This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലോബുലിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലോബുലിന്‍

Globulin

ശുദ്ധജലത്തില്‍ അലേയവും നേര്‍ത്ത ഉപ്പുവെള്ളത്തില്‍ ലയിക്കുന്നതുമായ ഒരു വിഭാഗം പ്രോട്ടീനുകള്‍. ശുദ്ധജലത്തില്‍ അല്പലേയത്വം പ്രകടിപ്പിക്കുന്ന പ്രോട്ടീനുകളെ കപട ഗ്ലോബുലിനുകള്‍ എന്നു വിളിക്കുന്നു. സസ്യങ്ങളിലും ജന്തുക്കളിലും ഗ്ലോബിലിനുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മുട്ടയുടെ മഞ്ഞ (ഓവോഗ്ലോബുലിന്‍), പേശി (മയോസിന്‍- myosin), നിലക്കടല (അരച്ചിന്‍-arachin), പയറുകള്‍ (ലെഗുമിന്‍) എന്നിവയില്‍ ഗ്ലോബുലിന്‍ കാണപ്പെടുന്നു. സാധാരണഗതിയില്‍ രക്തത്തിലെ സീറം പ്രോട്ടീനിന്റെ 45 ശ.മാ. ഗ്ലോബുലിനുകളായിരിക്കും. ചില അസാധാരണ സന്ദര്‍ഭങ്ങളില്‍ സിറം ഗ്ലോബുലിനുകളുടെ ഉത്പാദനം മന്ദീഭവിക്കുന്നു. ഉദാ. അഗമ്മാ ഗ്ലോബുലീനിയ. ചില അവസരങ്ങളില്‍ ഉത്പാദനം ഉയരുന്നു; പകര്‍ച്ചവ്യാധികള്‍ പിടിപെടുമ്പോഴും കരളിനെ സിറോസിസ് ബാധിക്കുമ്പോഴും ഗ്ലോബുലിന്‍ ഉത്പാദനം വര്‍ധിക്കാറുണ്ട്.

വൈദ്യുതകണ സംചലനവേഗ(electrophoretic mobility) ത്തിന്റെ അടിസ്ഥാനത്തില്‍ മിക്ക സീറം ഗ്ലോബുലിനുകളെയും α1 , α 2 , β, γ1 , γ 2 എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ആന്റിബോഡികള്‍ -γ2ഓ, β -ഗ്ലോബുലിനോ ആയിരിക്കും. ഇവ കൂടാതെ കൊഴുപ്പുകള്‍ ശരീരത്തിലെല്ലാം എത്തിക്കുന്നതിനു പ്രവര്‍ത്തിക്കുന്ന ലിപോ പ്രോട്ടീനുകള്‍, ആന്റി ഹിമോഫിലിക് ഗ്ലോബുലിന്‍, ട്രാന്‍സ്ഫെറിന്‍ (ഇരുമ്പിന്റെ വാഹകം), സെറുലോ പ്ലാസ്മിന്‍ (ചെമ്പിന്റെ വാഹകം) എന്നിവ സീറം ഗ്ലോബുലിനുകളില്‍പ്പെടുന്നു.

മറ്റു പ്രധാന ഗ്ലോബുലിനുകളാണ് β ലാക്ടോ ഗ്ലോബുലിന്‍ (പാല്‍ പ്രോട്ടീനിന്റെ 20 ശ.മാ. ഇതാണ്), തൈറോയിഡ് ഗ്രന്ഥിയിലെ തൈറോഗ്ലോബുലിന്‍ എന്നിവ. തൈറോയിഡ് ഗ്ലോബുലിന്‍ ജലവിശ്ലേഷണം ചെയ്യപ്പെടുമ്പോള്‍ തൈറോയിഡ് ഹോര്‍മോണുകളായ തൈറോക്സിനും ട്രയൊഡോതൈറോണൈനും പുറത്തുവിടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍