This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലൊക്കോമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലൊക്കോമ

Glaucoma

കണ്ണിലെ അതിമര്‍ദംമൂലം ഉണ്ടാകുന്ന ഒരു രോഗം. നാല്പതു വയസ്സിനുശേഷമാണ് ഗ്ലൊക്കോമ സാധാരണയായി ബാധിക്കുന്നത്. തിമിരം കഴിഞ്ഞാല്‍ ഏറ്റവും അധികം അന്ധത ഉണ്ടാക്കുന്നത് ഗ്ലൊക്കോമയാണ്.

നേത്രഗോളത്തിനുള്ളില്‍ക്കാണുന്ന ദ്രവ(അക്വസ് ഹ്യൂമര്‍)ത്തിന്റെ പരിസഞ്ചരണം തടസപ്പെടുമ്പോഴുണ്ടാകുന്ന അതിമര്‍ദം (ocular hypertension) ആണ് പ്രധാന രോഗലക്ഷണം. അക്വസ് ഹ്യൂമറാണ് പ്രധാനമായും അന്തര്‍നേത്രമര്‍ദം ക്രമീകരിക്കുന്നത്. സാധാരണയായി ഈ ദ്രവം കൃഷ്ണമണി, പശ്ചിമ അറ, പൂര്‍വ അറ, സ്ക്ലിമെന്‍സ് കനാല്‍ (schleman's canal) വഴി നേത്രഗോളത്തിനു പുറത്തുപോകുന്നു. പുറത്തുപോകാന്‍ സാധിക്കാതെ നേത്രഗോളത്തിനുള്ളില്‍ കെട്ടിനില്ക്കാനിട വന്നാല്‍ അന്തര്‍നേത്രമര്‍ദം ഉയരും. ഈ അവസ്ഥ നേത്രാന്തരപടലത്തിനും നേത്രനാഡിക്കും നാശമുണ്ടാക്കി കാഴ്ചശക്തി ക്രമേണ നഷ്ടപ്പെടുത്തുന്നു. കാഴ്ചശക്തി കുറഞ്ഞുവരുന്നത് ഗ്ലൊക്കോമയുടെ ആരംഭലക്ഷണമായേക്കാം.

ഗ്ലൊക്കോമ രണ്ടുതരത്തിലുണ്ട്-പ്രൈമറിയും സെക്കണ്ടറിയും. പ്രൈമറി ഗ്ലൊക്കോമ രണ്ടു കണ്ണുകളെയും ബാധിക്കുന്നു. ഇതു രണ്ടുതരത്തിലുണ്ട്-ആംഗിള്‍ ക്ലോഷര്‍ (angle closure) ഗ്ലൊക്കോമയും ഓപ്പണ്‍ആംഗിള്‍ (open angle) ഗ്ലൊക്കോമയും. മിഴിമണ്ഡലത്തിനും കോര്‍ണിയയ്ക്കും ഇടയ്ക്കുള്ള ദൈര്‍ഘ്യം കുറയുന്നതുകൊണ്ടാണ് ആംഗിള്‍ ക്ലോഷര്‍ ഗ്ലൊക്കോമ ബാധിക്കുന്നത്. കണ്ണുവേദന, വെളിച്ചത്തെ ചുറ്റി പ്രകാശവലയം കാണുന്ന അവസ്ഥ തുടങ്ങിയവയാണ് ബാഹ്യരോഗലക്ഷണങ്ങള്‍. തുടര്‍ന്ന് വേഗത്തില്‍ കാഴ്ചശക്തി നഷ്ടപ്പെടുന്നു.

അക്വസ് ഹ്യുമറിന്റെ ബഹിര്‍ഗമനത്തിലുണ്ടാകുന്ന തകരാറാണ് ഓപ്പണ്‍ ആംഗിള്‍ ഗ്ലൊക്കോമ വരാനുള്ള മുഖ്യകാരണം. രോഗം മൂര്‍ച്ഛിക്കുന്നതുവരെ ബാഹ്യരോഗലക്ഷണങ്ങളൊന്നും ഉണ്ടാകുന്നില്ല. രോഗത്തിന്റെ മുന്നേറ്റം നിനച്ചിരിക്കാതെയുള്ള അന്ധതയ്ക്കു കാരണമാകുന്നു. സൂക്ഷ്മനിരീക്ഷണത്തില്‍ക്കൂടി മാത്രമേ രോഗം കണ്ടെത്തുവാന്‍ കഴിയൂ. അതിനാല്‍ മുപ്പതു വയസ്സാകുന്നതോടുകൂടി കൂടക്കൂടെ നേത്രമര്‍ദം പരിശോധിക്കേണ്ടതാണ്.

നേത്രാന്തരപടലം, നേത്രകവചം, മുതലായ നേത്രഭാഗങ്ങളിലും നേത്രരക്തപരിസഞ്ചരത്തിലുമുണ്ടാകുന്ന തകരാറ്മൂലമാണ് സെക്കന്‍ഡറി ഗ്ലൊക്കോമ ബാധിക്കുന്നത്. രണ്ടുകണ്ണുകളിലെയും കാഴ്ചയ്ക്കു വ്യത്യാസമുണ്ടാകുന്നു എന്നത് രോഗം കണ്ടുപിടിക്കാനുള്ള ഒരു വഴിയാണ്.

നേത്രദൃഢപടലത്തിനുണ്ടാകുന്ന ജന്മവൈകല്യം ശിശുക്കളില്‍ ഗ്ലൊക്കോമയ്ക്കു കാരണമാകുന്നു. ഈ അവസ്ഥയില്‍ കണ്ണിന്റെ വലുപ്പം കൂടുന്നു. ഇതിനെ ബഫ്താല്‍മാസ് (buphthalma) എന്നു പറയുന്നു.

പ്രാരംഭദശയില്‍ മരുന്നുകള്‍കൊണ്ട് ഗ്ലൊക്കോമ ഭേദപ്പെടുത്താം. രോഗം മൂര്‍ച്ഛിച്ചാല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ കെട്ടിനില്‍ക്കുന്ന ദ്രവത്തിന്റെ പ്രസ്രവണം നേരെയാക്കി മര്‍ദം ക്രമീകരിക്കുവാന്‍ സാധിക്കൂ. വിക്ഷോഭം തുടങ്ങിയ വികാരങ്ങള്‍ മര്‍ദം വര്‍ധിപ്പിക്കും.

നേത്രമര്‍ദം അളക്കാന്‍ ടോണോമീറ്റര്‍ എന്ന ഉപകരണമാണ് ഉപയോഗിക്കുന്നത്.

(ഡോ. ബി. പ്രഭ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍