This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലുക്കോണിക് അമ്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലുക്കോണിക് അമ്ലം

ഒരു കാര്‍ബണിക അമ്ലം. തന്മാത്രാഫോര്‍മുല: C6H12O7. കിണ്വനം മുഖേനയാണ് ഇത് വ്യാവസായികമായി ഉത്പാദിപ്പിക്കുന്നത്. ഔഷധവ്യവസായത്തിലും ഭക്ഷ്യവ്യവസായത്തിലും ഗ്ലുക്കോണിക് അമ്ലം ഉപയോഗിക്കുന്നു. 110oC-നും 131oC-നും മധ്യേ ഈ യൗഗികം മൃദുലമാകും.

ഗ്ലുക്കോണിക് അമ്ലത്തിന്റെ സംരചന. അസ്പെര്‍ജില്ലസ് നിഗര്‍ (Aspergillus niger) എന്ന കവകമാണ് ഗ്ലുക്കോണിക് അമ്ലത്തിന്റെ നിര്‍മാണത്തില്‍ കിണ്വന വിധേയമാകുന്നത്. അസെറ്റോബാക്റ്റര്‍, സ്യൂഡോമോണസ് എന്നീ ബാക്റ്റീരിയങ്ങളും ഉപയോഗിക്കാറുണ്ട്. കോണ്‍ഷുഗര്‍പോലെ വിലകുറഞ്ഞ ഗ്ലുക്കോസും അകാര്‍ബണിക ലവണങ്ങളും ഉള്‍ക്കൊണ്ടതാണ് മാധ്യമം. 10-35 ശ.മാ. വരെ ഗ്ലുക്കോസ് ചേര്‍ക്കാറുണ്ട്. മാധ്യമത്തില്‍ ധാരാളം കാല്‍സ്യം കാര്‍ബണേറ്റ് കലര്‍ത്തിയോ ഉത്പാദിപ്പിക്കപ്പെട്ട ഗ്ലുക്കോണിക് അമ്ലത്തില്‍ തുടര്‍ച്ചയായി സോഡിയം ഹൈഡ്രോക്സൈഡ് ചേര്‍ത്തോ അമ്ലത്തിന്റെ pH 6-8-ല്‍ത്തന്നെ നിര്‍ത്തുന്നു. ഉത്പാദനവേളയില്‍ ഏകദേശം 15 ശ.മാ. പഞ്ചസാരലായനി കിണ്വനം ചെയ്യപ്പെട്ടു കഴിയുമ്പോള്‍ കാല്‍സ്യം ഗ്ലുക്കോണേറ്റ് തരികള്‍ രൂപം കൊള്ളുകയും അത് തുടര്‍ന്നുള്ള അഭിക്രിയയ്ക്ക് തടസ്സമാവുകയും ചെയ്യാറുണ്ട്. ഇത് സംഭവിക്കാതിരിക്കാനായി നിശ്ചിത സമയത്ത് ബോറാക്സ് പോലെയുള്ള ചില വസ്തുക്കള്‍ ചെറിയ അളവില്‍ കലര്‍ത്തുന്നു.

കിണ്വനം നടക്കുന്നത് ഫെര്‍മെന്റര്‍ ടാങ്കുകളിലാണ്. ആവിമര്‍ദം ഉപയോഗിച്ച് അണുവിമുക്തമാക്കുവാനുള്ള സൗകര്യം ഇതിലുണ്ട്. ടാങ്കില്‍ ഹൈസ്പീഡ് പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിരിക്കും. അണുവിമുക്തമാക്കപ്പെട്ട മര്‍ദിതവായു കടത്തിവിടാനുള്ള സംവിധാനവും ഇതിലുണ്ട്. അണുവിമുക്തമാക്കി തണുപ്പിച്ചശേഷം, പ്രത്യേക സീഡ് ടാങ്കില്‍ വളര്‍ത്തിയെടുത്ത, സ്പോറുകള്‍ ഇല്ലാത്ത സസ്യ ഇനോക്കുലത്തിന്റെ 5-10 ശ.മാ. ഫെര്‍മന്റര്‍ ടാങ്കിലെ മാധ്യമത്തില്‍ കടത്തിവിടുന്നു. തുടര്‍ന്ന് മാധ്യമം നന്നായി ഇളക്കുകയും അതില്‍ വായു കടത്തിവിടുകയും ചെയ്യുന്നു. 28-35oC-ല്‍ താപം നിലനിര്‍ത്തേണ്ടതുണ്ട്. കിണ്വന പ്രക്രിയയുടെ ഫലമായി ചൂട് ഉണ്ടാകുന്നതുകൊണ്ട് ഫെര്‍മെന്റുകളെ തുടര്‍ച്ചയായി തണുപ്പിക്കേണ്ടതാണ്. പതഞ്ഞുപൊങ്ങുന്നതു തടയാനായി ഒക്ടാഡെകനോള്‍ ചേര്‍ക്കുന്നു. കിണ്വനം പൂര്‍ത്തിയാക്കാന്‍ 10 മുതല്‍ 30 വരെ മണിക്കൂര്‍ വേണ്ടി വരും. കിണ്വനശേഷം അരിച്ചുമാറ്റിയ ലായനി തണുപ്പിക്കുമ്പോള്‍ കാല്‍സ്യം ഗ്ലുക്കോണേറ്റുപരലുകള്‍ കിട്ടുന്നു. നേര്‍ത്ത സള്‍ഫ്യൂരിക് അമ്ലം ചേര്‍ത്തശേഷം അലിയാത്ത കാല്‍സ്യം സള്‍ഫേറ്റ് മാറ്റിയാല്‍ ഗ്ലുക്കോണിക് അമ്ലസിറപ്പു കിട്ടും.

ഗ്ലുക്കോണിക് അമ്ലവും സോഡിയം ഗ്ലുക്കോണേറ്റും ചേര്‍ത്ത് തയ്യാറാക്കിയ ലായനി ഗ്ലാസ്പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്നു. ഗ്ലാസുകളില്‍ പാടുകള്‍ വീഴ്ത്തുന്ന കാല്‍സ്യം, മഗ്നീഷ്യം ലവണങ്ങളുടെ അവക്ഷേപണത്തെ ഈ ലായനി തടയും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍