This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലാസ്ഗോ സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലാസ്ഗോ സര്‍വകലാശാല

സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ഉന്നത വിദ്യാഭ്യാസകേന്ദ്രം. 1451-ല്‍ പോപ്പ് നിക്കോളാസ് V-ന്റെ കല്പനപ്രകാരം ഈ സര്‍വകലാശാല നിലവില്‍ വന്നു. 1500-ാമാണ്ടു മുതല്‍ ഗ്ലാസ്ഗോ നഗരത്തിന്റെ സാംസ്കാരിക കേന്ദ്രമായി പരിലസിച്ചു വരുന്ന ഈ സര്‍വകലാശാല ഇന്നും ആ പാരമ്പര്യം പുലര്‍ത്തിപ്പോരുന്നു. മാനവിക വിഷയങ്ങള്‍ക്കും ശാസ്ത്രവിഷയങ്ങള്‍ക്കും ഉള്ള ഫാക്കല്‍റ്റികള്‍ക്കു പുറമേ ദൈവശാസ്ത്രം, നിയമം, വൈദ്യശാസ്ത്രം, മൃഗചികിത്സാ ശാസ്ത്രം, എന്‍ജിനീയറിങ് എന്നീ ഫാക്കല്‍റ്റികളും സര്‍വകലാശാലയില്‍ ഉണ്ട്. സര്‍വകലാശാലാ ലൈബ്രറിയില്‍ 9 ലക്ഷത്തോളം ഗ്രന്ഥങ്ങള്‍ ഉണ്ട്. 8000-ല്‍ അധികം വിദ്യാര്‍ഥികള്‍ ഇവിടെ അധ്യയനം നടത്തിവരുന്നു.

ബൊളോണ സര്‍വകലാശാലയ്ക്ക് (University of Bologna) ഉണ്ടായിരുന്നതുപോലുള്ള എല്ലാ അധികാരങ്ങളും അവകാശങ്ങളും തുടക്കത്തില്‍ ഈ സര്‍വകലാശാലയ്ക്കും ഉണ്ടായിരുന്നു. ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ സര്‍വകലാശാലയുടെ റെക്ടറെ മൂന്നു വര്‍ഷത്തിലൊരിക്കല്‍ വിദ്യാര്‍ഥികളാണ് തെരഞ്ഞെടുക്കുന്നത്. വിദ്യാര്‍ഥികളുടെ ജന്മസ്ഥലത്തെ അടിസ്ഥാനമാക്കി നാല് രാജ്യങ്ങളായിട്ടാണ് വോട്ടെടുപ്പ് നടത്താറുള്ളത്.

ആരംഭത്തില്‍ സര്‍വകലാശാലയുടെ സാമ്പത്തികനില വളരെ മോശമായിരുന്നു. 1460-ല്‍ ഹാമില്‍ട്ടണ്‍ പ്രഭു കുറേ ഭൂമി സര്‍വകലാശാലയ്ക്ക് ഗ്രാന്റായി നല്കി; 1563-ല്‍ സ്കോട്ട്ലന്‍ഡിലെ രാജ്ഞി മേരിയും സര്‍വകലാശാലയ്ക്ക് ഭൂമി നല്കുകയുണ്ടായി. നവോത്ഥാനത്തെത്തുടര്‍ന്ന് 1577-ല്‍ ഭരണഘടനയില്‍ മാറ്റം വരികയും ആന്‍ഡ്രൂ മെല്‍വിലി (Andrew Melville) ഭരണാധികാരം ഏറ്റെടുക്കുകയും ചെയ്തയോടെ സര്‍വകലാശാലയ്ക്ക് ഊര്‍ജസ്വലത കൈവന്നു. 1858, 89, 1966 എന്നീ വര്‍ഷങ്ങളിലെ സ്കോട്ടിഷ് യൂണിവേഴ്സിറ്റി ആക്റ്റുകള്‍ സര്‍വകലാശാലയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും സാരമായ മാറ്റങ്ങള്‍ ഉളവാക്കി. 1870-ല്‍ സര്‍വകലാശാല ഗ്ലാസ്ഗോ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു എസ്റ്റേറ്റിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി.

18-ാം ശ.-ത്തില്‍ സര്‍വകലാശാല അതിന്റെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയിരുന്നു. ഇക്കാലത്ത് ലോകപ്രശസ്തരായ പല പ്രമുഖ വ്യക്തികളും ഇവിടെ അധ്യാപകരായി സേവനം അനുഷ്ഠിച്ചിരുന്നു. ഇവരില്‍ പ്രമുഖരായിരുന്നു മോറല്‍ ഫിലോസഫിയുടെ പ്രൊഫസര്‍മാരായ ഫ്രാന്‍സിസ് ഹച്ചിസണ്‍ (Francis Hitcheson), ആഡം സ്മിത്ത് (Adam Smith), തോമസ് റീഡ് (Thomas Reid), രസതന്ത്രത്തിന്റെ പ്രൊഫസര്‍ ആയ ജോസഫ് ബ്ലാക്ക് (Joseph Black); ഊര്‍ജതന്ത്രവിഭാഗത്തിലെ ജെയിംസ് വാട്ട് (James Watt) എന്നിവര്‍. ഈ സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് ജെയിംസ് വാട്ട് തന്റെ ആവിയന്ത്രത്തിനു രൂപകല്പന നല്കിയത്. 19-ാം ശതകത്തില്‍ സര്‍വകലാശാലയുടെ ശാസ്ത്രം, വൈദ്യശാസ്ത്രം, എന്‍ജിനീയറിങ് എന്നീ ഫാക്കല്‍റ്റികള്‍ പ്രശസ്തിയാര്‍ജിച്ചു. പ്രശസ്ത അധ്യാപകരായ ജോസഫ് ലിസ്റ്റര്‍ (Joseph Lister), ലോഡ് കെല്‍വിന്‍ (സര്‍ വില്യം തോമസ്) എന്നിവര്‍ ഇക്കാലത്ത് ഈ സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

1883-ല്‍ ക്വീന്‍ മാര്‍ഗരറ്റ് കോളജ് സ്ഥാപിതമായതോടെ ഉന്നത വിദ്യാഭ്യാസത്തിനു സ്ത്രീകള്‍ക്ക് പൂര്‍ണമായ അവസരം കൈവന്നു. 1889-ലെ സ്കോട്ടിഷ് യൂണിവേഴ്സിറ്റി ആക്റ്റിനെത്തുടര്‍ന്ന് ക്വീന്‍ മാര്‍ഗരറ്റ് കോളജ് ഈ സര്‍വകലാശാലയോടു കൂട്ടിച്ചേര്‍ത്തതോടെ വനിതകള്‍ക്ക് സര്‍വകലാശാലയുടെ എല്ലാ ഫാക്കല്‍റ്റികളിലും പ്രവേശനം നല്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍