This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വെല്‍ഫുകളും ഗിബലിനുകളും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്വെല്‍ഫുകളും ഗിബലിനുകളും

മധ്യകാല ഇറ്റലിയില്‍ നിലവിലുണ്ടായിരുന്ന രണ്ടു രാഷ്ട്രീയ ഗ്രൂപ്പുകള്‍. ഇറ്റലിയില്‍ ചക്രവര്‍ത്തിമാരെ എതിര്‍ത്തിരുന്നവര്‍ ഗ്വെല്‍ഫുകളെന്ന് അറിയപ്പെട്ടു. ഭരണപക്ഷക്കാര്‍ ഗിബലിനുകളെന്നും വിളിക്കപ്പെട്ടു. ഈ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള എതിര്‍പ്പ് അക്കാലത്തെ ഇറ്റാലിയന്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും ദൃശ്യമായിരുന്നു. 12-ാം ശതകത്തില്‍ വിശുദ്ധ റോമാസാമ്രാജ്യത്തിനുവേണ്ടി പരസ്പരം മത്സരിച്ചിരുന്ന പ്രഭുകുടുംബങ്ങളാണ് ഗ്വെല്‍ഫുകളെന്നും ഗിബലിനുകളെന്നും ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. ഗ്വെല്‍ഫുകള്‍ സാക്സണി പ്രഭുക്കന്മാരും ഗിബലിനുകള്‍ ഹോഹന്‍സ്റ്റോഫന്‍ പ്രഭുക്കന്മാരും ആയിരുന്നു.

13-ാം ശ.-ത്തിലാണ് രണ്ടു വിഭാഗങ്ങളും തമ്മിലുള്ള മത്സരം പാരമ്യത്തിലെത്തിയത്. ഇറ്റലി മുഴുവനും ചക്രവര്‍ത്തിയുടെ പൂര്‍ണ ഭരണത്തിന്‍ കീഴിലാക്കുവാനുള്ള നീക്കമായിരുന്നു ഗിബലിനുകളുടേത്. എന്നാല്‍ ഗ്വെല്‍ഫുകളാകട്ടെ ഇതിനു വിരുദ്ധമായി ദേശീയ ഐക്യത്തിനു വേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പോപ്പിന്റെ അധികാരത്തിന് പൊതുവായ അംഗീകാരം പ്രഖ്യാപിച്ചു. കേവലം സാമ്രാജ്യത്വഭരണത്തെ എതിര്‍ക്കുന്നവരെന്നതിലുപരി ചക്രവര്‍ത്തിഭരണത്തിനെതിരായി പോപ്പിനെ പിന്‍താങ്ങുകയാണ് ചെയ്തത്. പരസ്പരം മത്സരിച്ചിരുന്ന പ്രാദേശികഘടകങ്ങളും ഇതോടെ ഗ്വെല്‍ഫുകളെന്നും ഗിബലിനുകളെന്നും അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ ചക്രവര്‍ത്തിഭരണത്തിന്റെ ശക്തി കുറഞ്ഞതോടുകൂടി രണ്ടുഗ്രൂപ്പുകള്‍ക്കും തനതായി ഉണ്ടായിരുന്ന പ്രത്യേകതകള്‍ നഷ്ടപ്പെട്ടു. 14-ാം ശതകമായപ്പോഴേക്കും ഗ്വെല്‍ഫുകളും ഗിബലിനുകളും വ്യത്യസ്ത രാഷ്ട്രീയ ഗ്രൂപ്പുകളെന്ന മാനത്തിലെത്തി. ഗ്വെല്‍ഫിസം ഒരു രാഷ്ട്രീയതത്ത്വസംഹിതയെന്ന നിലവരെയായി. 15-ാം ശതകത്തോടുകൂടി ഇത് അവസാനിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍