This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലേഡിയേറ്റര്‍ വിനോദങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലേഡിയേറ്റര്‍ വിനോദങ്ങള്‍

Gladiator Games

ബി.സി. 3-ാം ശ.-ത്തില്‍ റോമില്‍ നിലനിന്നിരുന്ന പ്രൊഫഷണല്‍ ദ്വന്ദ്വയുദ്ധങ്ങള്‍. ആവിര്‍ഭാവത്തെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ മരിച്ചവരുടെ ചിതയ്ക്കു മുന്നില്‍ രണ്ടുപേര്‍ ഏറ്റുമുട്ടി അതിലൊരാള്‍ മരിക്കുന്നത് ഒരു ബലിപോലെയോ മരിച്ചയാളോടുള്ള ബഹുമാനസൂചകമായോ കണക്കാക്കുന്ന എട്രൂസ്കന്‍ (Etruscan) രീതിയോട് ഇതിന് സാമ്യമുണ്ട്. നേരത്തെ മരിച്ചയാള്‍ക്ക് കൂട്ടായി പരലോകത്തേക്കു മറ്റൊരാളെക്കൂടി അയയ്ക്കുകയാണു ലക്ഷ്യം. റോമാക്കാരുടെ ഇടയില്‍ ഇതിനു വളരെ സ്വാധീനം സിദ്ധിച്ചു. ഇങ്ങനെ ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെടുന്നവര്‍ അടിമകളോ യുദ്ധത്തടവുകാരോ ആയിരുന്നു. ഗ്ലേഡിയേറ്റര്‍മാര്‍ എന്നാണ് ഇവരെ വിളിച്ചിരുന്നത്. അറിയപ്പെടുന്ന ആദ്യത്തെ മത്സരം നടന്നത് ബി.സി. 264-ല്‍ ആണ്. വ്യത്യസ്ത ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഏറ്റുമുട്ടിയിരുന്നത്. ബി.സി. 246-ല്‍ മൂന്നു ജോടി ആയുധങ്ങള്‍ ഇപ്രകാരം പ്രചാരത്തിലിരുന്നു. കാലക്രമത്തില്‍ ആയുധങ്ങളുടെ എണ്ണം കൂടി. ട്രാജന്‍ ചക്രവര്‍ത്തി തന്റെ ആസ്ഥാന ദ്വന്ദ്വയുദ്ധക്കാര്‍ക്ക് 5,000 ജോടി ആയുധങ്ങള്‍ നല്കിയതായി പറയപ്പെടുന്നു. ആയുധങ്ങളുടെ ഈ ബാഹുല്യം സൂചിപ്പിക്കുന്നത് ഇത്തരം വിനോദങ്ങള്‍ മൂന്നു മാസത്തിലധികം നീണ്ടുനിന്നിരിക്കണമെന്നാണ്. ഗ്ലേഡിയേറ്റര്‍മാരിലൊരാളുടെ മരണംവരെയാണ് ഏറ്റുമുട്ടേണ്ടതെങ്കിലും മുറിവേല്പിക്കപ്പെടുന്നവന്‍ നല്ല ഒരു യോദ്ധാവാണെന്നു കാണികള്‍ക്കോ ചക്രവര്‍ത്തിക്കോ തോന്നിയാല്‍ അവനെ കൊല്ലാതെ വിടുകയും ചെയ്യുമായിരുന്നു. നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന അടിമയ്ക്ക് ചിലപ്പോള്‍ സ്വാതന്ത്ര്യവും കിട്ടിയിരുന്നു.

ബി.സി 300 കാലഘട്ടത്തില്‍ മൊസേക്കില്‍ ആലേഖനം ചെയ്ത ഗ്ലാഡിയേറ്റര്‍ ദ്വന്ദ്വയുദ്ധരംഗം (റോം)

ഗ്ലേഡിയേറ്റര്‍ മത്സരങ്ങളില്‍ കാലാനുസൃതമായി പല മാറ്റങ്ങളും വന്നുകൊണ്ടിരുന്നു. ഡൊമിനീഷ്യന്‍ ചക്രവര്‍ത്തി കുള്ളന്മാരെയും വിരൂപികളെയും മത്സരത്തില്‍ പങ്കെടുപ്പിച്ചു. കമ്മോഡസ് ചക്രവര്‍ത്തി സ്വയം 'അരീന'യില്‍ ഇറങ്ങി മത്സരങ്ങളില്‍ പങ്കുചേരുമായിരുന്നു എന്നു പറയപ്പെടുന്നു. ഗ്ലേഡിയേറ്റര്‍മാര്‍ക്കു പരിശീലനം നല്കുന്നതിനുള്ള കളരികളും മറ്റും റോമില്‍ നിലവിലുണ്ടായിരുന്നു. എ.ഡി. 325-ല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ക്രിസ്തുമതവിശ്വാസങ്ങള്‍ക്കെതിരായ ഈ മത്സരങ്ങളെ നിരോധിക്കാന്‍ കഠിന പ്രയത്നം ചെയ്തു. വീണ്ടും ഒരു ശതാബ്ദക്കാലംകൂടി ഇത്തരം മത്സരങ്ങള്‍ നിലനിന്നതായിവേണം കരുതാന്‍.

പലതരം ഗ്ലേഡിയേറ്റര്‍മാര്‍ ഉണ്ടായിരുന്നു. ഓരോ തരക്കാര്‍ക്കും വ്യത്യസ്തമായ ആയുധങ്ങളും ശിരോകവചവും പരിചയും ഉണ്ടായിരുന്നു. സാമ്നൈറ്റ്സ് (samnites) എന്നു വിശേഷിപ്പിക്കപ്പെടുന്നവര്‍ക്ക് നീണ്ട ദീര്‍ഘചതുരാകൃതിയിലുള്ള കവചവും മുഖംമൂടിയും തൂവല്‍ തിരുകിയ ഹെല്‍മറ്റും കുറിയ വാളും ഉണ്ടായിരുന്നു. വട്ടത്തിലുള്ള ഷീല്‍ഡും വളഞ്ഞ വായ്ത്തലയോടുള്ള കഠാരയും ധരിച്ചിരുന്നവരെ ത്രേസസ് (thraces) എന്നാണു വിളിച്ചിരുന്നത്. ഇവര്‍ എതിരിട്ടിരുന്ന മിര്‍മില്ലോണുകള്‍ (mirmillones) മത്സ്യശിരസ്സിന്റെ ആകൃതിയുള്ള വാളും പരിചയും ധരിച്ചിരുന്നു. ശരീരമാസകലം കവചിതമായിരുന്ന ഹോപ്ലോമാക്കി (hoplomachi) യും എതിരാളിയെ കീഴടക്കാന്‍ കുരുക്കുകയറുപയോഗിച്ചിരുന്ന ലാക്യുറാറി (laquerarii)യും തേരാളികളായിരുന്ന എസ്സെദാരി (essedarii)യും ഇരുകൈയിലും കുറിയ വാളുകളുമായി ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ടിരുന്ന സിമാക്കെയരി (cimachaeri)യും കുതിരപ്പുറത്തേറി കണ്ണുമൂടിക്കെട്ടിയവരെന്നു തോന്നിക്കും വിധം മുഖമാകെ ആവരണംചെയ്യുന്ന ഹെല്‍മറ്റോടുകൂടിയ ആന്‍ഡബാറ്റേ (andabatae)യുമെല്ലാം ഗ്ലേഡിയേറ്റര്‍മാരിലെ വിവിധ വിഭാഗക്കാരായിരുന്നു. കൂട്ടത്തില്‍ മികവുറ്റവരെന്നു പൊതുവേ കരുതപ്പെട്ടിരുന്നത് മിക്കവാറും നഗ്നരായി ശൂലധാരികളായി എതിരാളിയെ വലയെറിഞ്ഞുപിടിക്കാറുണ്ടായിരുന്ന റെറ്റീയാറീ (retiarii) എന്ന വിഭാഗക്കാരാണ്. വാളും പരിചയുമേന്തിയ സെക്യൂറ്റോറുകളായിരുന്നു (secutores) ഇവരെ എതിരിട്ടിരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍