക്ഷിണ ബിഹാര്‍, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ അടക്കിഭരിച്ചിരുന്നുവെന്നതിനു തെളിവുണ്ട്. ശശാങ്കസാമ്രാജ്യത്തെ 'ശശാങ്കമണ്ഡലം' എന്ന് ബാണന്‍ പുകഴ്ത്തിയിട്ടുണ്ട്. സുവര്‍ണ നാണയങ്ങള്‍ പുറപ്പെടുവിച്ച ശശാങ്കന്‍, ശിവ-നന്ദി മുദ്രകളും ചന്ദ്രന്‍-ശശാങ്ക മുദ്രകളും നാണയങ്ങളില്‍ ഉപയോഗിച്ചു. ചില നാണയങ്ങളില്‍ താമരപ്പൂവില്‍ നില്ക്കുന്ന ലക്ഷ്മീദേവിയെയും കാണാം.

ശശാങ്കന്റെ മരണത്തെത്തുടര്‍ന്ന് ശശാങ്കസാമ്രാജ്യം ഛിന്നഭിന്നമായതിനെക്കുറിച്ച് മഞ്ജുശ്രീമൂലകല്പത്തില്‍ പരാമര്‍ശമുണ്ട്. ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ദുര്‍ബലരായിരുന്നു. തുടര്‍ന്നു രാജാവായ ജയനാഗന്‍ 'മഹാരാജാധിരാജാ' ബിരുദം സ്വീകരിച്ചിരുന്നു. ഇദ്ദേഹം സ്വതന്ത്രനാണയങ്ങള്‍ പുറപ്പെടുവിച്ചു. ജയനാഗന്റെ പിന്തുടര്‍ച്ചക്കാരെക്കുറിച്ചും ഗൗഡദേശത്തിന്റെ അന്ത്യത്തെക്കുറിച്ചും വ്യക്തമായ രേഖകളില്ല.

(എ.ജി. മേനോന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%97%E0%B4%A1%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍