This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വാട്ടിമാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്വാട്ടിമാല

Gautemala

മധ്യഅമേരിക്കയിലെ ഒരു സ്വതന്ത്ര രാജ്യം. ഔദ്യോഗികനാമം റിപ്പബ്ലിക് ഒഫ് ഗ്വാട്ടിമാല. അതിരുകള്‍ വ.പ. മെക്സിക്കോ; വ.കി. ബെലീസും ഹോണ്‍ഡുറാസ് ഉള്‍ക്കടലും; തെ.കി. ഹോണ്‍ഡുറാസും എല്‍സാല്‍വദോറും; തെ.പ. പസിഫിക് സമുദ്രം. ആകെ വിസ്തീര്‍ണം 1,08,889 ച.കി.മീ. ജനസംഖ്യ: 12,728,111 (2007) വരും.

ഭൂപ്രകൃതിയും കാലാവസ്ഥയും. പസിഫിക്-അത് ലാന്തിക തീരങ്ങളോടു ചേര്‍ന്ന് വീതികുറഞ്ഞ താഴ്ന്ന പ്രദേശങ്ങള്‍-ലോലന്‍ഡ്-കാണപ്പെടുന്നു. ഇതിനിടയിലായി സ്ഥിതിചെയ്യുന്ന ഹൈലന്‍ഡുകള്‍ രാജ്യത്തിന്റെ പകുതിയോളം വരും. പര്‍വതങ്ങള്‍, അഗ്നിപര്‍വതങ്ങള്‍, ഉയര്‍ന്ന പീഠഭൂമികള്‍, വിസ്തൃതമായ തടപ്രദേശങ്ങള്‍, എണ്ണത്തില്‍ ഏറെയുള്ള താഴ്വരകള്‍ ഇവയെല്ലാമാണ് ഗ്വാട്ടിമാലയുടെ മുഖ്യസവിശേഷതകള്‍. ഏറ്റവും ഉയരംകൂടിയ ഗിരിശൃങ്ഗങ്ങള്‍ മിക്കതും അഗ്നിപര്‍വതങ്ങളാണ്. ഇവയെല്ലാം തന്നെ പസിഫിക് ലോലന്‍ഡില്‍നിന്ന് പെട്ടെന്നുയര്‍ന്നു നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു. താജുമുള്‍കോ ആണ് ഏറ്റവും ഉയരമുള്ള കൊടുമുടി. 4,185 മീ. ഉയരമുള്ള ഈ ഗിരിശൃങ്ഗം സീറാ മാദറിലെ ഒരു നിഷ്ക്രിയശിഖരം ആണ്. യൂക്കാറ്റന്‍ ദ്വീപിന്റെ തെക്കറ്റമായ പീറ്റന്റെ നിമ്നോന്നതപീഠഭൂമി വടക്കന്‍ ഗ്വാട്ടിമാലയെ ആവരണം ചെയ്തുകാണുന്നു.

പ്രധാന നദികളെല്ലാം ഗ്വാട്ടിമാലയിലും മെക്സിക്കോയിലും കൂടെയൊഴുകി അത്ലാന്തിക്കില്‍ പതിക്കുന്നവയാണ്. ഇവ ഹൈലന്‍ഡുകളുടെ ഭൂരിഭാഗവും ജലസിക്തമാക്കുന്നു. മോട്ടാഗ്വാ, യൂസുമാകിന്റ എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഇസബര്‍, പീറ്റര്‍ ആറ്റിറ്റ്ലാന്‍ എന്നിവ മുഖ്യതടാകങ്ങളാണ്.

ഭൂമിയുടെ ഉയരത്തിനനുസരിച്ച് കാലാവസ്ഥയില്‍ വ്യതിയാനങ്ങളുണ്ടെങ്കിലും വര്‍ഷംമുഴുവനും ഏതാണ്ട് സ്ഥിരമായ ഉഷ്ണമേഖലാ കാലാവസ്ഥയാണനുഭവപ്പെടുക. ലോലന്‍ഡ്സില്‍, പ്രത്യേകിച്ച് വടക്കന്‍ പ്രദേശങ്ങളില്‍ ചൂടുകൂടിയ, ഈര്‍പ്പമുള്ളതും മലമ്പനി ഉണ്ടാക്കുന്നതുമായ കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വാര്‍ഷിക താപനില ജനു.-യില്‍ 17°C-ഉം ജൂല.-യില്‍ 21°C-ഉം വരെയായിരിക്കും. പര്‍വതപ്രദേശങ്ങളിലെ ശ.ശ താപനില 12°C മുതല്‍ 1°C വരെ ആണ്. ആളുകള്‍ കൂടുതലായി പാര്‍ക്കുന്നത് തണുപ്പേറിയ ഹൈലന്‍ഡുകളിലാണ്. വ. കിഴക്കന്‍ വാണിജ്യവാതങ്ങള്‍ രാജ്യത്ത് പരക്കെ കനത്ത മഴ പെയ്യിക്കുന്നു. മിക്കയിടത്തും മേയ് മുതല്‍ ഒ. വരെയാണ് മഴക്കാലം; ന. മുതല്‍ ഏ. വരെ ഉഷ്ണകാലവും. വാര്‍ഷിക വര്‍ഷപാതം 1,316 മി. മീറ്റര്‍.

സസ്യങ്ങള്‍, ജന്തുക്കള്‍, ധാതുക്കള്‍. മൊത്തം കരയുടെ ഏതാണ്ട് 45 ശ.മാനത്തോളം വരുന്ന വനങ്ങളാണ് ഗ്വാട്ടിമാലയുടെ ഏറ്റവും മുന്തിയ ധനാഗമമാര്‍ഗങ്ങളില്‍ ഒന്ന്. അത്ലാന്തിക് ലോലാന്‍ഡ്, പീറ്റര്‍ എന്നിവിടങ്ങളില്‍ മുക്കാലും മഴക്കാടുകളാണ്. മഹാഗണിയാണ് ഇവിടത്തെ പ്രധാന വൃക്ഷവും തടിയും. വിസ്തൃതമായ പുല്‍ത്തകിടികളും ഉഷ്ണമേഖലാവനങ്ങളും താരതമ്യേന വരണ്ട അത് ലാന്തിക് തീരങ്ങളെ ആവരണം ചെയ്യുന്നു. ഹൈലന്‍ഡ്സിന്റെ ഉയരം കുറഞ്ഞ പ്രദേശങ്ങളില്‍ പുല്‍മേടുകളും ഇലപൊഴിയും കാടുകളുമാണ് കൂടുതല്‍; ഉയര്‍ന്ന ഇടങ്ങളില്‍ കോണിഫെറസ് വൃക്ഷങ്ങളും. ക്യാബിനറ്റ് വുഡ്, ഡൈവുഡ് ചൂയിങ്ഗം നിര്‍മാണത്തിനുപയോഗിക്കുന്ന ചിക്ക്ള്‍ എന്നിവയാണ് മുഖ്യ വനവിഭവങ്ങള്‍.

ജനവാസം താരതമ്യേന കുറവായ ഉഷ്ണമേഖലാ ലോലന്‍ഡുകളും, അകലെയുള്ള പര്‍വത പ്രദേശങ്ങളുമാണ് വന്യമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങള്‍. വിവിധതരം കുരങ്ങുകള്‍; ജാഗ്വര്‍, പ്യൂമ, കരടി, മാന്‍, ഉറുമ്പുതീനി, ആര്‍മഡിലോ തുടങ്ങിയ മൃഗങ്ങള്‍; പലതരം വിഷപ്പാമ്പുകള്‍; മനോഹരവര്‍ണങ്ങളിലുള്ള അനേകം പക്ഷികള്‍ ഇവയൊക്കെ ഇവിടെ സമൃദ്ധമായി കാണപ്പെടുന്നു. പുരാതന മായന്മാര്‍ പവിത്രമായി കരുതിയിരുന്ന കെറ്റ്സാല്‍ എന്ന അപൂര്‍വയിനം പക്ഷി ഇവിടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. ഇവിടത്തെ ദേശീയ ചിഹ്നവും ഈ പക്ഷിതന്നെ.

പല ധാതുക്കളും ഇവിടുണ്ടെങ്കിലും വ്യാപാരാടിസ്ഥാനത്തില്‍ ഖനനം ചെയ്യപ്പെടുന്നവ വളരെക്കുറവാണ്. വെള്ളി, ലെഡ്, സിങ്ക്, കാഡ്മിയം എന്നിവ വളരെ ചെറിയതോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഭാവിയിലെ വികസനത്തില്‍ ഒരു സുപ്രധാന പങ്കുവഹിക്കുന്ന ധനാഗമമാര്‍ഗമാണ് ഗ്വാട്ടിമാലയില്‍ പെട്രോളിയം.

കൃഷി. മുഖ്യമായും ഒരു കാര്‍ഷിക രാജ്യമാണ് ഗ്വാട്ടിമാല. ഭിന്നകാലാവസ്ഥകളും ഫലപുഷ്ടമായ മണ്ണും (പ്രത്യേകിച്ച് ഹൈലന്‍ഡ്സിലെ അഗ്നിപര്‍വതജന്യമായ മണ്ണ്) കൃഷിക്ക് ഏറ്റവും പറ്റിയതാണ്. പൂര്‍വിക ഗ്രാമങ്ങള്‍ക്കു ചുറ്റിലുമായി രൂപം കൊണ്ടിട്ടുള്ള ഇന്ത്യന്‍ കുടികിടപ്പുകള്‍ പൊതുവേ ചെറുതും ദരിദ്രവും പ്രാകൃതാവസ്ഥയിലുള്ളതുമാകുന്നു. ചോളവും ബീന്‍സുമാണ് മുഖ്യ കാര്‍ഷിക വിളകള്‍. മറ്റു പച്ചക്കറികള്‍, ഗോതമ്പ്, നെല്ല് എന്നിവയും കൃഷി ചെയ്യപ്പെടുന്നുണ്ട്. വാണിജ്യ വിളകളെ സംബന്ധിച്ചിടത്തോളം കയറ്റുമതിയിനങ്ങളില്‍ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുള്ളൂ. ബൃഹത്തും ആധുനികവുമായ ഈ കൃഷിയിടങ്ങള്‍ ഏതാനും വ്യക്തികളുടെ സ്വന്തമാണ്. അപൂര്‍വമായി വിദേശികള്‍ക്കും ഇവിടെ തോട്ടങ്ങളുണ്ട്. കാപ്പിയാണ് മുഖ്യകയറ്റുമതിയിനം. പരുത്തിയുടെ സ്ഥാനം രണ്ടാമതാണ്. വാഴപ്പഴം, കരിമ്പ്, മാംസം എന്നിവയും പ്രധാനം തന്നെ. ഇറച്ചി മാടുകള്‍, ആടുകള്‍, പന്നികള്‍ എന്നിവയാണ് മുഖ്യകന്നുകാലിവര്‍ഗം.

വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളും ഗതാഗതവും. പരിമിത വസ്തുക്കള്‍ മാത്രമേ ഗ്വാട്ടിമാലയില്‍ വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നുള്ളൂ. ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും സംസ്കരണം; ലഘു-ഉപഭോക്തൃവസ്തുക്കളായ ടെക്സ്റ്റൈല്‍, വസ്ത്രങ്ങള്‍, സോപ്പ്, ഷൂസ്, സിഗററ്റ്, തീപ്പെട്ടി, റബ്ബര്‍സാധനങ്ങള്‍ എന്നിവയുടെ നിര്‍മാണം ഇവയാണ് ഇവിടെ പ്രധാനമായി നടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കരകൗശല വസ്തുക്കളായി ഉത്പാദിപ്പിക്കപ്പെടുന്നു; കുറെയൊക്കെ കുടില്‍വ്യവസായങ്ങളുമാണ്. ഇന്ത്യന്‍ നിര്‍മിത ടെക്സ്റ്റൈലുകളാണ് ഹാന്‍ഡിക്രാഫ്റ്റുകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒരിനം.

ഉദ്ദേശം 800 കി.മീ. ദൈര്‍ഘ്യമുള്ള ഒരു റെയില്‍വേ സംവിധാനം ഗ്വാട്ടിമാലാ നഗരം കേന്ദ്രമായി ഗവണ്‍മെന്റിന്റേതായുണ്ട്. രണ്ടാം ലോക യുദ്ധത്തിനുശേഷം ഹൈവേകളും റോഡുകളും ഒരു ദേശീയ ശൃംഖലയായി വികസിപ്പിച്ചെടുത്തിരിക്കുന്നു. 12,112 കി.മീ. ദൈര്‍ഘ്യമുള്ള ഈ ശൃംഖലയില്‍ രണ്ട് അന്താരാഷ്ട്ര ഹൈവേകള്‍ ഉള്‍പ്പെടുന്നു. പാന്‍ അമേരിക്കന്‍ ഹൈവേയുടെ ഗ്വാട്ടിമാലന്‍ സെക്ഷനാണ് ഇതിലൊന്ന്. ഹോണ്‍ഡുറാസ് ഉള്‍ക്കടലിലെ പ്യൂര്‍ട്ടോ ബാരിയോസ് ആണ് പ്രധാന തുറമുഖം. ഗ്വാട്ടിമാലാ നഗരത്തിലെ വിമാനത്താവളം സ്വദേശികളും വിദേശികളുമായ എയര്‍ലൈനുകളെ സ്വീകരിച്ച് സര്‍വീസ് നടത്താന്‍ അനുവദിച്ചിരിക്കുന്നു.

ജനങ്ങള്‍. ഔദ്യോഗികഭാഷ സ്പാനിഷ് ആണ്. മായാകിച്ചേ ഭാഷകളില്‍ 16 എണ്ണത്തോളം ഇവിടത്തെ ഇന്ത്യക്കാര്‍ സംസാരിക്കുന്നുണ്ട്. ഇതിലോരോന്നിനും ഒരു പ്രത്യേക ഭാഷണരീതി ഉള്ളതായി കാണാം. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുചെയ്തിരിക്കുന്നു. റോമന്‍ കത്തോലിക്കരാണ് മുഖ്യമതവിഭാഗം.

ആറുവര്‍ഷത്തെ പ്രാഥമിക വിദ്യാഭ്യാസം നിയമം മൂലം തന്നെ സൗജന്യവും നിര്‍ബന്ധിതവുമാണ്. എന്നാല്‍ സ്കൂളുകളുടെയും അധ്യാപകരുടെയും എണ്ണം വളരെ പരിമിതമായതിനാല്‍ നല്ല ഒരു പങ്ക് ആളുകള്‍, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ നിരക്ഷരരാകുന്നു. ഗ്വാട്ടിമാലാ നഗരത്തിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനം സാന്‍ കാര്‍ലോസ് യൂണിവേഴ്സിറ്റി ആകുന്നു.

ചരിത്രം. മായന്‍ സംസ്കാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഗ്വാട്ടിമാല. ഈ സംസ്കാരം എ.ഡി. 300 മുതല്‍ 900 വരെ നീണ്ടുനിന്നു. മായന്‍ പൈതൃകം ഇന്ന് ടിക്കലിലെ പിരമിഡുകളിലും ക്ഷേത്രങ്ങളിലും യൂക്സാക്റ്റൂണിലെയും പീഡ്രാസ് നിഗ്രാസിലെയും അവശിഷ്ടങ്ങളിലുമായി ഒതുങ്ങിനില്ക്കുന്നു. മായന്‍ സംസ്കാരം കേന്ദ്രീകൃതവും മതാധിഷ്ഠിതവുമായിരുന്നു. ഗോത്രാധിഷ്ഠിതമായ സാമൂഹിക ഘടനയും, സാമൂഹിക ഭൂനിയന്ത്രണവുമായിരുന്നു മായന്‍ സംസ്കാരത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. ക്ഷേത്രനഗരങ്ങള്‍ പൂജാരികളായ ഭരണകര്‍ത്താക്കളുടെ താമസസ്ഥലമായിരുന്നു. മതത്തെ ജ്യോതിഷം, ഗണിതം, ശാസ്ത്രം എന്നിവയുമായി സമഞ്ജസമായി സംയോജിപ്പിച്ചിരുന്നു.

ക്യൂറ്റ്സല്‍-ഗ്വാട്ടിമാലയുടെ ദേശീയപക്ഷി

900-ത്തിനുശേഷം മായന്‍ സംസ്കാരം അധഃപതിക്കാന്‍ തുടങ്ങി. എങ്കിലും യുക്കാറ്റനിലും തെക്കേ ഗ്വാട്ടിമാലയിലും കുറേ ശതാബ്ദങ്ങളോളം അതു നിലനിന്നു. പിന്നീട് ക്യൂച്ചി വര്‍ഗത്തിന്റെ കീഴില്‍ ഈ സംസ്കാരം സംയോജിപ്പിക്കപ്പെട്ടു. 16-ാം ശ.-ത്തിന്റെ ആദ്യത്തില്‍ സ്പെയിന്‍കാര്‍ ഗ്വാട്ടിമാല ആക്രമിച്ചു. അന്നുമുതല്‍ ഇത് ഒരു സ്പാനിഷ് കോളനിയായി (1524-1821). മെക്സിക്കോയില്‍ നിന്ന് സ്പാനിഷ് സൈന്യവുമായി വന്ന പെഡ്രൊദ ആല്‍വരാഡൊ ആണ് 1524-ല്‍ ഗ്വാട്ടിമാലയില്‍ അധികാരം സ്ഥാപിച്ചത്. ഇതോടെ ഗ്വാട്ടിമാല നവ സ്പെയിനിലെ പ്രധാന കേന്ദ്രമായിമാറി. 1773-ലെ ഭൂകമ്പത്തില്‍ ആന്റിഗ്വ നഗരം നശിച്ച ശേഷം 1776-ല്‍ തലസ്ഥാനം ഗ്വാട്ടിമാലാ നഗരത്തിലേക്കു മാറ്റി. ഇതോടെ ഗ്വാട്ടിമാലാ നഗരം മധ്യഅമേരിക്കയിലെ ഒന്നാംകിട നഗരമായി മാറി.

19-ാം ശ.-ത്തിന്റെ തുടക്കത്തില്‍ അമേരിക്കയിലെ സ്പാനിഷ് പ്രദേശങ്ങള്‍ സ്വതന്ത്രമായപ്പോള്‍ ഗ്വാട്ടിമാല മെക്സിക്കോയുടെ ഭരണത്തിലായി (1822-23). എന്നാല്‍ 1823-ല്‍ സെന്‍ട്രല്‍ അമേരിക്കന്‍ പ്രവിശ്യകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഗ്വാട്ടിമാല അതിന്റെ ഭാഗമായി. സെന്‍ട്രല്‍ അമേരിക്കന്‍ റിപ്പബ്ലിക്കുകളുടെ പ്രഥമ പ്രസിഡന്റ് മാനുവല്‍ ജോസ് ആര്‍ക്ക് ആയിരുന്നു. ആദ്യവര്‍ഷങ്ങളില്‍ റിപ്പബ്ളിക്, രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ അസ്വസ്ഥമായിരുന്നു. 1829-ല്‍ ഹോണ്‍ഡുറാസിലെ ഫ്രാന്‍സിസ്കോ മൊറാസന്‍ ഗ്വാട്ടിമാല ആക്രമിച്ചു. പക്ഷേ, ആഭ്യന്തര കുഴപ്പം നിമിത്തം റിപ്പബ്ലിക്കുകളുടെ പുനഃസംവിധാനം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. 1837-ല്‍ റാഫേല്‍ കരേറ വിപ്ലവം സംഘടിപ്പിക്കുകയും 1838-ല്‍ ഗ്വാട്ടിമാല ഫെഡറേഷനില്‍നിന്ന് വിട്ടുപോവുകയും ചെയ്തു.

1847 മാ.-ല്‍ ഗ്വാട്ടിമാല സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. റാഫേല്‍ കരേറ പ്രസിഡന്റായി. അദ്ദേഹം മരണം (1865) വരെ തത്സ്ഥാനത്ത് തുടര്‍ന്നു. 1859-ല്‍ ബ്രിട്ടീഷ് ഹോണ്‍ഡുറാസിന്റെ അതിര്‍ത്തിയെ സംബന്ധിച്ചു ബ്രിട്ടനുമായി ഒരു ഉടമ്പടിയുണ്ടാക്കി. റോഡുകള്‍ ഉണ്ടാക്കിയും കൃഷി വികസിപ്പിച്ചും ഒരു സുസ്ഥിര ഗവണ്‍മെന്റ് സ്ഥാപിച്ചു. മറ്റു മധ്യഅമേരിക്കന്‍ സ്റ്റേറ്റുകളില്‍ യാഥാസ്ഥിതികഭരണം നിലനിര്‍ത്താന്‍ കരേറ തുടര്‍ച്ചയായി ഇടപെട്ടിരുന്നു. കരേറയുടെ നിര്യാണത്തെത്തുടര്‍ന്ന് ഗ്വാട്ടിമാലയില്‍ അധികാരവടംവലിയായി. എന്നാല്‍ 1871-ല്‍ ഉണ്ടായ ഒരു വിപ്ളവത്തിലൂടെ ജസ്റ്റോറൂഫിനോ ബാരിയോസിന്റെ നേതൃത്വത്തില്‍ ഒരു ലിബറല്‍ ഗവണ്‍മെന്റ് സ്ഥാപിതമായി. ഗ്വാട്ടിമാലയുടെ സാമ്പത്തികാഭിവൃദ്ധിക്കുവേണ്ടി ബാരിയോസ് തീവ്രപരിശ്രമം നടത്തി. മതകാര്യങ്ങളില്‍ കരേറയ്ക്ക് എതിരായ നയമാണ് ബാരിയോസ് നടപ്പിലാക്കിയത്. ജെസ്യൂട്ട് പുരോഹിതന്മാരെയും ചര്‍ച്ച് ഉദ്യോഗസ്ഥന്മാരെയും പുറത്താക്കുകയും, സിവില്‍ വിഭാഗം ഏര്‍പ്പെടുത്തുകയും വിദ്യാഭ്യാസം ചര്‍ച്ചിന്റെ സ്വാധീനത്തില്‍നിന്നു വിമുക്തമാക്കുകയും ചെയ്തു. 1876-ല്‍ ഇദ്ദേഹം ഗ്വാട്ടിമാലയ്ക്ക് ഒരു പുതിയ ഭരണഘടനയുണ്ടാക്കി. മധ്യഅമേരിക്കന്‍ രാജ്യങ്ങളെ ശക്തി ഉപയോഗിച്ച് യോജിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ എല്‍സാല്‍വദോറിലെ ചാല്‍ച്ചവ യുദ്ധത്തില്‍ ഇദ്ദേഹം കൊല്ലപ്പെട്ടു (1885). ബാരിയോസിന് നാനാതരത്തിലുള്ള സാമ്പത്തികാഭിവൃദ്ധി കൈവരുത്താന്‍ കഴിഞ്ഞു. മികച്ച ഗതാഗത സമ്പ്രദായവും, വിദ്യുച്ഛക്തി വിതരണവും ഏര്‍പ്പെടുത്തി. ആദ്യമായി ബാങ്കിങ് സമ്പ്രദായം നടപ്പില്‍ വരുത്തിയതും ബാരിയോസ്തന്നെ. ഇദ്ദേഹത്തിന്റെ മരണശേഷം ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍ തുടര്‍ന്നു. പല ഭരണമാറ്റങ്ങള്‍ക്കുശേഷം 1898-ല്‍ മാനുവല്‍ എസ്റ്റ്രേഡാ കബ്രേറാ അധികാരത്തില്‍ വന്നു. കബ്രേറാ ഒരു സ്വേച്ഛാധിപതി ആയിരുന്നു. 1904-ലും 1910-ലും 1916-ലും നടന്ന തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ച് കബ്രേറാ അധികാരത്തില്‍ തുടര്‍ന്നു. 1920-ല്‍ നടന്ന എട്ടുദിവസം നീണ്ട വിപ്ലവം കബ്രേറായെ പുറത്താക്കി.

ഒരു ഗ്വാട്ടിമാലന്‍ നാടോടിനൃത്തം

1920-കള്‍ ഗ്വാട്ടിമാലയ്ക്ക് അഭിവൃദ്ധിയുടെയും ജനാധിപത്യത്തിന്റെ തുടക്കത്തിന്റെയും കാലമായിരുന്നു. 1931-ലെ ലോകസാമ്പത്തിക മാന്ദ്യം ഉപയോഗപ്പെടുത്തി ജോര്‍ജ് യുബികോ വൈകാസനെഡാ അധികാരത്തില്‍ വന്നു. ഗ്വാട്ടിമാലയിലെ സ്വേച്ഛാധിപതിക്കെതിരായി സര്‍വകലാശാലാ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥന്മാരുംകൂടി തുടങ്ങിയ പ്രതിഷേധ പ്രസ്ഥാനം യുബികോയുടെ വീഴ്ചയില്‍ അവസാനിച്ചു (1944 ജൂല.). ഒക്ടോബര്‍ മധ്യത്തില്‍ ഇവരും യുവസൈനികരും കൂടി യുബികോയെ പിന്തുടര്‍ന്ന ഫെഡറികോയെയും അധികാരത്തില്‍ നിന്നു പുറത്താക്കി, ഒരു ജനാധിപത്യ ഭരണത്തിനു കളമൊരുക്കി.

1944 ഡി.-ലെ തെരഞ്ഞെടുപ്പില്‍ അര്‍ജന്റീനയില്‍ താമസമാക്കിയിരുന്ന ഒരു വിദ്യാഭ്യാസവിദഗ്ധനായ ജൂവാന്‍ജോസ് അറിവാലോ ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പല പരിഷ്കാരങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും ജൂവാന്‍ നടപ്പില്‍ വരുത്തി. രാഷ്ട്രീയ സ്വാതന്ത്ര്യം നടപ്പിലാക്കി. പ്രസിഡന്റിന്റെ ഭരണകാലം ഒരു പ്രാവശ്യത്തേക്കു മാത്രമാക്കി. പല രാഷ്ട്രീയ വിപ്ളവങ്ങളെയും അതിജീവിച്ച ജൂവാന്‍ ഭരണഘടനാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ടയാളിന് അധികാരം കൈമാറിയ രണ്ടാമത്തെ പ്രസിഡന്റായിരുന്നു.

അടുത്ത പ്രസിഡന്റായ കേണല്‍ ജേക്കബോ അര്‍ബെന്‍സ് ഗുസ്മാന്‍ ഭരണം (1951) ഏറ്റെടുത്തു. ഭരണം തൊഴിലാളികള്‍ക്ക് അനുകൂലവും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ആശ്രയിച്ചുള്ളതും ആയിരുന്നു. യുണൈറ്റഡ് ഫ്രൂട്ട് കമ്പനി, സെന്‍ട്രല്‍ അമേരിക്കന്‍ ഇന്റര്‍ നാഷണല്‍ റെയില്‍റോഡ് കമ്പനി, എംപ്രസ് ഇലക്ട്രിക് മുതലായ യു.എസ്. ഏകോപിതക്കമ്പനികളുടെ സ്വാധീനം കുറയ്ക്കാനും പുതിയ ഭരണം നടപടികളെടുത്തു. ഇത് സ്ഥാപിത താത്പര്യക്കാരുമായി രൂക്ഷമായ ഉരസലിനു കാരണമായി. പൊതുജനസമ്പര്‍ക്കവും കാര്‍ഷിക പരിഷ്കാരങ്ങളും സൈന്യത്തെ അലോസരപ്പെടുത്തി. ഇതിന്റെ ഫലം യു.എസ്. സഹായത്തോടെ ഹോണ്‍ഡുറാസ് നിന്നും ഗ്വാട്ടിമാല ആക്രമിച്ചതായിരുന്നു. അര്‍ബന്‍സ് 1854 ജൂല.-ല്‍ രാജിവച്ചു. തുടര്‍ന്ന് ഒരു സൈനികസംഘം അധികാരം പിടിച്ചെടുത്തു.

സൈനികസംഘത്തിന്റെ തലവനായ കേണല്‍ കാര്‍ലോസ് കാസ്റ്റില്ലോ അര്‍മാസ് നവംബറില്‍ ഒരു ജനഹിത പരിശോധനയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1944-ലെ വിപ്ലവാദര്‍ശങ്ങളില്‍ വിശ്വസിക്കുന്നുവെന്ന് പ്രഖ്യാപിച്ചുവെങ്കിലും, അദ്ദേഹത്തിന് ഇടതും വലതും വിഭാഗക്കാരുടെ എതിര്‍പ്പു നേരിടേണ്ടിവന്നു. കാര്‍ഷിക പരിഷ്കാരങ്ങള്‍ തുടര്‍ന്നുവെങ്കിലും അത് വിജയിച്ചില്ല. വിദ്യാര്‍ഥി പ്രകടനങ്ങള്‍ നിയമവിരുദ്ധമാക്കപ്പെട്ടു. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. സൈന്യം സഹായിക്കുന്ന ഒരു പാര്‍ട്ടി രാഷ്ട്രീയ ജീവിതത്തെ നിയന്ത്രിച്ചു. കാസ്റ്റില്ലോയുടെ വധം (1957 ജൂല. 26) മാസങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ അസ്ഥിരതയ്ക്ക് വഴിവച്ചു. അതിനെ പിന്തുടര്‍ന്ന ഭരണം അത്രത്തോളം മര്‍ദനപരമായിരുന്നില്ലെങ്കിലും വളരെ ഫലപ്രദമായിരുന്നില്ല. മിഗ്വെല്‍ എയ്ഡിഗൊറസ് ഫുവെന്റിസ് സ്വതന്ത്രമായ തെരഞ്ഞെടുപ്പില്‍ക്കൂടിയാണ് അധികാരത്തില്‍ വന്നതെങ്കിലും (ജനു. 1958) വളരെവേഗം ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ തുടങ്ങിയത് കുഴപ്പത്തിലേക്കു നയിച്ചു. 1963 മാ. 31-ന് അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനെ സൈന്യം പുറത്താക്കി. അടുത്ത മൂന്നുവര്‍ഷം സൈനിക നേതൃത്വം ഒരു ഇടക്കാല ഗവണ്‍മെന്റ് നടപ്പിലാക്കി. സാമ്പത്തികരംഗം അഴിച്ചു പണിയാമെന്ന ഗവണ്‍മെന്റിന്റെ വാഗ്ദാനം വിജയിച്ചില്ല. 1966 മാ.-ല്‍ ഇടതുപക്ഷ മിതവാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ജൂലിയോ സീസര്‍ മെന്‍ഡസ് മോണ്‍ടിനിഗ്രോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1966 വേനല്‍ക്കാലത്ത് സൈന്യം ഇടതുപക്ഷ ഒളിപ്പോരുകള്‍ക്കെതിരെ പ്രവര്‍ത്തനം തുടങ്ങി. സക്കാപാ പ്രദേശത്ത് സൈന്യവും അവരുടെ ഒത്താശയോടുകൂടി വലതുപക്ഷ പ്രതിവിപ്ളവകാരികളും പ്രവര്‍ത്തിച്ച് 1967-ല്‍ 1000 പേരെ കൊലപ്പെടുത്തി. വിപ്ളവകാരികള്‍ രണ്ടു യു.എസ്. സൈനിക ആഫീസര്‍മാരെയും യു.എസ്. അംബാസിഡറെയും വധിച്ചു.

1970 മാ.-ല്‍ വലതുപക്ഷ സ്ഥാനാര്‍ഥിയായ കേണല്‍ കാര്‍ലോസ് പ്രസിഡന്റായി. 1974-ല്‍ ലോഗെറെഡ് പ്രസിഡന്റായി. 1976 ഫെ. 4-ന് ഉണ്ടായ ഭൂകമ്പത്തില്‍ ഗ്വാട്ടിമാലാനഗരവും പ്രാന്തപ്രദേശങ്ങളും നാശോന്മുഖമായി. ഇതില്‍ 23,000 പേര്‍ മരിച്ചതായും 76,000 പേര്‍ക്ക് മുറിവേറ്റതായും, 15,00,000 പേര്‍ ഭവനരഹിതരായതായും കണക്കാക്കപ്പെടുന്നു. 1982 മാ.-ലെ പട്ടാള വിപ്ലവത്തിനുശേഷം ജനറല്‍ റയോസ്മോണ്ട് പ്രസിഡന്റായി. അതേവര്‍ഷം ആഗ.-ല്‍ നടന്ന വിപ്ലവത്തില്‍ ബ്രിഗേഡിയര്‍ ജനറല്‍ ഓസ്കാര്‍ ഹംബര്‍ടോ മെജാവിക്ടോറസ് പ്രസിഡന്റായി. 1984 ജൂല.-ല്‍ ഭരണഘടനാ നിര്‍മാണ സമിതിയെ തിരഞ്ഞെടുത്തു. പുതിയ ഭരണഘടന 1986 ജനു. 14-നു നിലവില്‍വന്നു. അഞ്ചുവര്‍ഷ കാലാവധിയിലേക്ക് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കാന്‍ വ്യവസ്ഥയുണ്ടാക്കി. 1986 ജനു. 14-ന് വിനിഷ്യോ സെറാസൊ പ്രസിഡന്റായി.

ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ ഗറില്ലകളും ഗവണ്‍മെന്റും തമ്മില്‍ നടന്ന സമാധാനചര്‍ച്ചകള്‍ 1996-ല്‍ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് അറുതിവരുത്തി. 2,00,000-ത്തിലധികം ആളുകള്‍ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമാധാനാന്തരീക്ഷത്തില്‍ 2007-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ യൂണിറ്റി ഒഫ് ഹോപ്പ് നേതാവ് അല്‍വാരോ കോളം രാജ്യത്തെ പ്രസിഡണ്ടാകുകയും കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം നേടുകയും ചെയ്തു. ബഹുകക്ഷി സംവിധാനം നിലവിലുള്ള ഗ്വാട്ടിമാലയില്‍ പ്രസിഡണ്ടാണ് രാഷ്ട്രത്തിന്റെയും ഭരണകൂടത്തിന്റെയും തലവന്‍.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍