This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗഡപാദന്‍ (8-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗഡപാദന്‍ (8-ാം ശ.)

ഭാരതീയ തത്ത്വചിന്തകന്‍. അദ്വൈത ദര്‍ശനത്തിന്റെ ആധുനിക കാലത്തെ ഉപജ്ഞാതാവായ ഗൗഡപാദന്‍ ശങ്കരാചാര്യരുടെ ഗുരുവായ ഗോവിന്ദസ്വാമിയുടെ ഗുരുവാണെന്നു കരുതപ്പെടുന്നു. എട്ടാം ശ.-ത്തിലാണ് ആചാര്യന്‍ ജീവിച്ചിരുന്നത്. ഇപ്പോഴത്തെ ഡല്‍ഹിയുടെ വടക്കുഭാഗത്തുള്ള കുരുക്ഷേത്രദേശത്തു ഹീരാവതി നദിയുടെ കരയില്‍ ബംഗാളില്‍ നിന്നു കുടിയേറിപ്പാര്‍ത്തവരില്‍ ഒരാളായിരുന്നു ഗൗഡപാദന്‍ എന്ന് പറയപ്പെടുന്നു. ശങ്കരാചാര്യരുടെ ശിഷ്യനായ ആനന്ദഗിരിയുടെ അഭിപ്രായം, ഗൗഡപാദന്‍ തന്റെ ജീവിതത്തിന്റെ അധികഭാഗവും ബദര്യാശ്രമത്തില്‍ ധ്യാനത്തില്‍ മുഴുകി കഴിഞ്ഞിരുന്നു എന്നാണ്. സാംഖ്യന്മാരുടെ ദ്വൈതത്തെ എതിര്‍ക്കുന്നതിനുവേണ്ടി ഗൗഡപാദന്‍ വേദത്തില്‍ നിന്നും അദ്വൈതത്തെ കണ്ടെടുത്തു എന്ന് ആഗമശാസ്ത്രത്തിന്റെ വ്യാഖ്യാനത്തില്‍ ശങ്കരാചാര്യര്‍ രേഖപ്പെടുത്തുന്നുണ്ട്. മാണ്ഡൂകോപനിഷത്തിന് ഇദ്ദേഹം എഴുതിയ മാണ്ഡൂക്യകാരിക അഥവാ ഗൗഡപാദകാരിക, ആഗമശാസ്ത്രം എന്ന പേരിലും അറിയപ്പെടുന്നു. ഇതിനു പുറമേ ഉത്തരഗീതാഭാഷ്യം എന്നൊരു കൃതികൂടി ഗൗഡപാദന്‍ രചിച്ചിട്ടുണ്ട്.

അദ്വൈത തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനഗ്രന്ഥമായ ഗൗഡപാദകാരികയില്‍ നാലു പ്രകരണങ്ങളാണുള്ളത്. ആഗമപ്രകരണം, വൈതഥ്യപ്രകരണം, അദ്വൈത പ്രകരണം, അലാതശാന്തി പ്രകരണം എന്നിങ്ങനെ നാലു പ്രകരണങ്ങളിലായി 215 ശ്ളോകങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ആഗമ പ്രകരണത്തില്‍ മാണ്ഡൂകോപനിഷത്തിന്റെ വ്യാഖ്യാനം, ജീവന്റെ സംസാരനുഭവം, ഓംകാരത്തിന്റെ മാത്രകള്‍ എന്നിവയാണു പ്രതിപാദിക്കുന്നത്. ജഗത്തിന്റെ മിഥ്യാത്വത്തെ സ്ഥാപിക്കുന്നു വൈതഥ്യപ്രകരണത്തില്‍. അദ്വൈത പ്രകരണത്തില്‍ അദ്വൈതാനുഭൂതിക്കുള്ള മാര്‍ഗങ്ങളാണ് വിവരിക്കുന്നത്. നാലാമത്തെ അലാതശാന്തി പ്രകരണത്തില്‍ സാംഖ്യന്മാര്‍, ദ്വൈതികള്‍ തുടങ്ങിയവരുടെ മിഥ്യാവാദത്തിനു മറുപടി പറയുന്നു.

ഗൗഡപാദന്‍ ബുദ്ധമതദര്‍ശനങ്ങളുടെ സ്വാധീനത്തിനു വശംവദനായിരുന്നു എന്നതിനു സൂചനകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഒരിക്കലും ബുദ്ധമതാനുയായി ആയിരുന്നു എന്നതിനു തെളിവ് ലഭിക്കുന്നില്ല. പല സ്ഥലങ്ങളിലും ഇദ്ദേഹം മഠങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടത്തെ അധിപതികളെ ഗൗഡപാദാചാര്യര്‍ എന്നു പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍