This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലാന്‍ഡേഴ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലാന്‍ഡേഴ്സ്

Glanders

ബാക്റ്റീരിയ പരത്തുന്ന ഗുരുതരമായ സാംക്രമികരോഗം. ഫാര്‍സി (Farcy) എന്ന പേരിലും ഇത് അറിപ്പെടുന്നു. കുതിര, കഴുത, കോവര്‍കഴുത തുടങ്ങിയ ഒറ്റക്കുളമ്പുള്ള മൃഗങ്ങളിലാണ് അധികവും കാണപ്പെടുന്നത്. കൂടാതെ ചുണ്ടെലി, മുയല്‍, കോലാട്, ചെമ്മരിയാട് തുടങ്ങിയ ജന്തുക്കളിലും ഗ്ലാന്‍ഡേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗസംക്രമണം പ്രധാനമായും കുതിരകളിലൂടെയാണു നടക്കുന്നത്. രോഗം ബാധിച്ച മൃഗങ്ങളില്‍നിന്നും മനുഷ്യനിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലാണ് രോഗം കൂടുതലായുള്ളത്.

മാലിയോമൈസിസ് മാലിയൈ (Malleomyces mallei) അഥവാ പൈഫറില്ല മാലിയൈ (Pfeifferella mallei) എന്ന രോഗാണുവാണ് ഈ രോഗത്തിനു കാരണം. അചലമായ ഈ ബാക്റ്റീരിയ ഗ്രാം നെഗറ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. രോഗമുള്ള ജന്തുക്കളുടെ വ്രണത്തില്‍ നിന്നു സ്രവിക്കുന്ന പദാര്‍ഥങ്ങളിലൂടെ രോഗാണു നിവേശനം നടക്കുന്നു. ഇതുകൂടാതെ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും രോഗാണു ശരീരത്തില്‍ പ്രവേശിക്കാറുണ്ട്.

ഗ്ലാന്‍ഡേഴ്സ് പ്രധാനമായി രണ്ടു രൂപത്തിലുണ്ട്. തീവ്രവും (acute), ദീര്‍ഘസ്ഥായിയും (chronic). ഇതില്‍ ദീര്‍ഘസ്ഥായി ഗ്ലാന്‍ഡേഴ്സാണ് വ്യാപകമായി കാണപ്പെടുന്നത്. തീവ്ര ഇനത്തിലുള്ള ഗ്ലാന്‍ഡേഴ്സ് ബാധിച്ചാല്‍ ജന്തു പെട്ടെന്ന് ചത്തുപോകും. രണ്ടുതരം ഗ്ലാന്‍ഡേഴ്സിനും രോഗലക്ഷണങ്ങള്‍ ഏറെക്കുറെ സമാനമാണ്. ചര്‍മത്തിലും നാസാദ്വാരത്തിലും ലസികാവ്യൂഹത്തിലും പര്‍വകങ്ങളുണ്ടായി ക്രമേണ വ്രണമായി മാറുന്നു. കൂടാതെ ശ്വാസകോശം രോഗഗ്രസ്തമായിത്തീരുകയും ചെയ്യുന്നു. ഗ്ലാന്‍ഡേഴ്സ് ദീര്‍ഘസ്ഥായിയാകുമ്പോള്‍ പ്രാരംഭദശയില്‍ പ്രത്യേകിച്ച് ബാഹ്യലക്ഷണങ്ങള്‍ ഒന്നുംതന്നെ കാണുന്നില്ല. കൂടാതെ ബാക്റ്റീരിയയുടെ ഉദ്ഭവനകാലം വളരെ നീണ്ടതുമാണ്. തന്മൂലം രോഗം എളുപ്പത്തില്‍ നിരീക്ഷണവിധേയമാകില്ല. ചുമ, നാസികയില്‍ രക്തസ്രാവം, ശ്വാസതടസം തുടങ്ങിയ ശ്വാസസംബന്ധിയായ തകരാറുകളും പനിയും ചര്‍മത്തില്‍ വ്രണവും ക്രമേണ ഉണ്ടാകുന്നു. ഇതിനാല്‍ രോഗം പിടിപെട്ട് വളരെ നാളുകള്‍ കഴിഞ്ഞാലും ജന്തുക്കള്‍ രോഗികളാണെന്ന് തോന്നുകയില്ല.

മൃഗങ്ങളില്‍ ഈ രോഗത്തിന് സ്ഥായിയായ ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗാണുസാന്നിധ്യം നിര്‍ണയിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ജന്തുക്കളെ മാലീന്‍ (Mallein) ടെസ്റ്റിന് വിധേയമാക്കുകയാണ്. 1891-ലാണ് ഗ്ലാന്‍ഡേഴ്സിനു കാരണമായ ബാക്റ്റീരിയയില്‍ നിന്ന് മാലീന്‍ എന്ന ജൈവപദാര്‍ഥം വികസിപ്പിച്ചെടുത്തത്. ചര്‍മത്തിലോ, കണ്‍പോളയിലോ മാലീന്‍ കുത്തിവച്ചാണ് രോഗമുള്ള ജന്തുക്കളെ തിരിച്ചറിയുന്നത്. ഈ ജന്തുക്കളെ നശിപ്പിച്ചുകൊണ്ടാണ് രോഗം നിയന്ത്രിക്കുന്നത്. ഗ്ലാന്‍ഡേഴ്സിനെതിരെ പ്രതിരോധ വാക്സിന്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ചില ഔഷധങ്ങളും അണുനാശിനികളും വ്യാപകമായി ഉപയോഗിക്കുന്നുവെങ്കിലും രോഗാണുക്കളെ തീര്‍ത്തും ഇല്ലാതാക്കാന്‍ ഇവ പര്യാപ്തമല്ല.

രോഗം ബാധിച്ച ജന്തുക്കളോട് ഇടപഴകുമ്പോഴാണ് സാധാരണയായി മനുഷ്യന് ഗ്ലാന്‍ഡേഴ്സ് പിടിപെടാറുള്ളത്. ഇതുകൂടാതെ രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയും പകരുന്നു. കുളിരോടുകൂടിയ പനി, ഛര്‍ദി, തലവേദന, വിശപ്പില്ലായ്മ എന്നീ പ്രാരംഭലക്ഷണങ്ങള്‍ അണുബാധയുണ്ടായി ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ഉണ്ടാകുന്നു. തുടര്‍ന്ന് ശരീരത്തില്‍ മുഴുവനും വ്രണങ്ങള്‍ പ്രത്യക്ഷപ്പെടും. രോഗം സ്ഥായിയാകുമ്പോള്‍ ചിലപ്പോള്‍ മഞ്ഞപ്പിത്തം, അസ്ഥികള്‍ക്ക് നാശം എന്നിവയും ഉണ്ടാകാം. രോഗം കണ്ടുപിടിക്കുവാന്‍ സീറം പരിശോധനകള്‍ ഉതകുന്നു. രോഗനിവാരണത്തിന് ഫലപ്രദമായ ചികിത്സ നിലവിലുണ്ടെങ്കിലും ജന്തുക്കളില്‍ നിന്ന് എപ്പോഴും രോഗാണു സംക്രമണം ഉണ്ടായിക്കൊണ്ടിരിക്കുമെന്നതിനാല്‍ തുടര്‍ന്നും രോഗം പിടിപെടാനുള്ള സാധ്യതകളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍