This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വാറിനി, ഗ്വാറിനോ (1624 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്വാറിനി, ഗ്വാറിനോ (1624 - 83)

Guarini, Guarini

ഇറ്റാലിയന്‍ വാസ്തുശില്പിയും തത്ത്വചിന്തകനും. 1624 ജനു. 17-ന് മോഡെണയില്‍ ജനിച്ചു. 1639-ല്‍ തിയാറ്റിന്‍ സഭയില്‍ അംഗമായി ചേരുകയും ഉപരിപഠനത്തിനു റോമിലേക്കു പോവുകയും ചെയ്തു. തത്ത്വചിന്തയും ഗണിതവും പഠിച്ചതോടൊപ്പം വാസ്തുശില്പകലയിലും പ്രാവീണ്യം നേടാന്‍ റോമിലെ താമസം ഗ്വാറിനി ഉപയോഗിച്ചു. 1647-ല്‍ മോഡെണയില്‍ മടങ്ങിയെത്തിയ ഗ്വാറിനി 1655-ല്‍ ഭരണാധികാരികളുമായി പിണങ്ങുന്നതുവരെ തിയാറ്റിന്‍ വിദ്യാലയത്തില്‍ അധ്യാപകവൃത്തി തുടര്‍ന്നു. 1660-ല്‍ മെസ്സിനയില്‍ ഗണിതശാസ്ത്ര പ്രൊഫസറായി നിയമിതനാവുകയും അവിടെ വാസമുറപ്പിക്കുകയും ചെയ്തു. കുറച്ചുനാള്‍ പാരിസിലും അധ്യാപകനായിരുന്നു.

മോഡെണ, മെസ്സിന, പാരിസ്, വിസെന്‍സ, വെറോണ, റ്റൂറിന്‍ എന്നീ സ്ഥലങ്ങളിലെല്ലാം ഗ്വാറിനിയുടെ ശില്പകലാ വൈദഗ്ധ്യം തെളിയിക്കുന്ന മന്ദിരങ്ങളുണ്ടായിരുന്നു. ഇദ്ദേഹം രൂപകല്പന ചെയ്ത ഏഴ് ക്രൈസ്തവ ദേവാലയങ്ങളില്‍ അഞ്ചെണ്ണം ഇപ്പോഴും നിലനില്‍ക്കുന്നു. മെസ്സിനയിലെയും ലിസ്ബണിലെയും ദേവാലയങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നുപോയി. ഇവയ്ക്ക് പുറമേ മൂന്നു കൊട്ടാരങ്ങള്‍, ഒരു കോളജ്, ഒരു അള്‍ത്താര എന്നിവയും ഗ്വാറിനിയുടെ ശില്പകലാവൈഭവം വിളിച്ചറിയിക്കുന്നവയായി ഉണ്ട്. ഗോഥിക് ശൈലിയോടായിരുന്നു ഇദ്ദേഹത്തിനു കൂടുതല്‍ ആഭിമുഖ്യം.

1666-ല്‍ റ്റൂറിനില്‍ എത്തിയ ഗ്വാറിനി അന്ത്യനാളുകള്‍ അവിടെയാണു കഴിച്ചുകൂട്ടിയത്. ഗണിതം, മതം, തത്ത്വചിന്ത എന്നീ വിഷയങ്ങളെ ആധാരമാക്കി ഗ്രന്ഥങ്ങള്‍ രചിക്കുന്നതിലാണ് ഇക്കാലത്ത് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. 1683 മാ. 6-നു ഗ്വാറിനി മിലാനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍