This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വാഡലൂപ് ഹിദാല്‍ഗോ സന്ധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്വാഡലൂപ് ഹിദാല്‍ഗോ സന്ധി

മെക്സിക്കന്‍ യുദ്ധം അവസാനിപ്പിച്ച സന്ധി. സ്വാതന്ത്ര്യയുദ്ധാനന്തരം 1821-ല്‍ സ്പാനിഷ് സാമ്രാജ്യത്തില്‍ നിന്നും മെക്സിക്കോ മോചനംനേടി. 1845 മാ. 1-ന് മെക്സിക്കോ ഭാഗമായ ടെക്സാസിനെ തങ്ങളുടെ ഭാഗമാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ മെക്സിക്കന്‍ ഭരണകൂടം അംഗീകരിച്ചില്ല. ടെക്സാസിന്റെ പരമാധികാരത്തെ അംഗീകരിച്ചുപോന്നിരുന്ന ഫ്രാന്‍സും ബ്രിട്ടനും വടക്കന്‍ അയല്‍രാജ്യവുമായുള്ള യുദ്ധത്തില്‍ നിന്നും മെക്സിക്കോയെ പിന്‍തിരിക്കുവാന്‍ ശ്രമിക്കുകയും സന്ധിസംഭാഷണങ്ങള്‍ക്കു മുന്‍കൈ എടുക്കുകയും ചെയ്തെങ്കിലും അവ പരാജയപ്പെട്ടു. മാത്രവുമല്ല ന്യൂമെക്സിക്കോ, കാലിഫോര്‍ണിയ എന്നീ പ്രദേശങ്ങള്‍കൂടി അമേരിക്ക വിലപറഞ്ഞതോടെ അമേരിക്കയുമായുള്ള മെക്സിക്കോയുടെ നയതന്ത്രബന്ധങ്ങള്‍ തകരുകയും 1846 ജൂല. 1-ന് യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. കാലിഫോര്‍ണിയയും ന്യൂമെക്സിക്കോയും വളരെ പെട്ടെന്ന് അമേരിക്കന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. എന്നിരുന്നാലും മധ്യമെക്സിക്കോ അമേരിക്കന്‍ ആധിപത്യത്തെ അംഗീകരിക്കാതെ പിടിച്ചുനിന്നു. ഒടുവില്‍ 1848 ഫെ. 2-ന് മെക്സിക്കോ സിറ്റിക്കു സമീപം ഗ്വാഡലൂപ് ഹിദാല്‍ഗോയില്‍ വച്ചാണ് മെക്സിക്കോയും യു.എസ്സും സമാധാന സന്ധിയില്‍ ഒപ്പുവച്ചത്. യു.എസ്. കമ്മിഷണറായ നിക്കോളാസ് പി. ട്രിസ്റ്റും മെക്സിക്കോയെ പ്രതിനിധീകരിച്ചുള്ള ഒരു പ്രത്യേക കമ്മിഷന്റെ അംഗങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചയിലൂടെയാണ് സന്ധി തീരുമാനമായത്. ഇത് മാ. 10-ന് യു.എസ്സും മേയ് 25-ന് മെക്സിക്കോയും അംഗീകരിച്ചു. ജൂല. 4-ന് ഈ സന്ധി പ്രഖ്യാപിക്കുകയുണ്ടായി. മെക്സിക്കന്‍ റിപ്പബ്ലിക്കിന്റെ പകുതിയോളം ഭൂവിഭാഗം (അപ്പര്‍ കാലിഫോര്‍ണിയ, ന്യൂ മെക്സിക്കോ എന്നീ സ്ഥലങ്ങളുള്‍പ്പെടെ) യു.എസ്സിനു വിട്ടുകൊടുത്തു. ടെക്സാസിനുമേല്‍ യു.എസ്സിന്റെ അവകാശവാദം അംഗീകരിച്ചുകൊടുത്തു. റയോ ഗ്രാന്‍ഡേ നദി (Rio Grande) ന്യൂ മെക്സിക്കോയുടെ തെക്കേ അതിര്‍ത്തിയായി അംഗീകരിച്ചു. 15 ദശലക്ഷം ഡോളര്‍ മെക്സിക്കോക്ക് യു.എസ്. നല്കി. യു.എസ്സിനു വിട്ടുകൊടുത്ത മെക്സിക്കന്‍ ഭൂവിഭാഗത്തിലെ ആളുകള്‍ക്ക് യു.എസ്. പൗരത്വവും ഭരണഘടനാപരമായ അവകാശങ്ങളും ഉറപ്പുനല്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍