This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വാനിഡിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്വാനിഡിന്‍

അമിനോമീതേനമിഡിന്‍ എന്ന ജൈവയൗഗികം. ഫോര്‍മുല:

ചിത്രം:Pg 555 vol10.png

തിളനില: 50°C. നിറമില്ലാത്തതും പരല്‍ ഘടനയുള്ളതുമായ ഈ വസ്തുവിന് അന്തരീക്ഷത്തില്‍ നിന്ന് നീരാവിയും കാര്‍ബണ്‍ ഡൈ ഓക്സൈഡും ആഗിരണം ചെയ്യാന്‍ കഴിയും. സൈനാമൈഡിനെ അമോണിയം ക്ലോറൈഡു ചേര്‍ത്ത് ചൂടാക്കിയാണ് ഇത് നിര്‍മിക്കുന്നത്.

NH2CN + NH4Cl → (NH2)2C = NH.HCl

മറ്റു ജൈവക്ഷാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്വാനിഡിന്‍ വീര്യമുള്ളൊരു ഏകാമ്ലക്ഷാരമാണ്. ഇതിന്റെ ജലലായനിയുടെ ചാലകത ആല്‍ക്കലി ഹൈഡ്രോക്സൈഡുകളുടെയത്രവരും. വളരെ വീര്യം കുറഞ്ഞ അമ്ലങ്ങളായ ബോറിക് അമ്ലവും സിലിസിക് അമ്ലവുംപോലും വളരെ സ്ഥിരതയുള്ള ഗ്വാനിഡിനിയം ലവണങ്ങളുണ്ടാക്കുന്നുണ്ട്.

അനുകമ്പനപ്രതിഭാസം (resonance) ഉപയോഗിച്ച് ഗ്വാനിഡിന്റെ വീര്യമേറിയ ക്ഷാരസ്വഭാവം വിശദീകരിക്കാന്‍ കഴിയും. ഗ്വാനിഡിന്റെ യഥാര്‍ഥ ഘടന താഴെ എഴുതിയിരിക്കുന്ന മൂന്നു ഘടനകളുടെ ആകെത്തുകയാണ്.

ഗ്വാനിഡിനിയം അയൊഡൈഡ് എന്ന സംയുക്തം പരിശോധിച്ചപ്പോള്‍ അതിലെ ഗ്വാനിഡിനിയം കാറ്റയോണിന്റെ എല്ലാ ഇച ബന്ധന ദൈര്‍ഘ്യ(bond length)ങ്ങളും തുല്യമാണെന്നും (1.38A°) കാര്‍ബണ്‍ ആറ്റത്തിനു ചുറ്റുമുള്ള മൂന്ന് നൈട്രജന്‍ ആറ്റങ്ങളും ഒരേ പ്രതലത്തില്‍ പ്രതിസമമായാണ് വിന്യസിച്ചിരിക്കുന്നതെന്നും ബോധ്യമായി. അതിനര്‍ഥം ഗ്വാനിഡിനിയം അയോണ്‍ ഒരു അനുകമ്പന മിശ്രജ (resonance hybrid) മാണെന്നും അനുകമ്പന ഊര്‍ജമാണ് ഈ അയോണിന്റെ സ്ഥിരതയ്ക്കു കാരണമെന്നുമാണ്. ഇതു കാരണം ഗ്വാനിഡിന്റെ ക്ഷാര സ്വഭാവത്തിന് രൂക്ഷതയേറുന്നു.

ഗ്വാനിഡിനിയം അയോണ്‍ - അനുകമ്പന ഘടനകള്‍.

ഗ്വാനിഡിനെ ബേരിയം ഹൈഡ്രോക്സൈഡുപയോഗിച്ച് ജലീയവിശ്ലേഷണം നടത്തിയാല്‍ യൂറിയ ലഭിക്കും.

ചിത്രം:Vol 10 pg 555 Scr04.png

അഡോള്‍ഫ് സ്ട്രെക്കര്‍ എന്ന ശാസ്ത്രജ്ഞന്‍ ഗ്വാനൈനില്‍ നിന്ന് ആദ്യമായി ഗ്വാനിഡിന്‍ നിര്‍മിച്ചു (1861). ഗ്വാനോയില്‍നിന്നാണ് ഇതിനുപയോഗിച്ച ഗ്വാനൈന്‍ വേര്‍തിരിച്ചെടുത്തത്. ഇക്കാരണത്താല്‍ ഈ വസ്തുവിന് ഗ്വാനിഡിന്‍ എന്ന പേര് ലഭിച്ചു. ജന്തുക്കളിലും സസ്യങ്ങളിലും കാണപ്പെടുന്ന ഗ്വാനിഡിന്‍ വ്യുത്പന്നങ്ങള്‍ക്ക് ശരീരകലകളുടെ പ്രവര്‍ത്തനങ്ങളില്‍ സാരമായ പങ്കുണ്ട്.

ഉപയോഗങ്ങള്‍. ഗ്വാനിഡിന്‍ നൈട്രേറ്റും ഗാഢ സള്‍ഫ്യൂരിക്ക് അമ്ലവും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന നൈട്രോഗ്വാനിഡിന്‍ വെടിമരുന്നുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.

ചിത്രം:Vol 10 scr05 pg555.png

വിവിധതരം ചായങ്ങളുടെ സംശ്ലേഷണത്തില്‍ അമിനോ ഗ്വാനിഡിന്‍ വ്യുത്പന്നങ്ങള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നു. ശരീര ശാസ്ത്രപരമായി വളരെ പ്രാധാന്യമര്‍ഹിക്കുന്ന അമിനോ അമ്ലവ്യുത്പന്നങ്ങളായ അര്‍ജിനിന്‍, ക്രിയാറ്റിന്‍ എന്നിവയില്‍ ഗ്വാനിഡിന്‍ അടങ്ങിയിട്ടുണ്ട്. അര്‍ജിനിന്‍, ഗ്വാനിഡിനൈല്‍ അമിനോ വാലറിക് അമ്ളവും ക്രിയാറ്റിന്‍, മീതൈല്‍ ഗ്വാനിഡിന്‍ അസെറ്റിക് അമ്ലവുമാണ്. പ്രോട്ടാമീനുകളുടെ ഒരു ഘടകവും ജന്തുശരീരത്തില്‍നിന്നുള്ള നൈട്രജന്‍ വിസര്‍ജന പ്രക്രിയയിലെ ഒരു പ്രധാന പങ്കാളിയുമാണ് അര്‍ജിനിന്‍. മാംസപേശികളില്‍ ധാരാളമായി കാണപ്പെടുന്ന ക്രിയാറ്റിന്‍ മാംസപേശികളുടെ സങ്കോചവികാസവേളയില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്നു. ഗ്വാനിഡിന്‍ ശരീരത്തിലുണ്ടെങ്കില്‍ ചിലതരം ടെറ്റനസ് രോഗബാധയുണ്ടാകുന്നു എന്ന വസ്തുത ഗ്വാനിഡിന്റെ ശരീരശാസ്ത്രപരമായ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ചില ഗ്വാനിഡിന്‍ വ്യുത്പന്നങ്ങള്‍ നല്ല ഔഷധങ്ങളാണ്. സിന്താലിന്‍ (ഡെക്കാമെഥിലീന്‍ ഡൈഗ്വാനിഡിന്‍) വയറുകടി ചികിത്സയ്ക്കും ഒരു ബൈ ഗ്വാനൈഡായ പാലുഡ്രിന്‍ മലമ്പനി ചികിത്സയ്ക്കും ഉപയോഗിക്കുന്നു.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍