This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വാഡലൂപ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്വാഡലൂപ്

Guadeloupe

വെസ്റ്റ് ഇന്‍ഡീസിലെ ലീവേഡ് ദ്വീപുകളിലുള്ള ഒരു ഫ്രഞ്ച് സമുദ്രാന്തര ദേശവിഭാഗം. ബാസ്-റ്റേര്‍, ഗ്രാന്‍ഡ്-റ്റേര്‍ എന്നീ ദ്വീപുകളും ചെറിയ ആറ് ആശ്രിത പ്രദേശങ്ങളും കൂടിച്ചേര്‍ന്നതാണിത്. കിഴക്കന്‍ കരീബിയന്‍ സമുദ്രത്തിലെ ഈ ദ്വീപുകള്‍ക്കിടയില്‍ വളരെ വീതികുറഞ്ഞ ഒരു ചാനല്‍ കാണാം. റീവിയര്‍ സാലീ എന്നു പേരുള്ള ഈ ചാനലിന് 6 കി.മീ. നീളമുണ്ട്. ബാസ്-റ്റേറിന്റെ വിസ്തീര്‍ണം 940 ച.കി.മീറ്ററും ഗ്രാന്‍ഡ്-റ്റേറിന്റേത് 566 ച.കി.മീറ്ററും വരും. ബാക്കിയുള്ള ആറ് ആശ്രിത പ്രദേശങ്ങളും ഈ പ്രധാന ദ്വീപുകളെക്കാള്‍ വളരെ വലുപ്പം കുറഞ്ഞവയാണ്.

ബാസ്-റ്റേര്‍ ദ്വീപ് അഗ്നിപര്‍വതജന്യമാണ്. ലെസര്‍ ആന്റിലീസിലെ ലാ ഗ്രാന്‍ഡ് സൂഫ്രിയേ പര്‍വതം (1,484 മീ.) ഏറ്റവും ഉയരമുള്ള ഗിരിശൃങ്ഗമായി കണക്കാക്കപ്പെടുന്നു. ഒരു ചുണ്ണാമ്പുകല്‍ ദ്വീപാണ് ഗ്രാന്‍ഡ്-റ്റേര്‍. ഇവിടത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തിന്റെ ഉയരം 145 മീറ്റര്‍ ആണ്. ആശ്രിത പ്രദേശങ്ങളില്‍ അഗ്നിപര്‍വതജന്യമായ രണ്ടെണ്ണമൊഴിച്ച് ബാക്കി നാലും ചുണ്ണാമ്പുകല്‍-പ്രദേശങ്ങള്‍ തന്നെ. താഴ്ന്നുകിടക്കുന്ന പവിഴപ്പുറ്റുകളും വിരളമല്ല.

വാണിജ്യവാതങ്ങള്‍ വീശിയടിച്ചുകൊണ്ടിരിക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഗ്വാഡലൂപ്പിലുള്ളത്. ബാസ്-റ്റേറിലെ പര്‍വതങ്ങള്‍ ഇടതൂര്‍ന്ന മഴക്കാടുകളാല്‍ ആവൃതമാണ്. ഇവിടത്തെ വാര്‍ഷിക വര്‍ഷപാതം 9,982 മി. മീ. വരും. ഗ്രാന്‍ഡ്-റ്റേറില്‍ വര്‍ഷത്തില്‍ 1,145 മി. മീറ്ററിലേറെ മഴ ലഭിക്കുന്നു.

ജനങ്ങളില്‍ ഭൂരിഭാഗവും കറുത്തവര്‍ഗക്കാരോ 'മുളാറ്റോ'കളോ (സങ്കരവര്‍ഗം) ആണ്. ചില ആശ്രിത പ്രദേശങ്ങളില്‍ മാത്രം വെള്ളക്കാരാണ് കൂടുതല്‍. ഔദ്യോഗികഭാഷ ഫ്രഞ്ച് ആണെങ്കിലും സംസാരിക്കാന്‍ ഒരു ഗ്രാമ്യഭാഷ പരക്കെ ഉപയോഗിക്കപ്പെടുന്നു.

ഗ്രാന്‍ഡ്-റ്റേറിലുള്ള പ്വാന്താ-പീത്ര് ആണ് ഗ്വാഡലൂപ്പിലെ ഏറ്റവും വലിയ നഗരവും മുഖ്യ തുറമുഖവും. ഭരണതലസ്ഥാനമായ ബാസ്-റ്റേറില്‍ പതിനായിരത്തോളം പേര്‍ പാര്‍ക്കുന്നു. മൊത്തം ജനസംഖ്യ: 3,34,900.

പഞ്ചസാര, വാഴപ്പഴം, റം, പൈനാപ്പിള്‍, കാപ്പി, കൊക്കോ, വാനില എന്നിവയാണ് മുഖ്യമായി കയറ്റുമതി ചെയ്യുന്നത്. മനോഹരമായ കുറേ ബീച്ചുകളുള്ളതിനാല്‍ ടൂറിസം അതിവേഗം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ്. ഫ്രാന്‍സില്‍നിന്നും വടക്കേ അമേരിക്കയില്‍ നിന്നുമുള്ള കപ്പലുകള്‍ പ്വാന്താ-പീത്ര് തുറമുഖത്തെത്തുന്നത് പതിവാകുന്നു. നഗരത്തിനടുത്തുള്ള വിമാനത്താവളം (Le Raizet) കേന്ദ്രമാക്കി കുറേ അന്തര്‍ദേശീയ വിമാനസര്‍വീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

1493-ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് ആണ് ആദ്യമായി ഈ ദ്വീപുകള്‍ കണ്ടെത്തിയത്. 1635-ഓടെ ഫ്രാന്‍സ് ഗ്വാഡലൂപ്പിനെ തങ്ങളുടെ കോളനിയാക്കി മാറ്റി. ഫ്രഞ്ചുകാര്‍ കാലക്രമേണ തദ്ദേശീയരായ കാരബ്-ഇന്ത്യരെ നാമാവശേഷമാക്കുകയും, ആഫ്രിക്കയില്‍നിന്ന് ഏറെ അടിമകളെ കൊണ്ടുവരികയും ചെയ്തു. ആദ്യത്തെ പഞ്ചസാര ഫാക്ടറി ഇവിടെ സ്ഥാപിച്ചതും (1646) ഇവര്‍തന്നെ. 17-ാം ശ.-ത്തിന്റെ അവസാനത്തോടെ ലോകത്തിലെ ഏറ്റവും മുന്തിയ പഞ്ചസാര-ഉത്പാദക രാജ്യങ്ങളില്‍ ഒന്നായി മാറി ഈ കോളനി. ഫ്രാന്‍സിന്റെ ഏറ്റവും വിലയുറ്റ സമ്പാദ്യങ്ങളില്‍ ഒന്നുമായി ഈ ദ്വീപ്.

'സപ്തവത്സര യുദ്ധ'കാലത്ത് (1756-63) ബ്രിട്ടീഷുകാര്‍ ഗ്വാഡലൂപ് പിടിച്ചെടുത്തെങ്കിലും യുദ്ധാവസാനത്തോടെ തിരിച്ച് ഫ്രാന്‍സിനുതന്നെ നല്കി. ഫ്രഞ്ച് വിപ്ളവ കാലത്ത് ഇംഗ്ലീഷുകാര്‍ വീണ്ടും കോളനി കൈയടക്കി. എന്നാല്‍ വിപ്ളവസേനാംഗങ്ങള്‍ ബ്രിട്ടീഷുകാരെ തുരത്തിയോടിക്കുകയും, ഇവിടുത്തെ അടിമത്തം നിരോധിക്കുകയും ചെയ്തു (1794). ഇവിടെ ഒരു ഗിലറ്റീന്‍ സ്ഥാപിച്ച് രാജപക്ഷക്കാരാണെന്നു സംശയിക്കപ്പെട്ട നൂറുകണക്കിനാളുകളെ ശിരച്ഛേദം ചെയ്തുകൊണ്ട് അവര്‍ ഒരു ഭീകരവാഴ്ചയ്ക്കു തുടക്കമിട്ടു. 1802-ല്‍ നെപ്പോളിയന്‍ അടിമത്തസമ്പ്രദായം പുനഃസ്ഥാപിച്ചെങ്കിലും 1848-ഓടെ ഇത് പാടെ നിര്‍ത്തലാക്കപ്പെട്ടു.

മാര്‍ട്ടീനിക്കില്‍ വസിച്ചിരുന്ന ഒരു കൊളോണിയല്‍ ഗവര്‍ണര്‍ ജനറല്‍ ആണ് 1794 വരെ ഗ്വാഡലൂപ് ഭരിച്ചിരുന്നത്. 1794 മുതല്‍ 1946 വരെ ഇത് ഒരു പ്രത്യേക ഭരണത്തിന്‍ കീഴിലായിരുന്നു. രണ്ടാം ലോകയുദ്ധാവസാനത്തോടെ ഒരു പ്രത്യേക ദേശവിഭാഗമായി രൂപീകരിക്കപ്പെട്ട ഗ്വാഡലൂപ്പിന് പാരിസിലെ നാഷണല്‍ അസംബ്ളിയില്‍ പ്രാതിനിധ്യം നല്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍