This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലൗക്കൊണൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലൗക്കൊണൈറ്റ്

Glauconite

മൈക്ക കുടുംബത്തില്‍പ്പെടുന്ന ഒരു ധാതു. ഇരുമ്പ്, പൊട്ടാസ്യം എന്നിവയാല്‍ സംപുഷ്ടമായ ഒരു ഹൈഡ്രോസിലിക്കേറ്റ് ധാതുവായ ഗ്ലൗക്കൊണൈറ്റില്‍ അലുമിന, മഗ്നീഷ്യ എന്നിവയും അടങ്ങിയിരിക്കുന്നു. K (Fe3+ Al)2 (Si Al)4 O10 (OH)2 എന്നതാണ് രാസഘടന. ഇത് മൈക്കയുമായി സാമ്യം പ്രകടമാക്കുന്നു.

അരൂപാവസ്ഥയില്‍ കാണപ്പെടുന്ന ഈ ധാതു അര മി. മീറ്ററോളം വ്യാസമുള്ള ഉരുണ്ട തരികളായും ക്രിസ്റ്റല്‍ രൂപത്തിലും കാണപ്പെടാറുണ്ട്. ഡൈ-ഒക്റ്റാഹെഡ്രല്‍ മാതൃകയിലുള്ള അതിസൂക്ഷ്മ ക്രിസ്റ്റലുകളായി കാണുന്ന ഇവ മോണോക്ലിനിക് ക്രിസ്റ്റല്‍ വ്യൂഹത്തില്‍ ക്രിസ്റ്റലീകരിക്കുന്നു. ധാതുവിന്റെ നിറം പച്ചയാണ്. ചിലപ്പോള്‍ തിളക്കമാര്‍ന്ന ദ്യുതി (lustre) പ്രകടമാക്കുന്ന ഗ്ലൗക്കൊണൈറ്റ് അപൂര്‍വമായി മങ്ങിയും കാണാറുണ്ട്. അതാര്യമാണ്. കാഠിന്യം മോ സ്കെയില്‍ പ്രകാരം 2; ആ. സാ. 2.2-2.4; ഇളംപച്ച നിറത്തിലുള്ള ചൂര്‍ണാഭ തരുന്നു. ക്രിസ്റ്റലുകള്‍ വ്യക്തമായ വിദളനം കാണിക്കുന്നവയാണ്.

ജലനിരപ്പില്‍ നിന്ന് 30 മീ. മുതല്‍ 1,000 മീ. വരെ ആഴമുള്ള സമുദ്രത്തിനടിത്തട്ടിലാണ് ഈ ധാതു കണ്ടുവരുന്നത്. ചുണ്ണാമ്പുകല്ല്, ചോക്കുകല്ല്, കളിമണ്ണ്, മണല്‍ക്കല്ല് എന്നിവയില്‍ ഗ്ലൗക്കൊണൈറ്റ് കാണുന്നുണ്ട്. ആഴക്കടല്‍ഖനനത്തിലൂടെയാണ് ധാതുവിന്റെ സംഭരണം.

ഗ്ലൗക്കൊണൈറ്റിന്റെ ഉദ്ഭവത്തെപ്പറ്റി പല അഭിപ്രായങ്ങളും ശാസ്ത്രജ്ഞര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. സമുദ്രത്തിനടിത്തട്ടില്‍ കഴിയുന്ന ജീവികളുടെ വിസര്‍ജ്യവസ്തുക്കള്‍ രൂപാന്തരം സംഭവിക്കുന്നതുമൂലമോ, ബയോറ്റൈറ്റ് കലര്‍ന്ന കളിമണ്ണില്‍ സമുദ്രത്തിന്റെ പ്രവര്‍ത്തനം മൂലമോ, സമുദ്രജലത്തില്‍ നിന്നും നേരിട്ട് ഘനീഭവിക്കുന്നതു വഴിയോ ആകാം ഗ്ലൗക്കൊണൈറ്റ് ഉരുത്തിരിഞ്ഞതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ജലത്തിന്റെ കാഠിന്യം നീക്കം ചെയ്യാന്‍ ഈ ധാതു ഉപയോഗിക്കുന്നു.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍