This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വെറിങ്, ഹെര്‍മന്‍ വില്‍ഹെം (1893 - 1946)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്വെറിങ്, ഹെര്‍മന്‍ വില്‍ഹെം (1893 - 1946)

Guering,Herman Wilhelm

ജര്‍മന്‍ നാസിപാര്‍ട്ടി നേതാവ്. ബവേറിയയിലെ റോസന്‍ഹൈമില്‍ 1893 ജനു. 12-ന് ഗ്വെറിങ് ജനിച്ചു. വിദ്യാഭ്യാസാനന്തരം 1912-ല്‍ ഇദ്ദേഹം ജര്‍മന്‍ പട്ടാളത്തില്‍ ചേര്‍ന്നു. ഒന്നാം ലോകയുദ്ധത്തില്‍ പൈലറ്റായും സ്ക്വാഡ്രണ്‍ ലീഡറായും സേവനമനുഷ്ഠിച്ചു. 1918 ന.-ല്‍ ജര്‍മനിയുടെ പതനത്തോടെ സ്വീഡനിലേക്ക് പലായനം ചെയ്ത ഇദ്ദേഹം 1922-ല്‍ നാട്ടില്‍ തിരിച്ചെത്തി. നാഷണല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ (നാസി) ചേര്‍ന്ന ഗ്വെറിങ് അഡോള്‍ഫ് ഹിറ്റ്ലറുടെ (1889-1945) വലംകൈയായി. റീഹ്സ്റ്റാഗില്‍ അംഗമായ (1928) ഇദ്ദേഹം 1932-ല്‍ അതിന്റെ പ്രസിഡന്റായി. ഹിറ്റ്ലര്‍ 1933-ല്‍ ജര്‍മനിയില്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗ്വെറിങ് പ്രഷ്യയിലെ പ്രധാനമന്ത്രിയായി (1933). തുടര്‍ന്ന് റീഹ്സ്റ്റാഗിന്റെ പ്രധാനമന്ത്രിയായ (1934) ഇദ്ദേഹം 1936 വരെ ഗസ്റ്റപോവിന്റെ മേധാവിയായി. വ്യോമസേനയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ജര്‍മനിയുടെ വ്യോമശക്തി പുനഃസംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. 1936-ല്‍ ജര്‍മനിയുടെ ചതുര്‍വത്സരപദ്ധതിയുടെ ഡയറക്ടറായി. 1937-ല്‍ സാമ്പത്തിക കാര്യങ്ങളുടെ ചുമതല ഇദ്ദേഹത്തിനായിരുന്നു. 1938-ല്‍ ഫീല്‍ഡ് മാര്‍ഷലായി. ഗ്വെറിങ്ങിനെ ഹിറ്റ്ലര്‍ തന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു (1937). രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മനിയുടെ വ്യോമസേനയുടെ തലവനായ ഇദ്ദേഹം പുനരായുധീകരണത്തിന് ജര്‍മന്‍ ജനതയെ ഉദ്ബോധിപ്പിച്ചു. ഈ യുദ്ധത്തില്‍ പല പ്രധാന നഗരങ്ങളും ബോംബിട്ടു നശിപ്പിക്കുന്നതില്‍ ഗ്വെറിങ് പ്രധാന പങ്കുവഹിച്ചു. 1945 മേയില്‍ ഇദ്ദേഹം യു.എസ്. സൈന്യത്തിനു കീഴടങ്ങി. ന്യൂറംബര്‍ഗ് വിചാരണാവേളയില്‍ ഇദ്ദേഹത്തെ യുദ്ധകുറ്റവാളിയായി മുദ്രകുത്തുകയും വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. എന്നാല്‍ ശിക്ഷയ്ക്ക് രണ്ടു മണിക്കൂറിനു മുന്‍പ് 1946 ഒക്ടോബറില്‍ ഗ്വെറിങ് ആത്മഹത്യ ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍