This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലാസ്നോസ്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലാസ്നോസ്ത്

സോവിയറ്റ് യൂണിയനില്‍ 1985-ല്‍ തുടങ്ങിവച്ച ജനാധിപത്യ പ്രക്രിയയ്ക്കും നവീകരണത്തിനും പുനഃസംഘടനയ്ക്കും നിദാനമായ നയം. സോവിയറ്റ് ജനതയ്ക്ക് ഇതുമൂലം ആദ്യമായി അഭിപ്രായസ്വാതന്ത്യ്രം ലഭിച്ചു. 'തുറന്ന സമീപനം' എന്നര്‍ഥം വരുന്ന റഷ്യന്‍ പദമാണ് 'ഗ്ലാസ്നോസ്ത്'. മിഖായേല്‍ ഗോര്‍ബച്ചേഫ് 1985-ല്‍ സോവിയറ്റ് കമ്യൂണിസ്റ്റുപാര്‍ട്ടി മേധാവിയായപ്പോള്‍ പാര്‍ട്ടിയുടെ നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തി. അതില്‍ ഒന്നാമത്തേതാണ് 'ഗ്ലാസ്നോസ്ത്'; മറ്റേത് 'പെരിസ്ത്രോയ്ക്ക'യും (പുനഃസംഘടന). ഗ്ലാസ്നോസ്തിലൂടെ ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായസമന്വയമാണ് പെരിസ്ത്രോയ്ക്കയ്ക്ക് അടിസ്ഥാനം.

അഭിപ്രായങ്ങളുടെ ബഹുലതയ്ക്കും വൈവിധ്യത്തിനും ഭിന്നതയ്ക്കും പ്രാധാന്യം നല്കി, പാര്‍ട്ടിക്കുള്ളിലും ഭരണസംവിധാനത്തിലും പാര്‍ട്ടിക്കു പുറത്തും ഭിന്നാഭിപ്രായങ്ങള്‍ ഉള്ളവര്‍ തമ്മിലുള്ള ശക്തിയായ വാദപ്രതിവാദത്തിലൂടെ ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായസമന്വയം മാത്രമേ ഭരണകൂടത്തെ പുരോഗമനോന്മുഖവും ജനഹിതകരവുമാക്കി മാറ്റൂ എന്ന വിശ്വാസമാണ് ഗ്ലാസ്നോസ്തിനടിസ്ഥാനം. ഗവണ്‍മെന്റ് സമിതികളുടെ മേല്‍ ഫലപ്രദമായ പൊതു നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള സംവിധാനവും, പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള ശക്തമായ ഒരു ഉത്തേജകവുമാണ് ഗ്ലാസ്നോസ്ത്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പുവരുത്തുവാനും സാമൂഹികജീവിതത്തെയും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തെയും സംബന്ധിക്കുന്ന ഏതു പ്രശ്നത്തിന്മേലും ഭയലേശമന്യേ അഭിപ്രായപ്രകടനം സാധ്യമാക്കിത്തീര്‍ക്കാനും ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു അത്. ജനാധിപത്യപരമായ നവീകരണത്തിലേക്കുള്ള പാതയാകും ഗ്ലാസ്നോസ്ത് എന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. ജനങ്ങളുടെ ചിന്താരീതിയും അവരുടെ പൌരബോധത്തിന്റെ നിലവാരവും അവരുടെ നിലപാടും രാഷ്ട്രനിര്‍മിതിയില്‍ പ്രധാനമാണ്. നല്ലതും ചീത്തയും തിരിച്ചറിയാന്‍ ജനങ്ങള്‍ക്കവസരമുണ്ടായാലേ നല്ലതു തിരഞ്ഞെടുക്കാന്‍ കഴിയൂ. കഴിഞ്ഞ കാലത്ത് എന്ത് സംഭവിച്ചുവെന്നും ഇപ്പോഴെന്താണ് നടക്കുന്നതെന്നും എന്തിനാണ് ശ്രമിക്കുന്നതെന്നും പരിപാടികളെന്തൊക്കെയാണെന്നും ജനങ്ങള്‍ നല്ലതുപോലെ മനസ്സിലാക്കുന്നതിനും, ആ ധാരണയുടെ അടിസ്ഥാനത്തില്‍ പുനഃസംഘടനയുടെ യത്നത്തില്‍ ബോധപൂര്‍വം പങ്കെടുക്കുന്നതിനും ഗ്ലാസ്നോസ്ത് സഹായിക്കുമെന്ന് ഗോര്‍ബച്ചേഫ് കരുതി. ഒന്നിലധികം രാഷ്ട്രീയകക്ഷികളില്ലെങ്കില്‍ പൊതുവേദികളിലും പത്രപംക്തികളിലൂടെയും ഈ വിവാദമാകാം. ഗ്ലാസ്നോസ്തിന്റെ ഏറ്റവും പ്രാധാന്യമുള്ളതും ജനകീയവുമായ വേദി മാധ്യമങ്ങളാണ്.

ഗ്ലാസ്നോസ്ത് പ്രഖ്യാപിക്കപ്പെട്ടശേഷമുള്ള സംവാദത്തിലൂടെ സോവിയറ്റ് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സമഗ്രാധിപത്യം, ഘടന, ഇവ രണ്ടിന്റെയും ഫലമായുണ്ടാകുന്ന സ്വേച്ഛാധിപത്യവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും, വന്‍ശക്തിപ്രവണത, സാംസ്കാരികരംഗത്തെ അടിച്ചമര്‍ത്തല്‍, മതത്തോട് സമചിത്തതയോടുകൂടിയുള്ള സമീപനമില്ലായ്മ എന്നിവ വിമര്‍ശന വിധേയമായി. ജനാധിപത്യാവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള സോഷ്യലിസം അപ്രസക്തമാണെന്ന പൊതുധാരണ രൂപപ്പെട്ടുവന്നു.

ഗ്ലാസ്നോസ്ത് തുടക്കംകുറിച്ച ജനാധിപത്യവത്കരണപ്രക്രിയ പ്രസിദ്ധീകരണങ്ങളെയും മറ്റു ബഹുജനമാധ്യമങ്ങളെയും വര്‍ധിച്ച അളവില്‍ സ്വാധീനിച്ചു. ദിനപത്രങ്ങളും മാസികകളും റേഡിയോയും ടെലിവിഷനുമെല്ലാം പുതിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും തെറ്റുകള്‍ വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു. പാര്‍ട്ടിയുടെയോ ഭരണകൂടത്തിന്റെയോ ഉടമസ്ഥതയിലായിരുന്ന പ്രാവ്ദ, ഇസ്വെസ്റ്റിയ തുടങ്ങിയ പത്രങ്ങള്‍ക്ക് പാര്‍ട്ടിനേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ പ്രതിഫലിപ്പിക്കുന്നതോടൊപ്പം അവയ്ക്കെതിരായ അഭിപ്രായങ്ങളും പ്രകടിപ്പിച്ചുതുടങ്ങി. പാര്‍ലമെന്റ്, മുന്‍പത്തേതില്‍ നിന്നു വ്യത്യസ്തമായി സജീവചര്‍ച്ച നടക്കുന്ന വേദിയായി മാറി. ഇത് സോവിയറ്റ് ടെലിവിഷന്‍ അന്നന്ന് രാജ്യംമുഴുവന്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.

ഗ്ലാസ്നോസ്തിനെത്തുടര്‍ന്ന് സോവിയറ്റ് യൂണിയനിലെ തൊഴിലാളികള്‍ പണിമുടക്കാനുള്ള സ്വാതന്ത്യ്രം ഉപയോഗിച്ചുതുടങ്ങി. ഡോണ്‍ബാസിലെ തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് കല്‍ക്കരി വ്യവസായത്തെയാകെ സ്തംഭിപ്പിച്ചിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ക്കു പുറമേ, രാഷ്ട്രീയാവശ്യങ്ങള്‍ക്കും പ്രതിഷേധ സൂചകമായും പണിമുടക്കുനടന്നു.

ഗ്ലാസ്നോസ്തിന്റെ ഫലമായി റഷ്യന്‍ ജനതയ്ക്കു ലഭിച്ച പുതിയ സ്വാതന്ത്യ്രം എഴുത്തുകാര്‍ക്കിടയിലും പ്രകടമായി. സോവിയറ്റ് ജനതയുടെ മതവിശ്വാസത്തിനും ഉണര്‍വുണ്ടായി. 1989 ജൂണില്‍ ക്രംലിനിലെ ബോള്‍ഷെവിക് തിയെറ്ററില്‍ റഷ്യയിലെ ക്രൈസ്തവസഭയുടെ ആയിരാമതു വാര്‍ഷികം ആഘോഷിച്ചതും ഗോര്‍ബച്ചേഫ് റോമില്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചതും ഇതിനുപോത്ബലകമായ കാര്യങ്ങളാണ്.

സോവിയറ്റ് യൂണിയനില്‍ ഒരു കാലത്ത് കമ്യൂണിസ്റ്റുപാര്‍ട്ടി നേരിട്ടു ഭരണം നടത്തുകതന്നെയായിരുന്നു. എന്നാല്‍ ഗോര്‍ബച്ചേഫിന്റെ പരിഷ്കാരത്തിലൂടെ പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും അധികാരങ്ങളും ചുമതലകളും വേര്‍തിരിക്കപ്പെട്ടു. ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത് പാര്‍ട്ടിയെയല്ല ഭരണകൂടത്തെയാണ് എന്ന വിശ്വാസം വന്നു. ഭരണപരമായ അധികാരങ്ങളും ചുമതലകളും ഭരണകൂടത്തിനുമാത്രമാണുള്ളതെന്ന നിലവന്നു.

ഇങ്ങനെ ഏറെ പ്രതീക്ഷയോടെ രംഗത്തുവന്ന ഗ്ലാസ്നോസ്ത് ഒടുവില്‍ സോവിയറ്റ് യൂണിയന്റെ തന്നെ തകര്‍ച്ചയിലാണ് കലാശിച്ചത്. പണിമുടക്കുകളും അസ്വാസ്ഥ്യങ്ങളും സാമ്പത്തികത്തകര്‍ച്ചയിലേക്കും അരാജകത്വത്തിലേക്കും നയിച്ചു. കിട്ടിയ അവസരം മുതലാക്കി ഫാക്ടറികള്‍ ഉള്‍പ്പെടെയുള്ള പൊതുമുതലുകള്‍ സ്വന്തമാക്കാന്‍ പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും തലപ്പത്തുള്ളവര്‍ തന്നെ മുതിര്‍ന്ന നേതാക്കളുടെ അധികാരമോഹവും മുന്‍പേ നിലനില്‍ക്കുന്ന വംശീയതയും ഒത്തുചേര്‍ന്നപ്പോള്‍ സോവിയറ്റ് റിപ്പബ്ളിക്കുകള്‍ ഓരോന്നായി സ്വാതന്ത്യ്രം പ്രഖ്യാപിക്കുന്ന അവസ്ഥ വന്നുചേര്‍ന്നു. റഷ്യന്‍ ഒളിഗാര്‍ക്കിയും സോവിയറ്റ് യൂണിയന്റെ ധാതുസമ്പത്തില്‍ കണ്ണുനട്ടിരുന്ന പാശ്ചാത്യ ശക്തികളും (പ്രത്യേകിച്ച് യു.എസ്.എ.) ഈ തകര്‍ച്ചയ്ക്ക് എല്ലാ പ്രോത്സാഹനവും പിന്തുണയും നല്‍കി. ഗോര്‍ബച്ചേഫിനെ പുറന്തള്ളി അധികാരം പിടിച്ചെടുത്തു. യെല്‍റ്റ്സിന്‍ അവരുടെ കൈയിലെ പാവയായി മാറി. അങ്ങനെ, മഹത്തായ ലക്ഷ്യവുമായി ആരംഭിച്ച ഗ്ലാസ്നോസ്ത് പരാജയമടഞ്ഞു.

ഗ്ലാസ്നോസ്ത് തന്നെ ഒരു പാശ്ചാത്യ ഗൂഢാലോചനയായിരുന്നു എന്നു വാദിക്കുന്നവരും, അതല്ല, ജനാധിപത്യത്തിനു പാകമാകാതിരുന്ന ഒരു സമൂഹത്തിലേക്ക് അത് കടന്നുവരുന്നത് അമിതവേഗത്തില്‍, കൊടുങ്കാറ്റുപോലെ, ആയതാണ് തകര്‍ച്ചയ്ക്കു കാരണം എന്നു വാദിക്കുന്നവരും തമ്മിലുള്ള തര്‍ക്കമാണ് ഇന്ന് നടക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍