This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലിസറോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലിസറോള്‍

ഒരു ട്രൈഹൈഡ്രിക ആല്‍ക്കഹോള്‍. പ്രൊപേന്‍-1, 2, 3 - ട്രൈയോള്‍, ഗ്ലിസറിന്‍, ഗ്ലൈസൈല്‍ ആല്‍ക്കഹോള്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു.

തന്മാത്രാഫോര്‍മുല: CH2OH. CHOH. CH2OH

തെളിഞ്ഞതും നിറമില്ലാത്തതും ശ്യാനതയുള്ള (viscous)തും ആസ്വാദ്യരുചിയുള്ളതുമായ ദ്രാവകമാണ് ഗ്ലിസറോള്‍. യൗഗികത്തിന്റെ ശുദ്ധരൂപമാണ് ഗ്ലിസറോള്‍. 100 ശ.മാ. ശുദ്ധ യൗഗികമല്ലാത്ത ഗ്ലിസറോളാണ് വ്യാവസായികരംഗത്ത് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഗ്ലിസറിന്‍ എന്ന പേരാണ് ഉപയോഗിക്കുക. ഗ്ലിസറിനില്‍ കുറഞ്ഞത് 95 ശ.മാ. ഗ്ലിസറോള്‍ അടങ്ങിയിരിക്കും. ഗ്ലിസറിന് ഒട്ടധികം വാണിജ്യപ്രാധാന്യമുണ്ട്. ഉയര്‍ന്ന കൊഴുപ്പമ്ലങ്ങളുടെ എസ്റ്ററുകളായ ഗ്ലിസറൈഡുകളായാണ് ഗ്ലിസറോള്‍ പ്രകൃതിയില്‍ കണ്ടുവരുന്നത്. എണ്ണ, കൊഴുപ്പ് തുടങ്ങിയ പ്രകൃതിദത്ത ഉത്പന്നങ്ങളിലെ മുഖ്യഘടകമാണ് ഗ്ലിസറൈഡുകള്‍.

ഗ്ലിസറോളിന്റെ മറ്റുചില ഭൗതികഗുണധര്‍മങ്ങള്‍ ഇപ്രകാരമാണ്. തിളനില: 290oC; ദ്രവണാങ്കം: 17.9oC; ആപേക്ഷിക ഘനത്വം: 1.262 (25oC-ല്‍). തന്മാത്രാഭാരം: 92.09. ജലം, ആല്‍ക്കഹോള്‍ എന്നിവയില്‍ ഏത് അനുപാതത്തിലും ലയിക്കുന്നു. എന്നാല്‍ സാധാരണ ലായകങ്ങളായ ഈഥര്‍, ഈഥൈല്‍ അസറ്റേറ്റ്, ഡൈ ഓക്സേന്‍ എന്നിവയില്‍ നാമമാത്രമായേ ലയിക്കൂ. ഹൈഡ്രോകാര്‍ബണുകളില്‍ തികച്ചും അലേയമാണ്. അന്തരീക്ഷത്തില്‍ തുറന്നുവച്ചിരുന്നാല്‍ ജലം അവശോഷണം ചെയ്യുന്നു.

കാള്‍ ഡബ്ള്യു. ഷീലെ ആണ് ഗ്ലിസറോള്‍ ആദ്യമായി നിര്‍മിച്ചത് (1779). ഒലീവ് എണ്ണ ലിഥാര്‍ജ് ചേര്‍ത്തു ചൂടാക്കിയാണ് അദ്ദേഹം ഗ്ലിസറോള്‍ തയ്യാറാക്കിയത്. ജന്തു, സസ്യക്കൊഴുപ്പുകളില്‍നിന്നും എണ്ണകളില്‍നിന്നും സോപ്പ് നിര്‍മിക്കുന്ന പ്രക്രിയയില്‍ ഉപോത്പന്നമായി ലഭിക്കാവുന്ന ഗ്ലിസറിന്‍ ശേഖരിക്കുകയെന്നതായിരുന്നു 1948 വരെ നിലനിന്നിരുന്ന നിര്‍മാണരീതി. പിന്നീട് ഗ്ലിസറോള്‍ നിര്‍മാണത്തിനു നിരവധി സംശ്ലേഷണ പ്രക്രിയകള്‍ കണ്ടെത്തുകയുണ്ടായി.

പ്രൊപ്പലിനില്‍ നിന്ന് ഗ്ലിസറിന്‍ ഉണ്ടാക്കുന്നതാണ് ഒരു പ്രമുഖ സംശ്ലേഷണപ്രക്രിയ.

ചിത്രം:Vol 10 Sce01.png

സോപ്പുനിര്‍മാണത്തില്‍ ഉപോത്പന്നമെന്ന നിലയിലാണ് ഇന്നും ഏറ്റവുമധികം ഗ്ലിസറോള്‍ ഉത്പാദിപ്പിക്കുന്നത്.

ചിത്രം:Vol 10Sce002 .png

സോപ്പുനിര്‍മാണത്തില്‍ എണ്ണയും കൊഴുപ്പും ആല്‍ക്കലി ഉപയോഗിച്ച് ജലാപഘടന(സാപ്പോണിഫിക്കേഷന്‍)ത്തിന് വിധേയമാക്കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയയിലൂടെ ഉത്പാദിതമാകുന്ന ഖരസോപ്പ് വേര്‍തിരിച്ചെടുത്ത ശേഷമുള്ള ലായനിയില്‍ 3-5 ശ.മാ. വരെ ഗ്ലിസറോളും ലേയമായ സോപ്പും അധിക ആല്‍ക്കലിയും അടങ്ങിയിരിക്കും. ഈ ലായനി അരിച്ചെടുത്തശേഷം നേര്‍ത്ത ഒഇഹ ചേര്‍ത്ത് അധിക ആല്‍ക്കലിയെ ഉദാസീനികരിക്കുന്നു. തുടര്‍ന്ന് ആലം ചേര്‍ത്ത് അധിക ആല്‍ക്കലിയെ അലുമിനിയം ഹൈഡ്രോക്സൈഡായും ലേയമായ സോപ്പിനെ അലുമിനിയം സോപ്പായും അവക്ഷേപിച്ചെടുത്ത് നീക്കംചെയ്യുന്നു. മാലിന്യങ്ങള്‍ നീക്കംചെയ്ത ലായനി ബാഷ്പീകരിച്ച് 90-95% ശുദ്ധമായ ഗ്ലിസറോള്‍ ലഭ്യമാക്കുന്നു. ഇതിനെ വീണ്ടും കുറഞ്ഞ മര്‍ദത്തില്‍ സ്വേദനം ചെയ്ത് ശുദ്ധ ഗ്ലിസറോള്‍ (ആ.ഘ. 1.26) ഉദ്പാദിപ്പിക്കുന്നു.

രാസഗുണധര്‍മങ്ങള്‍. രണ്ടു പ്രൈമറി ആല്‍ക്കഹോളിക് ഗ്രൂപ്പുകളും ഒരു സെക്കന്‍ഡറി ആല്‍ക്കഹോളിക് ഗ്രൂപ്പും ഗ്ലിസറോളില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഈ ആല്‍ക്കഹോളുകളുടെ പല രാസഗുണധര്‍മങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ ഗ്ലിസറോളിനുണ്ട്. ഗ്ലിസറോള്‍, മോണോകാര്‍ബോക്സിലിക് അമ്ലങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ എസ്റ്ററുകള്‍ ഉണ്ടാകുന്നു. അമ്ലത്തിന്റെ അളവനുസരിച്ച് എസ്റ്റര്‍ മോണോ, ഡൈ, ട്രൈ വിഭാഗത്തില്‍പ്പെടുന്നു. ഉയര്‍ന്ന താപനിലയിലും വര്‍ധിച്ച അമ്ലസാന്നിധ്യത്തിലും ട്രൈ എസ്റ്ററാണ് രൂപീകരിക്കുക.

ഗ്ലിസറോളിന്റെ യൗഗികങ്ങളില്‍ ഏറ്റവും പ്രധാനം നൈട്രോഗ്ലിസറിന്‍ ആണ്. ഗാഢനൈട്രിക് അമ്ലം, ഗാഢ സള്‍ഫ്യൂരിക്കമ്ലം എന്നിവയുടെ തണുത്ത മിശ്രിതത്തിലേക്കു ഗ്ലിസറോള്‍ നേരിയ ചാലുപോലെ ക്രമമായി വീഴ്ത്തുമ്പോള്‍ നൈട്രോഗ്ലിസറിന്‍ രൂപപ്പെടുന്നു.

നൈട്രോഗ്ലിസറിന്‍ ഒരു നൈട്രോ യൗഗികമല്ല; ഗ്ലിസറൈല്‍ നൈട്രേറ്റ് എന്ന എസ്റ്ററാണ്. നൈട്രേഷന് ഉപയോഗിക്കുന്ന അമ്ലമിശ്രിതം നൈട്രോഗ്ലിസറിന്‍ നിര്‍മാണത്തില്‍ ഉപയോഗിക്കുന്നതിനാല്‍ യൗഗികം നൈട്രോയൗഗികമായി തെറ്റിദ്ധരിക്കപ്പെടുന്നു. നൈട്രോഗ്ലിസറിന്‍ നിറമില്ലാത്തതും എണ്ണയോടു സാദൃശ്യമുള്ളതുമായ ദ്രാവകമാണ്. വിഷകരവും സ്ഫോടകവുമാണിത്. ഡൈനമൈറ്റിലെ മുഖ്യഘടകമാണിത്.

ഗ്ലിസറോള്‍ നിരവധി ഓക്സിഡേഷന്‍ ഉത്പന്നങ്ങള്‍ക്കു കാരണമാകുന്നു. ഓക്സീകാരികളുടെ സ്വഭാവമനുസരിച്ച് ഉത്പന്നത്തിന്റെ സ്വഭാവവും വ്യത്യാസപ്പെടുന്നു.

നേര്‍ത്ത നൈട്രിക്കമ്ലം ഗ്ലിസറോളിനെ ഗ്ലിസറിക്കമ്ലം, ടാര്‍ടാറിക് അമ്ലം എന്നിവയാക്കി മാറ്റുന്നു. സാന്ദ്രനൈട്രിക് അമ്ലം ഉപയോഗിച്ചാല്‍ 80 ശ.മാ.ത്തോളം ഗ്ലിസറിക് അമ്ലമാവും ലഭിക്കുക.

ഗ്ലിസറോളിലേക്ക് 110oC-ല്‍ ഹൈഡ്രജന്‍ക്ലോറൈഡ് കടത്തിവിടുമ്പോള്‍ ഗ്ലിസറോള്‍ α, β മോണോക്ലോറോ ഹൈഡ്രിനുകള്‍ രൂപീകരിക്കപ്പെടുന്നു. ഹൈഡ്രജന്‍ ക്ലോറൈഡ് തുടര്‍ന്നും കടത്തിവിട്ടുകൊണ്ടിരുന്നാല്‍ ഗ്ലിസറോള്‍ α : α' ഡൈക്ലോറോ ഹൈഡ്രിന്‍ അഥവാ α -ഡൈക്ലോറോഹൈഡ്രിന്‍ ( ഡൈക്ലോറോഹൈഡ്രിന്‍), β -ഡൈക്ലോറോഹൈഡ്രിന്‍ എന്നിവയും ഉണ്ടാകുന്നു.

ഫോസ്ഫറസ് പെന്റാക്ലോറൈഡുമായി പ്രതിപ്രവര്‍ത്തിച്ച് ഗ്ലിസറൈല്‍ ട്രൈക്ലോറൈഡ് (1:2:3-ട്രൈക്ലോറോ പ്രൊപേന്‍) ഉണ്ടാകുന്നു. ക്ലോറോഫോമിന്റെ ഗന്ധമുള്ളതാണ് ഈ ദ്രാവകം.

പൊട്ടാസിയം ബൈസള്‍ഫേറ്റ് ചേര്‍ത്തു ചൂടാക്കുമ്പോഴുണ്ടാകുന്ന അക്രിലിക് ആല്‍ഡിഹൈഡ് അഥവാ അക്രോലിന്റെ ഗന്ധത്തില്‍ നിന്ന് ഗ്ലിസറോളിനെ നിദര്‍ശനം ചെയ്യാം.

വിവിധ ഉപയോഗങ്ങളുള്ള ഒരു യൗഗികമാണ് ഗ്ലിസറോള്‍. നൈട്രോഗ്ലിസറിന്റെ രൂപത്തില്‍ ഒരു വിസ്ഫോടകമെന്ന നിലയ്ക്കാണ് ഗ്ലിസറോളിന്റെ ഏറ്റവും വലിയ പ്രാധാന്യം. കോട്ടിങ്ങുകളിലും പെയിന്റിങ്ങുകളിലും ഉപയോഗിക്കുന്ന ആല്‍ക്കിഡ് റെസിനുകള്‍ ഗ്ലിസറിനില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അനസ്തെറ്റിക്കുകള്‍, ഔഷധങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലും ധാരാളമായി ഉപയോഗിച്ചുവരുന്നു. ടൂത്ത്പേസ്റ്റുകളില്‍ അടിസ്ഥാന മാധ്യമം എന്ന നിലയിലും അപ്രധാനമല്ലാത്ത സ്ഥാനം ഗ്ലിസറിനുണ്ട്.

നല്ലയിനം സോപ്പുകളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും പ്രധാന ഘടകമാണ് ഗ്ലിസറോള്‍. ഫോര്‍മിക് അമ്ലം, അക്രോലിന്‍ തുടങ്ങിയ സംയുക്തങ്ങള്‍ ഗ്ലിസറോളില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഉണങ്ങാത്ത മഷി, അമ്ലരോധ സിമന്റ് എന്നിവയുടെ നിര്‍മാണത്തിനും ഗ്ലിസറോള്‍ പ്രയോജനപ്പെടുത്തി വരുന്നു. ഭക്ഷണ സാധനങ്ങളിലും പുകയിലയിലും ഈര്‍പ്പം നിലനിര്‍ത്താനുള്ള ഘടകമായും ചിലതരം ചേരുവകളില്‍ ക്രിസ്റ്റലീകരണം തടയുന്നതിനും ഗ്ലിസറിന്‍ ചേര്‍ക്കുന്നു. ഭക്ഷ്യനിറങ്ങളുടെ ലായകം, രുചി, ഘടകം എന്നീ നിലകളിലും ഗ്ലിസറിനു പ്രാധാന്യമുണ്ട്.

(ചുനക്കര ഗോപാലകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍