This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലൈക്കോളിസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലൈക്കോളിസിസ്

Glycolysis

പഞ്ചസാര തന്മാത്രകളെ വിഘടിപ്പിച്ച് ചെറുതന്മാത്രകളാക്കി മാറ്റി ഊര്‍ജം ഉത്പാദിപ്പിക്കുന്ന ഒരു ഉപാപചയ (metabolic) പ്രക്രിയ. ജീവനുള്ള ജന്തുക്കളിലും സസ്യങ്ങളിലും സൂക്ഷ്മജീവികളിലും നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയയ്ക്ക് തുടക്കത്തില്‍ കിണ്വന പ്രക്രിയ(fermentation)യുമായി സാമ്യമുണ്ട്. കോശങ്ങളില്‍ കരുതിവച്ചിട്ടുള്ള ഗ്ലൈക്കോജന്‍ എന്ന പോളിസാക്കറൈഡാണ് സ്തന്യപ ജീവികളിലെ ഊര്‍ജസ്രോതസ്സ്. രക്തത്തിലും ശരീരകലകളിലുമുള്ള ഗ്ലുക്കോസിന്റെ അളവുകുറയുമ്പോള്‍ ഗ്ലൈക്കോജന്‍, എന്‍സൈമുകളുടെ സാന്നിധ്യത്തില്‍ വിഘടിച്ച് ഗ്ലുക്കോസായി മാറി ഈ കുറവു നികത്തുന്നു. ശരീരത്തിലുള്ള ഗ്ലുക്കോസില്‍ നിന്ന് ഊര്‍ജം ലഭിക്കണമെങ്കില്‍ അത് സങ്കീര്‍ണങ്ങളായ കുറേ രാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണം. ATP, ADP തുടങ്ങിയ തന്മാത്രകളും പങ്കെടുക്കുന്ന ഇത്തരം രാസപ്രവര്‍ത്തനങ്ങള്‍ വഴി ഉണ്ടാകുന്ന ഊര്‍ജം ശരീരത്തിനു കിട്ടുന്നു.

ഗ്ലൈക്കോളിസിസ് നടക്കുമ്പോള്‍ ആറു കാര്‍ബണ്‍ ആറ്റങ്ങള്‍ വീതമുള്ള ഗ്ലുക്കോസ് തന്മാത്രകള്‍ വിഘടിച്ച് മൂന്നു കാര്‍ബണ്‍ ആറ്റങ്ങള്‍ വീതമുള്ള പൈറുവിക് അമ്ല തന്മാത്രകളായി മാറുന്നു. ഈ പൈറുവിക് അമ്ലത്തില്‍ നിന്നു കിട്ടുന്ന അസറ്റിക് അമ്ലം കോഎന്‍സൈം A-യുമായി സംയോജിച്ചശേഷം വീണ്ടും മറ്റൊരു സങ്കീര്‍ണമായ ഊര്‍ജോത്പാദന പ്രക്രിയയില്‍ പങ്കെടുത്ത് കാര്‍ബണ്‍ഡൈ ഓക്സൈഡും ജലവുമായി മാറുന്നു. പേശികളുടെ സങ്കോചത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കെയാണ് ഗ്ലൈക്കോളിസിസ് എന്ന പ്രക്രിയ കണ്ടുപിടിക്കപ്പെട്ടത്.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍