This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വാരാനി ഇന്ത്യര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്വാരാനി ഇന്ത്യര്‍

Guarani Indians

ഒരു തെക്കേ അമേരിക്കന്‍ ജനവര്‍ഗം. പരാഗ്വേയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, അര്‍ജന്റീന, ഉറുഗ്വേ, തെ. കിഴക്കന്‍ ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഗ്വാരാനി ഇന്ത്യര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. തെക്കേ അമേരിക്കയില്‍ പ്രചാരത്തിലുണ്ടായിരുന്ന തുപിയന്‍ ഭാഷാഗോത്രത്തില്‍പ്പെട്ട ഗ്വാരാനി ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. തെക്കേ അമേരിക്കയിലെ ആദിമ-തദ്ദേശീയ ഭാഷകളില്‍ പ്രമുഖസ്ഥാനം ഗ്വാരാനിക്കുണ്ട്.

വേട്ടയാടലും മത്സ്യബന്ധനവുമാണ് പുരുഷന്മാരുടെ പ്രധാന തൊഴില്‍. സ്ത്രീകള്‍ കൃഷിയില്‍ ഏര്‍പ്പെടുന്നു. അക്രമാസക്തരായ ഗ്വാരാനി ജനവര്‍ഗം നരഭോജികളായിരുന്നു എന്നു പറയപ്പെടുന്നു. ആചാരാനുഷ്ഠാനങ്ങള്‍ വളരെ ലളിതമാണ്. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നു. ഗ്വാരാനികള്‍ ആറോ എട്ടോ മേഞ്ഞ കുടിലുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രാമങ്ങളിലാണ് വസിച്ചിരുന്നത്. മുളകൊണ്ടുള്ള അമ്പുകള്‍, തടികൊണ്ടുള്ള ഗദകള്‍ എന്നിവയാണ് ഇവരുടെ ആയുധങ്ങള്‍.

ഗ്വാരാനികള്‍ അധിവസിക്കുന്ന പ്രദേശത്തു സ്വര്‍ണം ഉണ്ടെന്നധാരണയില്‍ 1536-ല്‍ സ്പെയിന്‍കാര്‍ ഇവിടെയെത്തി. പരാഗ്വേയുടെ ഇന്നത്തെ തലസ്ഥാനമായ അസന്‍സിയോന്റെ പ്രാന്തപ്രദേശങ്ങളില്‍ സ്പെയിന്‍കാര്‍ ഗ്വാരാനി ഇന്ത്യരോടൊപ്പം വസിക്കുകയും കുപ്രസിദ്ധമായ ഗ്വാരാനി അന്തഃപുരങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. സ്പാനിഷ്-ഗ്വാരാനി സങ്കര സന്തതികള്‍ പിന്നീട് പരാഗ്വേയില്‍ സ്ഥിരവാസമുറപ്പിച്ചു. അവര്‍ ഗ്വാരാനി ഭാഷ സംസാരിക്കുകയും ഗ്വാരാനി ആചാരങ്ങള്‍ വച്ചുപുലര്‍ത്തുകയും ചെയ്തുവന്നു.

പിന്നീട് 17-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ ജെസ്യൂട്ട് മിഷനറിമാര്‍ എത്തി ഗ്വാരാനികളെ പരാനാ നദീതീരത്തു അധിവസിപ്പിച്ചു. 1767 ആയതോടെ ഗ്വാരാനികളുടെ അധിവാസങ്ങള്‍ ശിഥിലീകൃതമാവുകയും കാലക്രമേണ അവര്‍ അടിമകളായിത്തീരുകയും ചെയ്തു. കിഴക്കന്‍ പരാഗ്വേയില്‍ ഇപ്പോഴും ഗ്വാരാനി അധിവാസങ്ങളുടെ അവശിഷ്ടങ്ങള്‍ കാണാനുണ്ട്. യുദ്ധം, രോഗം എന്നിവയുടെ ഫലമായി ഗ്വാരാനി കുടുംബങ്ങളുടെ സംഖ്യ വളരെ കുറഞ്ഞു. ഗ്വാരാനി-സ്പാനിഷ് സങ്കരവര്‍ഗങ്ങള്‍ ഇപ്പോഴും ബ്രസീല്‍, ബൊളീവിയ, അര്‍ജന്റീന, പരാഗ്വേ എന്നിവിടങ്ങളിലുണ്ട്. പരാഗ്വേയിലെ രണ്ടാമത്തെ ഭാഷയായി ഗ്വാരാനി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മിഷനറികളുടെ പ്രവര്‍ത്തനഫലമായി സ്പാനിഷ്-പോര്‍ച്ചുഗീസ് പദങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഗ്വാരാനിക്ക് തെക്കേ അമേരിക്കന്‍ ഭാഷകളില്‍ പ്രമുഖ സ്ഥാനമുണ്ട്. പരാഗ്വേയിലെ നാണയത്തിന്റെ പേരും ഗ്വാരാനി എന്നാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍