This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലോബ് തിയെറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലോബ് തിയെറ്റര്‍

Globe Theatre

ലണ്ടനിലെ നാടകശാല. റിച്ചാഡ് ബര്‍ബേജ്, കത്ബെര്‍ട് ബര്‍ബേജ് എന്നിവരാണ് 1590-ല്‍ ഗ്ലോബ് തിയെറ്റര്‍ നിര്‍മിച്ചത്. സൗത്ത് പാര്‍ക്കില്‍ ലണ്ടന്‍ ബ്രിഡ്ജിന് അടുത്ത് പടിഞ്ഞാറോട്ടുമാറി തെംസ് നദിയുടെ തെക്കേകരയില്‍ സ്വാന്‍ തിയെറ്ററിനും റോസ് തിയെറ്ററിനും സമീപത്തായിരുന്നു ഇത് സ്ഥിതി ചെയ്തിരുന്നത്. ഷെയ്ക്സ്പിയര്‍, ബെന്‍ ജോണ്‍സണ്‍, ജോണ്‍പോള്‍ എന്നിവരുടെ നാടകങ്ങള്‍ ഗ്ലോബ് തിയെറ്ററിലാണ് അരങ്ങേറിയിരുന്നത്.

ഗ്ലോബ് തിയെറ്റര്‍

പുല്ലുമേഞ്ഞ മേല്‍ക്കൂരയോടുകൂടിയ ഗ്ലോബ് തിയെറ്ററിന് ഒരു കുഴലിന്റെ ആകൃതിയായിരുന്നു. ഉള്ളില്‍ ഒരു ഉയര്‍ന്ന ബാല്‍ക്കണിയും ഉണ്ടായിരുന്നു. 1613-ല്‍ ഹെന്റി VIII-ന്റെ അവതരണ സമയത്ത് ഉണ്ടായ ഒരു സ്ഫോടനത്തെത്തുടര്‍ന്ന് ഗ്ലോബ് തിയെറ്റര്‍ പൂര്‍ണമായി കത്തിനശിച്ചു. 1614-ല്‍ ജൂണില്‍ കത്ബര്‍ട് ബര്‍ബേജ് പഴയ രീതിയില്‍ത്തന്നെ വൃത്താകൃതിയില്‍, ഓടുമേഞ്ഞ മേല്‍ക്കൂരയോടുകൂടി ഗ്ലോബ് തിയെറ്റര്‍ പുതുക്കി പണിയിച്ചു. 1642 വരെ ഈ നാടകശാലയില്‍ അഭംഗുരം നാടകാവതരണം നടന്നു. എന്നാല്‍ ക്രോംവെല്ലിന്റെ കാലത്തു നടന്ന ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ഗ്ലോബ് തിയെറ്ററും അടയ്ക്കാന്‍ നിര്‍ബന്ധിതമായി. 1644-ല്‍ ഈ നാടകശാല പാടെ നശിപ്പിച്ചുകളഞ്ഞു. പ്രസിദ്ധ ഷെയ്ക്സ്പിയര്‍ പണ്ഡിതനായ ഡോ. ജോണ്‍ കാല്‍ഫോര്‍ഡ് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗ്ലോബ് തിയെറ്ററിന്റെ ഒരു യഥാര്‍ഥമാതൃക രൂപപ്പെടുത്തുകയും അതനുസരിച്ച് ഒരു നാടകശാല 1950-ല്‍ അമേരിക്കയിലെ ലോഗ് ദ്വീപില്‍ ഉള്ള ഹോഫ്ടാ കോളജില്‍ സ്ഥാപിക്കുകയും ചെയ്തു.

പ്രസിദ്ധമായ എലിസബത്തിയന്‍ ഗ്ലോബ് തിയെറ്ററിനു പുറമേ, നിരവധി നാടകശാലകള്‍ക്ക് ഈ പേര് ഉണ്ടായിരുന്നു. ഇന്നും ഇതേ പേരില്‍ അനേകം നാടകവേദികള്‍ ഉണ്ട്.

ലണ്ടനിലെ സ്ട്രാന്‍ഡിന്റെ കി. ഭാഗത്ത് ന്യൂകാസ്ല്‍ തെരുവില്‍ ആയിരത്തി എണ്ണൂറുപേര്‍ക്കിരിക്കാവുന്ന മൂന്നു തട്ടോടുകൂടിയ ഒരു ഗ്ലോബ് തിയെറ്റര്‍ ഉണ്ടായിരുന്നു. 1868 ന. 28-നു ബൈറന്റെ സിറില്‍ സക്സസ്സ് എന്ന നാടകത്തോടുകൂടിയാണ് ഈ ശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. 1902-വരെ ഇവിടെ നാടകാവതരണങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് അനാഥമായിക്കിടന്ന നാടകശാല സ്ട്രാന്‍ഡ് വികസനത്തിന്റെ ഭാഗമായി ഇടിച്ചുകളഞ്ഞു.

ലണ്ടനിലെ ഷാഫ്ട്സ്ബറി അവന്യുവില്‍ സെയ്മോര്‍ ഹിക്സിനു വേണ്ടി പണികഴിപ്പിച്ച ഒരു ഗ്ലോബ് തിയെറ്റര്‍ ഉണ്ട്. മൂന്നു തട്ടുകളോടുകൂടിയ ഓഡിറ്റോറിയമാണ് ഇവിടെയുണ്ടായിരുന്നത്. 1909-ലാണ് ഈ നാടകശാലയ്ക്ക് ഗ്ലോബ് തിയെറ്റര്‍ എന്നു പേരു നല്കിയത്. 36 അടി വീതിയുള്ള പ്രോസീനിയം സങ്കല്പത്തിലുള്ള രംഗവേദിയോടുകൂടിയ ഈ നാടകശാല 1906-ല്‍ ചാള്‍സ് ഫോര്‍ഗമാന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1918 മുതല്‍ 1927 വരെ നിരവധി നാടകങ്ങള്‍ വിജയകരമായി ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ഇന്നും ഈ തിയെറ്ററില്‍ സജീവമായി നാടകാവതരണം നടന്നു വരുന്നു.

ന്യൂയോര്‍ക്കില്‍ ചാള്‍സ്ഡില്ലര്‍ഗമന്‍ 1910-ല്‍ പണികഴിപ്പിച്ച നാട്യഗൃഹമാണ് അമേരിക്കയിലെ ഗ്ലോബ് തിയെറ്ററുകളില്‍ പ്രമുഖം. സംഗീതാവതരണത്തിനായിട്ടാണ് മനോഹരമായ ഈ തിയെറ്റര്‍ പണികഴിപ്പിച്ചത്. എന്നാല്‍ പിന്നീടത് നാടകാവതരണത്തിനായി തുറന്നുകൊടുത്തു. 1958-ല്‍ 1714 പേര്‍ക്കിരിക്കാവുന്ന വിധത്തില്‍ ഈ നാട്യഗൃഹം പുതുക്കിപ്പണിയുകയുണ്ടായി. പുതുക്കിപ്പണിത നാടകശാലയ്ക്ക് ലുണ്ട്ഫോന്‍ടാനയി തിയെറ്റര്‍ എന്നാണ് പേരു നല്കിയത്. ഇന്ന് ഇവിടെ ബ്രഷ്ത്തിന്റെയും മറ്റും നാടകങ്ങള്‍ അവതരിപ്പിക്കുന്നു.

(വിജയരാഘവന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍