This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലെന്‍ഡോവര്‍, ഓവന്‍ (1359? - 1415)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലെന്‍ഡോവര്‍, ഓവന്‍ (1359? - 1415)

Glendower, Owen

വെയ്ല്‍സിലെ അവസാനത്തെ സ്വതന്ത്രരാജകുമാരന്‍. ഇംഗ്ലണ്ടിനെതിരെ അവസാനമായി വിപ്ലവം നയിച്ച വെയ്ല്‍സിലെ നേതാവായ ഓവന്‍, ഗ്രൂഫിഡിന്റെയും ഹെലന്റെയും പുത്രനായി 1359-ല്‍ ജനിച്ചു. വെസ്റ്റ്മിന്‍സ്റ്ററിലെ നിയമപഠനത്തിനുശേഷം ഇദ്ദേഹം ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്നു. ഇംഗ്ലണ്ടും സ്കോട്ട്ലന്‍ഡും തമ്മില്‍ നടന്ന യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന ഓവന്‍ ബ്രിട്ടീഷ് രാജാവ് സ്കോട്ട്ലന്‍ഡില്‍ നിന്ന് തിരിച്ചു വരുന്നതിനു മുന്‍പ് വിപ്ലവം തുടങ്ങി. 1400-ല്‍ വെയ്ല്‍സിലെ ജനങ്ങള്‍ ബ്രിട്ടീഷ് ഭരണത്തില്‍ അസംതൃപ്തരാവുകയും ഓവനെ തങ്ങളുടെ നേതാവായി അംഗീകരിക്കുകയും ചെയ്തു. ബ്രിട്ടനെതിരെ പടപൊരുതുന്നതിന് ഇദ്ദേഹം സ്കോട്ട്ലന്‍ഡ്, ഫ്രാന്‍സ്, അയര്‍ലണ്ട് എന്നീ രാജ്യങ്ങളുമായി ഉടമ്പടികള്‍ ഉണ്ടാക്കി. 1400-ല്‍ ഇദ്ദേഹം വെയ്ല്‍സ് രാജകുമാരന്‍ എന്ന പേര് സ്വയം സ്വീകരിച്ചു. ഇതിനെത്തുടര്‍ന്ന് ഒരു ദേശീയപാര്‍ലമെന്റ് വിളിച്ചുകൂട്ടി. വെയ്ല്‍സ് സര്‍വകലാശാല, ക്രൈസ്തവസഭ എന്നിവ സംഘടിപ്പിച്ചു. വടക്കന്‍ വെയ്ല്‍സ് അധീനതയിലാക്കിയ ഹെന്റി പെര്‍സിയുമായി ബന്ധം സ്ഥാപിച്ചു. ഇദ്ദേഹം ഹാര്‍ലെച്ച്, ആബറിസ്റ്റിച്ച് എന്നീ സ്ഥലങ്ങള്‍ പിടിച്ചെടുത്തു. 1405-ല്‍ ബ്രിട്ടനിലെ രാജാവായ ഹെന്റി V ഗ്രോസ്മോണ്ടില്‍ വച്ച് ഓവനെ പരാജയപ്പെടുത്തി. ഇദ്ദേഹത്തിന്റെ ശക്തികേന്ദ്രങ്ങള്‍ ഹെന്റി കൈവശപ്പെടുത്തുകയും (1408-09) വിപ്ലവം അടിച്ചമര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ബ്രിട്ടന്റെ മേല്‍ക്കോയ്മ വെയ്ല്‍സില്‍ പുനഃസ്ഥാപിതമായി. 1412 വരെ ഇദ്ദേഹം ഗറില്ലായുദ്ധം നടത്തിയതായി ചരിത്രപരാമര്‍ശമുണ്ട്. നാട്ടില്‍ നിന്നും ഒളിച്ചോടിയ ഇദ്ദേഹത്തിന് മാപ്പു കൊടുക്കാന്‍ ബ്രിട്ടന്‍ തയ്യാറായെങ്കിലും കീഴടങ്ങാന്‍ ഇദ്ദേഹം വിസമ്മതിച്ചു. 1415-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍