This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലുക്കോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലുക്കോസ്

ഒരു മോണോസാക്കറൈഡ്. D-ഗ്ലുക്കോസ്, D-ഗ്ലുക്കോപൈറാനോസ്, ഡെക്സ്ട്രോസ്, സെറിലോസ് എന്നീ സംജ്ഞകളില്‍ ഇത് അറിയപ്പെടുന്നു.

സ്വതന്ത്രാവസ്ഥയിലും മറ്റു വസ്തുക്കളോടു ചേര്‍ന്നും ഗ്ലുക്കോസ് പ്രകൃതിയില്‍ ധാരാളമായി കാണപ്പെടുന്നു. പഞ്ചസാരകളില്‍ ഏറ്റവും സാധാരണമായിട്ടുള്ള ഒന്നാണ് ഗ്ലുക്കോസ്. ഏറ്റവും സമൃദ്ധമായി പ്രകൃതിയില്‍ കാണപ്പെടുന്ന കാര്‍ബണികയൗഗികമാണ് ഇത്. മിക്ക സസ്യങ്ങളിലും സ്വതന്ത്രാവസ്ഥയില്‍ ഗ്ലുക്കോസ് അടങ്ങിയിട്ടുണ്ട്. മുന്തിരി, അത്തിപ്പഴം, തേന്‍, മറ്റു മധുരഫലങ്ങള്‍ എന്നിവയില്‍ D-ഫ്രാക്റ്റോസുമായി ചേര്‍ന്നാണ് ഗ്ലുക്കോസ് കാണപ്പെടുന്നത്. രക്തം, ലസിക മുതലായ ശരീരദ്രവങ്ങളില്‍ ഗ്ലുക്കോസ് അല്പമായി അടങ്ങിയിട്ടുണ്ട്. രക്തത്തില്‍ ഗ്ലുക്കോസിന്റെ അളവ് 0.08 ശ.മാ. ആണ്. പ്രമേഹരോഗികളുടെ മൂത്രത്തില്‍ 3 മുതല്‍ 5 വരെ ശ.മാ. ഗ്ലുക്കോസ് കാണപ്പെടാറുണ്ട്.

കുഴമ്പുരൂപത്തിലാണ് ഗ്ലുക്കോസ് കാണപ്പെടുക. ഡെക്സ്ട്രോസ്, മാള്‍ടോസ്, ഡെക്സ്ട്രിന്‍ എന്നിവയും 20 ശ.മാ. ജലവും ഗ്ലുക്കോസില്‍ ഉള്‍ക്കൊണ്ടിരിക്കും. നിറമില്ലാത്തതോ അല്പം മഞ്ഞനിറമുള്ളതോ ആയിരിക്കും ഗ്ലുക്കോസ് ദ്രവം. ജലത്തിലും ഗ്ലിസറിനിലും പെട്ടെന്നു ലയിക്കും. ആല്‍ക്കഹോളില്‍ അല്പലേയത്വമുണ്ട്. വിഷസ്വഭാവം ഇല്ല.

സെല്ലുലോസ്, അന്നജം, ഗ്ലൈക്കൊജന്‍ എന്നിവ ഗ്ലുക്കോസ് യൂണിറ്റുകളെക്കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്നു. പല പ്രധാന ഒലിഗോസാക്കറൈഡുകളുടെയും പ്രധാന അംശം ഗ്ലുക്കോസ് ആണ്. കോണ്‍സ്റ്റാര്‍ച്ചില്‍ നിന്നുമാണ് ഗ്ലുക്കോസ് വ്യാവസായികമായി നിര്‍മിക്കപ്പെട്ടുവരുന്നത്. നേര്‍ത്ത ഖനിജാമ്ലംകൊണ്ട് കോണ്‍സ്റ്റാര്‍ച്ചിനെ ജലവിഘടനം ചെയ്താണ് ഗ്ലുക്കോസ് തയ്യാറാക്കുന്നത്. മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍, വീഞ്ഞ് തുടങ്ങിയവയില്‍ ചേര്‍ക്കാനാണ് ഗ്ലുക്കോസ് പ്രധാനമായും ഉപയോഗിക്കുന്നത്. പുകയില സംസ്കരണത്തിലും ഔഷധനിര്‍മാണത്തിലും ടാനിങ് വ്യവസായത്തിലും ഗ്ലുക്കോസ് ഉപയോഗിക്കാറുണ്ട്.

രസതന്ത്രം. α -ഗ്ലുക്കോസ്, -ഗ്ലുക്കോസ് എന്നിങ്ങനെ ഗ്ലുക്കോസിന് രണ്ടു വിഭാഗങ്ങള്‍ ഉണ്ട്. പഞ്ചസാരലായനി 50oC-നു താഴെയുള്ള ഊഷ്മാവില്‍ പരലാകൃതി പ്രാപിക്കും. ഇതിനെ -D-ഗ്ലുക്കോസ് മോണോഹൈഡ്രേറ്റ് എന്നുപറയുന്നു. ഇതിന്റെ ഉരുകല്‍നില 80oC ആണ്. 50oC-നും 80oC-നും ഇടയ്ക്കുള്ള സ്ഥിരസ്വഭാവമുള്ള ഗ്ലുക്കോസാണ് അന്‍ഹൈഡ്രസ് -ഗ്ലുക്കോസ്. അസറ്റിക് അമ്ലത്തില്‍ നിന്നോ പിരിഡിനില്‍ നിന്നോ ക്രിസ്റ്റലനം ചെയ്ത് -ഗ്ലുക്കോസ് നിര്‍മിക്കാം. സാധാരണ കാണപ്പെടുന്ന ഗ്ലുക്കോസ് യൗഗികമാണ്.

വിവിധതരത്തിലുള്ള പഞ്ചസാരകളും ജലവിശ്ലേഷണം ചെയ്യപ്പെടുമ്പോള്‍ പഞ്ചസാരകളായി മാറുന്ന പദാര്‍ഥങ്ങളും ഉള്‍പ്പെടുന്നതാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. അവയെ മൂന്നു ഗ്രൂപ്പുകളായി വിഭജിക്കുന്നു; മോണോസാക്കറൈഡുകള്‍, ഡൈെസാക്കറൈഡുകള്‍, പോളീസാക്കറൈഡുകള്‍. മോണോസാക്കറൈഡുകള്‍ എന്ന സരളകാര്‍ബോഹൈഡ്രേറ്റുകളുടെ ഒരു യഥാര്‍ഥ പ്രതിനിധിയാണ് ഗ്ലുക്കോസ്.

ഗ്ലുക്കോസ് ഒരു ആല്‍ഡിഹൈഡ്ആല്‍ക്കഹോള്‍ ആണ്. അതിന്റെ തന്മാത്രാഘടന ഇപ്രകാരമാണ്.

സാധാരണ ബീറ്റ് പഞ്ചസാര (C12H22O11) ഒരു ഡൈസാക്കറൈഡ് ആണ്. ഇത് ബീറ്റ്റൂട്ടിലും (15 ശ.മാ.) കരിമ്പ്, മേപ്പിള്‍ സാപ്പ്, ചില പഴച്ചാറുകള്‍ എന്നിവയിലും അടങ്ങിയിരിക്കുന്നു.

ആല്‍ഡോസുകളുടെ പൊതുവായ അഭിക്രിയകള്‍ക്കെല്ലാം ഗ്ലുക്കോസും വിധേയമാണ്. ബ്രോമിനുമായി ചേര്‍ത്ത് ഗ്ലുക്കോസ് ഓക്സീകരിച്ചാല്‍ D-ഗ്ലുക്കോണിക് അമ്ലം കിട്ടുന്നു. അമോണിയാക്കല്‍ സിങ്ക് ഹൈഡ്രോക്സൈഡ് രൂപത്തില്‍ അമോണിയയുമായി പ്രവര്‍ത്തിക്കുമ്പോള്‍, ഗ്ലുക്കോസ് സാധാരണ താപനിലയില്‍ത്തന്നെ, മീഥൈല്‍ ഇമിനാസോള്‍ (methyl iminazole) അഥവാ മീഥൈല്‍ ഗ്ളുഓക്സാലിന്‍ (methyl gluoxaline) എന്ന യൗഗികം തരുന്നു.

CH2OH. (CHOH)4. COOH;; നൈട്രിക് അമ്ലവുമായി ചേര്‍ത്ത് ഓക്സീകരിച്ചാല്‍ D-സക്കറിക് അമ്ലം ഉണ്ടാകുന്നു. (COOH.(CHOH)4. COOH.) സോഡിയം അമാല്‍ഗവുമായി ചേര്‍ത്ത് ഗ്ലുക്കോസിനെ നിരോക്സീകരിച്ചാല്‍ D-ഗ്ലുക്കോസ് ഹെക്സാ ഹൈഡ്രിക് ആല്‍ക്കഹോളായി മാറുന്നു. CH2OH. (CHOH)4 CH2OH.

നേര്‍ത്ത ആല്‍ക്കലികളുമായി സമ്പര്‍ക്കമുണ്ടായാല്‍ ഗ്ലുക്കോസിന് പല മാറ്റങ്ങളും വിഘടനങ്ങളും സംഭവിക്കുകയും ലാക്റ്റിക് അമ്ലംപോലുള്ള ഹൈഡ്രോക്സി അമ്ലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

ഉപാപചയം. ജന്തുപോഷണത്തിലെ പ്രധാന കാര്‍ബോഹൈഡ്രേറ്റാണ് D-ഗ്ലുക്കോസ്. കലകള്‍ ഇതിനെ ഉപയുക്തമാക്കുന്നു. ദഹനേന്ദ്രിയത്തില്‍ നിന്ന് വന്‍തോതില്‍ ഗ്ലുക്കോസ് ആഗിരണം ചെയ്യപ്പെടുന്നു. മനുഷ്യന്റെയും മൃഗങ്ങളുടെയും ഊര്‍ജാവശ്യത്തിന്റെ 50 ശ.മാ. നിര്‍വഹിക്കാന്‍ ഗ്ലുക്കോസ് മതിയാകും. ചെറുകുടലില്‍നിന്നും ആഗിരണം ചെയ്യപ്പെടുന്ന ഗ്ലുക്കോസ് രക്തത്തില്‍ കലരുന്നു. ഇത് നിര്‍വാഹികാസിര (portal vein) വഴി കരളില്‍ എത്തും. ഒരു ഭാഗം ഗ്ലുക്കോസ് ഗ്ലൈക്കോജനായി കരളില്‍ ശേഖരിക്കപ്പെടുന്നു. ബാക്കി രക്തത്തില്‍ ലയിക്കും. പേശീകലകളിലും ഗ്ലൈക്കോജന്‍ ശേഖരിക്കപ്പെടുന്നു.

സി.എഫ്. കോറി, ജി.ടി. കോറി എന്നിവര്‍ വിഭാവനം ചെയ്ത ഗ്ലുക്കോസ് ചക്രം ഇപ്രകാരമാണ്.

യീസ്റ്റുമായി ചേര്‍ത്താല്‍ ഗ്ലുക്കോസ് വളരെ വേഗം കിണ്വന വിധേയമായി ഈഥൈല്‍ ആല്‍ക്കഹോളും കാര്‍ബണ്‍ ഡൈ ഓക്സൈഡും ഉണ്ടാകുന്നു. വിവിധ ബാക്റ്റീരിയങ്ങളാല്‍ ഉപാപചയത്തിനു വിധേയമാകുന്ന ഗ്ലുക്കോസ്, ഹൈഡ്രജന്‍, അസറ്റിക് അമ്ലം, ബ്യൂട്ടൈറിക് അമ്ലം, ബ്യൂട്ടൈല്‍ ആല്‍ക്കഹോള്‍, അസറ്റോണ്‍ തുടങ്ങിയവ തരുന്നു. നോ. കാര്‍ബോ ഹൈഡ്രേറ്റുകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍